
ബാങ്കിങ്-കോര്‍പറേറ്റ് തട്ടിപ്പ് കേസില്‍ അനില്‍ അംബാനി ഗ്രൂപ്പിന് സുപ്രീം കോടതിയുടെ പുതിയ നോട്ടീസ്. അനില്‍ അംബാനിയും അനില്‍ ധീരുഭായ് അംബാനി ഗ്രൂപ്പും (എഡിഎജി) ഉള്‍പ്പെട്ട ബാങ്കിങ് തട്ടിപ്പ് കേസ് സംബന്ധിച്ച അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ നടത്തണമെന്ന് കാട്ടി സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജിയിലാണ് പരമോന്നത കോടതി പുതിയ നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടത്.
ആരോപണവിധേയമായ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണങ്ങളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് 10 ദിവസത്തിനുള്ളില്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാന്‍ സിബിഐക്കും ഇഡിക്കും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ബെഞ്ച് ആവശ്യപ്പെട്ടു. മുന്‍ കേന്ദ്ര സെക്രട്ടറി ഇ എ എസ് ശര്‍മ്മ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബഗ്ചി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് പരിഗണിച്ചത്.
വന്‍ ബാങ്കിങ് തട്ടിപ്പില്‍ ബാങ്കുകളും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായി ഹര്‍ജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. ഇത്തരം തട്ടിപ്പുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ വിമുഖത കാട്ടുകയാണ്. തട്ടിപ്പുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ടിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിബിഐക്കും ഇഡിക്കും കര്‍ശന നിര്‍ദേശം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് എഡിഎജിയുടെ ഒന്നിലധികം സ്ഥാപനങ്ങൾക്കിടയിൽ പൊതു ഫണ്ട് വ്യവസ്ഥാപിതമായി വഴിതിരിച്ചുവിട്ടു, സാമ്പത്തിക പ്രസ്താവനകളുടെ കൃത്രിമത്വം, സ്ഥാപനപരമായ പങ്കാളിത്തം എന്നിവ ആരോപിച്ചാണ് പൊതുതാല്പര്യ ഹർജി സമർപ്പിച്ചത്. 10 ദിവസങ്ങള്‍ക്ക്ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.