
ശരിഅത്ത് കോടതികള്‍ക്ക് നിയമപരമായ അംഗീകാരമില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ സുധാംശു ധുലിയ, എ അമാനുള്ള എന്നിവരുള്‍പ്പെട്ട ബഞ്ചിന്റേതാണ് ഉത്തരവ്. കാസി, കാജിയത് (ദാരുള്‍ കാജ), ശരിഅത്ത് തുടങ്ങി ഏതു പേരിലുമുള്ള കോടതികള്‍ക്കും നിയമപരമായ അംഗീകാരമില്ല. അതിനാല്‍ ഈ കോടതികള്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളോ ഫത്വകളോ പാലിക്കാന്‍ ആര്‍ക്കും ബാധ്യതയില്ല. നിര്‍ബന്ധിതമായി ഇത്തരം കോടതികളുടെ ഉത്തരവുകള്‍ നടപ്പിലാക്കാന്‍ കഴിയില്ല, 2014 ലെ വിശ്വ ലോചന്‍ മദന്‍ കേസിലെ വിധി ഉദ്ധരിച്ച് സുപ്രീം കോടതി വ്യക്തമാക്കി. ഇത്തരം കോടതികളുടെ വിധികള്‍ക്ക് നിയമപരമായ യാതൊരു അംഗീകാരവും ഇല്ലെന്നും സുപ്രീം കോടതി വിധിയില്‍ പറയുന്നു.
കുടുംബ കോടതി ഉത്തരവു ശരിവച്ച അലഹാബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലിലാണ് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. കാസി കോടതിയില്‍ ഹര്‍ജിക്കാരന്‍ ഷാജഹാന്റെ എതിര്‍ കക്ഷി സമര്‍പ്പിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് കുടുംബ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ഹൈക്കോടതി ശരിവച്ചതിന് എതിരെയുള്ള അപ്പീല്‍ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. മുസ്ലിം മതാചാര പ്രകാരം വിവാഹിതരായ ഹര്‍ജിക്കാരനും ഭാര്യയും തമ്മിലുള്ള വിവാഹ മോചനവുമായി ബന്ധപ്പെട്ട വിഷയമാണ് സുപ്രീം കോടതിയിലെ ഹര്‍ജിക്ക് ആധാരം. 2005 ലാണ് ഇരുവരും രണ്ടാം വിവാഹം ചെയ്തത്. വിവാഹ മോചനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഭോപ്പാലിലെ കാസി കോടതിയും കാജിയത്ത് കോടതിയും പരിഗണിച്ചിരുന്നു. ഈ കോടതികളുടെ നിലപാടിന്റെയും ഉത്തരവുകളുടെയും അടിസ്ഥാനത്തില്‍ വിവാഹ മോചനം നടന്നു. വിവാഹ മോചനം ലഭിച്ച എതിര്‍ കക്ഷിക്ക് ജീവനാംശത്തിന് അര്‍ഹതയില്ലെന്ന് കോടതി ഉത്തരവുകള്‍ തള്ളിയ സുപ്രീം കോടതി കുടുംബ കോടതിയില്‍ ജീവനാംശം തേടി വിവാഹ മോചിതയായ എതിര്‍ കക്ഷി ഹര്‍ജി സമര്‍പ്പിച്ച അന്നു മുതല്‍ 4000 രൂപ പ്രതിമാസം ജീവനാംശം നല്‍കാനും ഉത്തരവായി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.