5 January 2025, Sunday
KSFE Galaxy Chits Banner 2

Related news

January 4, 2025
December 28, 2024
December 21, 2024
December 20, 2024
December 19, 2024
December 18, 2024
December 16, 2024
December 15, 2024
December 11, 2024
December 9, 2024

മതേതരത്വം സംരക്ഷിക്കാന്‍ സുപ്രീം കോടതി മുന്‍കയ്യെടുക്കണം

Janayugom Webdesk
December 2, 2024 5:00 am

ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകൾ ഉൾപ്പെടുത്തിയത് നവംബർ 25ന് സുപ്രീം കോടതി ശരിവച്ചു. ഒരു കൂട്ടം ഹർജികൾ തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചതിങ്ങനെ: “1949ൽ മതേതരം എന്ന പദം കൃത്യതയില്ലാത്തതായി കണക്കാക്കപ്പെട്ടിരുന്നു, ചില പണ്ഡിതന്മാരും നിയമജ്ഞരും അത് മതത്തിന് എതിരാണെന്ന് വ്യാഖ്യാനിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യ മതേതരത്വത്തിന്റെ സ്വന്തം വ്യാഖ്യാനം വികസിപ്പിച്ചെടുത്തിട്ടുണ്ട്, അതിൽ ഭരണകൂടം ഒരു മതത്തെയും പിന്തുണയ്ക്കുന്നില്ല, ഏതെങ്കിലും വിശ്വാസത്തിന്റെ തൊഴിലിനെയും ആചാരത്തെയും എതിര്‍ക്കുന്നില്ല. ഭരണഘടനയുടെ അനുച്ഛേദം 14,15,16 എന്നിവയിൽ ഈ തത്വം വിശദീകരിച്ചിട്ടുണ്ട്.” അതേ ദിവസം തന്നെ, ഡൽഹിയിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെ, ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിൽ പ്രാദേശികനിവാസികളായ മുസ്ലിങ്ങളും പൊലീസും തമ്മിൽ അക്രമമുണ്ടായി. അതിൽ നാല് പേർ മരിച്ചു. 500 വർഷങ്ങൾക്ക് മുമ്പ് അവിടെ ഒരു ഹിന്ദു ക്ഷേത്രം ഉണ്ടായിരുന്നോ എന്ന് സ്ഥാപിക്കാൻ പള്ളി സമുച്ചയത്തില്‍ സർവേ നടത്താൻ പ്രാദേശികകോടതി ഉത്തരവിട്ടതിനെത്തുടർന്ന് മസ്ജിദ് തകർക്കപ്പെടുമെന്ന ഭയമാണ് സംഘർഷത്തിന് കാരണമായത്. ഈ രണ്ട് സംഭവങ്ങളും നടന്നത് ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തിന് ഒരു ദിവസം മാത്രം മുമ്പാണ് എന്നതാണ് വിരോധാഭാസം. ഒന്ന് ഭരണഘടനാ തത്വങ്ങളുടെ ജുഡീഷ്യൽ സ്ഥിരീകരണവും മറ്റൊന്ന് വർഗീയ വിദ്വേഷത്തിന്റെ അക്രമാസക്തമായ പ്രകടനവും. സമകാലിക ഇന്ത്യയുടെ സങ്കീർണമായ ചിത്രമാണിവിടെ തെളിയുന്നത്.

രാജ്യത്തെ ആരാധനാലയങ്ങളെച്ചൊല്ലിയുള്ള തർക്കങ്ങൾ ഒഴിവാക്കാന്‍ 1991ൽ ആരാധനാലയ സംരക്ഷണ നിയമം കൊണ്ടുവന്നു. രാമക്ഷേത്രത്തിനു വേണ്ടിയുള്ള സംഘ്പരിവാറിന്റെ കലാപാഹ്വാന യാത്ര നടക്കുന്ന വേളയിലായിരുന്നു അത്. 1947 ഓഗസ്റ്റ് 15ന് നിലവിലുണ്ടായിരുന്ന ആരാധനാലയങ്ങൾ അതേപടി നിലനിര്‍ത്തണമെന്ന് നിര്‍ദേശിച്ചുകൊണ്ടുള്ള നിയമം ഏതെങ്കിലും ആരാധനാലയം മറ്റൊരു മതവിഭാഗത്തിലേക്ക് പരിവർത്തനം ചെയ്യുന്നത് നിരോധിക്കുന്നു. നിയമം അവതരിപ്പിച്ചുകൊണ്ട് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി എസ് ബി ചവാൻ അതിന്റെ അടിസ്ഥാന ലക്ഷ്യം വ്യക്തമാക്കിയിരുന്നു: “പുതിയ തർക്കങ്ങളുണ്ടാക്കാനും ജനം മറന്നുപോയ പഴയ വിവാദങ്ങൾ ഉയർത്തിക്കൊണ്ടുവരാനുമല്ല, മറിച്ച് സാമൂഹിക ഐക്യം സംരക്ഷിക്കാനാണിത്.” നിയമം നിലവില്‍ വന്നതിന്റെ തൊട്ടടുത്തവര്‍ഷം ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടു. 2019ലെ സുപ്രധാനമായ അയോധ്യ വിധിയുണ്ടായപ്പോള്‍ ആരാധനാലയ സംരക്ഷണ നിയമത്തിന്റെ ഭരണഘടനാപരമായ പ്രാധാന്യം സുപ്രീം കോടതി ഓര്‍മ്മിപ്പിച്ചു. പക്ഷേ അയോധ്യാവിധിയില്‍ സുപ്രീം കോടതി, നിയമത്തോട് പൂര്‍ണമായും നീതിപുലര്‍ത്തിയോ എന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്നു. ‘വിധിക്ക് മുമ്പ് താന്‍ ദെെവത്തോട് പ്രാര്‍ത്ഥിച്ചു’ എന്ന കഴിഞ്ഞ മാസം വിരമിച്ച മുന്‍ ചീഫ് ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡിന്റെ വെളിപ്പെടുത്തല്‍ ഈ സംശയം ദൃഢീകരിക്കുന്നു. കഴിഞ്ഞ വർഷം ഗ്യാന്‍വാപി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസായിരിക്കെ ചന്ദ്രചൂഡ് നടത്തിയ വാക്കാലുള്ള നിരീക്ഷണങ്ങളും ഇതോട് ചേര്‍ത്തുവായിക്കണം. 1947 ഓഗസ്റ്റ് 15ലെ ആരാധനാലയത്തിന്റെ സ്വഭാവം മാറ്റാനോ പരിവർത്തനം ചെയ്യാനോ ഉദ്ദേശമില്ലാത്തിടത്തോളം കാലം അതിന്റെ നിലയെക്കുറിച്ചുള്ള അന്വേഷണങ്ങളെ 1991ലെ നിയമം തടയുന്നില്ലെന്നായിരുന്നു നിരീക്ഷണം. സുപ്രീം കോടതിയില്‍ നിന്നുണ്ടായ ഈ വ്യാഖ്യാനം കീഴ്‌ക്കോടതികളെ സ്വാധീനിച്ചതിന്റെ തെളിവാണ് സംഭാൽ പ്രാദേശിക കോടതിയുടെ വിധിയെന്ന് വിലയിരുത്താം.

