
2022ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് ശേഷം അധികാരം നിലനിർത്താൻ അട്ടിമറി ഗൂഢാലോചന നടത്തിയെന്ന കേസിൽ വിചാരണ നേരിടുന്ന മുൻ ബ്രസീലിയൻ പ്രസിഡന്റ് ജെയർ ബോൾസോനാരോയെ വീട്ടുതടങ്കലിൽ പാർപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. തൻ്റെ നിയമസഭാംഗങ്ങളായ മക്കളുടെ സോഷ്യൽ മീഡിയ ചാനലുകളിലൂടെ മുൻകരുതൽ നടപടികൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി വിധി. നേരത്തെ ബോൾസോനാരോയ്ക്ക് കർഫ്യൂ ഏർപ്പെടുത്തുകയും ഇലക്ട്രോണിക് ആങ്കിൾ മോണിറ്റർ ധരിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. നിലവിലെ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയെയും സുപ്രീം കോടതി ജഡ്ജി അലക്സാണ്ടർ ഡി മൊറേസിനെയും വധിക്കാൻ പദ്ധതിയിട്ട ഒരു ക്രിമിനൽ സംഘടനയെ ബോൾസോനാരോ നയിച്ചതായി പ്രോസിക്യൂട്ടർമാർ ആരോപിച്ചു.
ഈ വിഷയത്തിൽ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇടപെട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. ബോൾസോനാരോക്കെതിരായ നടപടികളെ ട്രംപ് ‘മന്ത്രവാദ വേട്ട’ എന്ന് വിശേഷിപ്പിച്ചു. കൂടാതെ, ഇറക്കുമതി ചെയ്യുന്ന ബ്രസീലിയൻ ഉൽപ്പന്നങ്ങൾക്ക് 50% തീരുവ ചുമത്തുകയും ചെയ്തു.
2023 ജനുവരി 8ന് തലസ്ഥാനമായ ബ്രസീലിയയിലെ സർക്കാർ കെട്ടിടങ്ങൾ തകർത്തതിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിചാരണ നേരിടുന്ന ബോൾസോനാരോയ്ക്കും നൂറുകണക്കിന് അനുയായികൾക്കും മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച പതിനായിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങിയിരുന്നു. പുതിയ ഉത്തരവോടെ ബോൾസോനാരോയെ നിരീക്ഷണത്തിലാക്കും. കുടുംബാംഗങ്ങളെയും അഭിഭാഷകരെയും മാത്രമായിരിക്കും അദ്ദേഹത്തെ സന്ദർശിക്കാൻ അനുവദിക്കുക. വീട്ടിൽ നിന്ന് എല്ലാ മൊബൈൽ ഫോണുകളും പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.