
ജാമ്യം ലഭിച്ച പ്രതിയെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ വൈകിയ സംഭവത്തില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി.മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരമുള്ള കേസിലെ പ്രതിക്ക് ഏപ്രില്‍ 29 ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഉത്തരവിറങ്ങിയിട്ടും ദിവസങ്ങള്‍ പിന്നിട്ട ശേഷം കഴിഞ്ഞ ദിവസമായിരുന്നു ഇയാള്‍ക്ക് ജയില്‍ മോചനം സാധ്യമായത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ കെ വി വിശ്വനാഥന്‍, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.
ഗാസിയാബാദ് ജില്ലാ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട പ്രതിക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണം എന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ‘സ്വാതന്ത്ര്യം ഭരണഘടന പ്രകാരം ഉറപ്പുനല്‍കുന്ന വളരെ വിലപ്പെട്ട അവകാശമാണ്,ചൂണ്ടിക്കാട്ടിയാണ് രണ്ടംഗ ബെഞ്ചിന്റെ നടപടി. ഉത്തര്‍പ്രദേശിലെ ജയില്‍ അധികൃതരും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങി. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമ സംവിധാനങ്ങളെ കുറിച്ച് ബോധവത്കരണം നല്‍കണം എന്നായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം.
വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിയില്‍ ഹാജരായ ഉത്തര്‍പ്രദേശ് ജയില്‍ ഡയറക്ടര്‍ ജനറലിനോട് ആയിരുന്നു സുപ്രീം കോടതി ഇക്കാര്യം അറിയിച്ചത്. വിഷയത്തില്‍ ഗാസിയാബാദ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.കോടതി ഉത്തരവ് ഉണ്ടായിട്ടും പ്രതിയുടെ ജയില്‍ മോചനം വൈകിയതിന് കാരണം എന്തെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. 2021 ലെ ഉത്തര്‍പ്രദേശ് നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമത്തിലെ ഒരു ഉപവകുപ്പ് ജാമ്യ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല എന്ന് ചൂണ്ടിക്കാട്ടാതിരുന്നതാണ് മോചനം വൈകിപ്പിച്ചത് എന്നായിരുന്നു സര്‍ക്കാര്‍ വിശദീകരണം. ഇത് അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി നിലപാട് എടുക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.