ഒരു ആരാധനാലയത്തിന്റെ സ്വഭാവം മാറ്റാൻ കഴിയില്ലെങ്കിലും യഥാർത്ഥ ഘടന നിർണയിക്കാനുള്ള ശ്രമത്തെ 1991ലെ നിയമം വിലക്കില്ല എന്നാണ് സുപ്രീം കോടതി നിരീക്ഷണങ്ങളെ കീഴ്‌ക്കോടതികൾ വ്യാഖ്യാനിച്ചതെന്ന് വ്യക്തം. ഹർജി സമർപ്പിച്ച് മണിക്കൂറുകൾക്കുള്ളിൽ, ഒരു അഭിഭാഷക കമ്മിഷണറെ നിയമിക്കുകയും പള്ളിയില്‍ സർവേ നടത്താൻ നിർദേശിക്കുകയുമാണ് സംഭാല്‍ കോടതി ചെയ്തത്. നവംബർ 29നകം റിപ്പോർട്ട് സമർപ്പിക്കാനും സിവിൽ ജഡ്ജി ഉത്തരവിട്ടു. മതപരമായ ഒരു നിര്‍മ്മിതിയുടെ ‘യഥാർത്ഥ’ നില നിർണയിക്കാനുള്ള ഓരോ ശ്രമവും ചരിത്രപരമായ മുറിവുകൾ വീണ്ടും തുറക്കുന്നതിനും, സാമുദായിക പിരിമുറുക്കങ്ങൾ വര്‍ധിപ്പിക്കുന്നതിനും സാധ്യതയുണ്ട്. അക്കാദമികമോ നിയമപരമാേ ആയ അന്വേഷണങ്ങളെ സാമൂഹിക സംഘർഷത്തിന്റെ സ്രോതസുകളായി മാറ്റാനും കാരണമാകും. ആരാധനാലയ സംരക്ഷണ നിയമം വ്യക്തമായി പറയുന്നത് ‘ഒരു വ്യക്തിയും ഏതെങ്കിലും മതവിഭാഗത്തിന്റെയോ സമൂഹത്തിന്റെയോ ആരാധനാലയത്തെ മറ്റൊരു വിഭാഗത്തിന്റെ ആരാധനാലയമാക്കി മാറ്റാന്‍ ശ്രമിക്കരുത്’ എന്നാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള മതപരമായ അവകാശവാദങ്ങള്‍ അന്വേഷിക്കാൻ ഒരു ജുഡീഷ്യൽ സംവിധാനം ഒരുക്കുന്നതിലൂടെ, ചരിത്രപരമായ അവ്യക്തതകളെ സമകാലിക സംഘർഷ മേഖലകളാക്കി മാറ്റുന്നതിനുള്ള വേദിയാണ് കോടതി സൃഷ്ടിച്ചത്. അതാകട്ടെ സുപ്രീം കോടതി തുറന്നുവിട്ട കുടത്തിലെ ഭൂതമാണ് താനും. ചരിത്രപരമായ ദുര്‍വ്യാഖ്യാനങ്ങളെ ആയുധമാക്കുന്ന പ്രത്യയശാസ്ത്രപക്ഷത്തിനുള്ള ഉപകരണമായി ഇന്ത്യ മാറിയിരിക്കുന്നു. അതിനെ മതേതരത്വത്തിലേക്ക് തിരികെക്കൊണ്ടുപോകാന്‍, സോഷ്യലിസ്റ്റ്, മതേതരം എന്നീ വാക്കുകൾ ഭരണഘടനാപരമാണെന്ന് അംഗീകരിച്ച സുപ്രീം കോടതി തന്നെ മുന്‍കയ്യെടുക്കുമെന്ന് പ്രത്യാശിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.