19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

September 29, 2024
May 17, 2024
April 24, 2024
April 17, 2024
April 15, 2024
April 2, 2024
April 2, 2024
March 21, 2024
March 21, 2024
March 19, 2024

എസ്ബിഐക്ക് സുപ്രീം കോടതിയുടെ അന്ത്യശാസനം; വിവരങ്ങള്‍ ഇന്ന് സമര്‍പ്പിക്കണം

Janayugom Webdesk
ന്യൂഡല്‍ഹി
March 12, 2024 9:44 am

ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കും കേന്ദ്ര സര്‍ക്കാരിനും തിരിച്ചടി. ബോണ്ട് വിവരങ്ങള്‍ കൈമാറാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന എസ്ബിഐ അപേക്ഷ നിരസിച്ച സുപ്രീം കോടതി ഇന്ന് വൈകുന്നേരത്തിനകം വിവരങ്ങള്‍ കോടതിക്ക് സമര്‍പ്പിക്കാന്‍ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് കഴിയുംവരെ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ മറച്ചുപിടിക്കാന്‍ എസ്ബിഐ നടത്തിയ നീക്കത്തെ ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്.

ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, ജെ ബി പര്‍ഡിവാല, മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. 2019 ഏപ്രില്‍ മുതലുള്ള ബോണ്ട് വില്പനയുടെ വിശദാംശങ്ങള്‍ മാര്‍ച്ച് ആറിന് തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറാന്‍ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ബാങ്ക് കൈമാറുന്ന വിവരങ്ങള്‍ കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിവരങ്ങള്‍ കൈമാറാന്‍ ജൂണ്‍ 30 വരെ സമയം നല്‍കണമെന്നാവശ്യപ്പെട്ട് എസ്ബിഐ കഴിഞ്ഞദിവസം അപേക്ഷ നല്‍കി.

ബാങ്ക് നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരും കോടതിയിലെത്തിയിരുന്നു. വിവരങ്ങള്‍ ഏകീകരിക്കാനും ക്രോഡീകരിക്കാനും കൂടുതല്‍ സമയം അനുവദിക്കണമെന്നാണ് ബാങ്കിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആവശ്യപ്പെട്ടത്. ബോണ്ട് വിവരങ്ങള്‍ പരസ്പരം ബന്ധിപ്പിക്കാനല്ല മറിച്ച് ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാനാണ് കോടതി ഉത്തരവിട്ടതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. കെവൈസി പ്രകാരം എല്ലാ വിവരങ്ങളും ബാങ്കിന്റെ പക്കലുണ്ട്. അത് കൈമാറാനാണ് നിര്‍ദേശിച്ചതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. രാജ്യത്തെ ഒന്നാം നമ്പര്‍ ബാങ്കാണ് എസ്ബിഐ. ആ രീതിയില്‍ വിഷയം കൈകാര്യം ചെയ്യണം.

ബാങ്കിന്റെ ഭാഗത്തുനിന്നും ആത്മാര്‍ത്ഥതയാണ് പ്രതീക്ഷിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ബാങ്കിന്റെ കൈവശം അക്കൗണ്ടുകളുടെ കെവൈസി (ഉപഭോക്താവിനെ തിരിച്ചറിയല്‍) വിവരങ്ങള്‍ ലഭ്യമാണ്. സീല്‍ ചെയ്ത കവറുകള്‍ പൊട്ടിക്കുക, പേരുകള്‍ ഒത്തു നോക്കുക, വിവരം കൈമാറുക ഇത്രയും മാത്രമേ ആവശ്യമുള്ളുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ഇലക്ടറല്‍ ബോണ്ടുകള്‍ മാറ്റിയെടുക്കാന്‍ സ്‌റ്റേറ്റ് ബാങ്കിന്റെ 29 ശാഖകളിലെ കറണ്ട് അക്കൗണ്ടിലൂടെ മാത്രമേ സാധിക്കൂ. എത്ര തുക ബോണ്ടിലൂടെ ലഭിച്ചെന്നത് രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ചിട്ടുണ്ട്.

ബോണ്ടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ബാങ്കിന് നിലവില്‍ ലഭ്യമാണെന്നും അപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവില്‍ ബെഞ്ച് വ്യക്തമാക്കി. ഇന്ന് ഇടപാട് സമയം തീരും മുമ്പ് വിവരങ്ങള്‍ ബാങ്ക് കൈമാറണം. ആ വിവരങ്ങള്‍ 15ന് വൈകുന്നേരം അഞ്ചിനു മുമ്പ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. വിവരങ്ങള്‍ കൈമാറുന്നതില്‍ ബാങ്ക് വീഴ്ച വരുത്തിയാല്‍ കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.

Eng­lish Sum­ma­ry: Supreme Court rejects SBI plea for more time, says sub­mit bond details today
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.