3 January 2025, Friday
KSFE Galaxy Chits Banner 2

Related news

January 2, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
December 31, 2024
December 31, 2024
December 31, 2024
December 30, 2024

സംഭാല്‍ ജുമാ മസ്ജിദ് സര്‍വേ സുപ്രീം കോടതി തടഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
November 29, 2024 10:22 pm

ഉത്തര്‍പ്രദേശിലെ സംഭാല്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേയില്‍ തുടര്‍ നടപടികള്‍ തടഞ്ഞ് സുപ്രീം കോടതി. ഷാഹി ഈദ്ഗാഹ് കമ്മിറ്റിയുടെ അപ്പീല്‍ ഹൈക്കോടതി പരിഗണിച്ച് തീരുമാനമാകുന്നതു വരെ നടപടികള്‍ പാടില്ലെന്നാണ് ഉത്തരവ്. പള്ളിക്കമ്മിറ്റിയോട് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. അഡ്വക്കേറ്റ് കമ്മിഷണറുടെ സര്‍വേ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സൂക്ഷിക്കാനും സുപ്രീം കോടതി ഉത്തരവിട്ടു.

പള്ളി കമ്മിറ്റി നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് ഉത്തരവ്. സര്‍വേ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഒരു ഫയലും തല്‍ക്കാലം തുറന്നുപരിശോധിക്കേണ്ടെന്ന് സുപ്രീം കോടതി വിചാരണക്കോടതിക്ക് നിര്‍ദേശം നല്‍കി. ഉത്തര്‍പ്രദേശ് സര്‍ക്കാരും ജില്ലാ ഭരണകൂടവും സമാധാനവും ഐക്യവും ഉറപ്പാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഇതിനായി ഇരുസമുദായങ്ങളിലും പെട്ട ആളുകളെ ഉള്‍പ്പെടുത്തി സമാധാനക്കമ്മിറ്റി രൂപീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

മുസ്ലിം വിഭാഗം ഹര്‍ജി ഫയല്‍ ചെയ്താല്‍ മൂന്ന് ദിവസത്തിനകം പരിഗണിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കേസ് വീണ്ടും പരിഗണിക്കുന്നത് ജനുവരി ആറിലേക്ക് മാറ്റി. 

അതിനിടെ, ജുമാമസ്ജിദ് സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നെന്ന അവകാശവാദത്തില്‍ 10 ദിവസത്തിനകം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിയോഗിച്ച കമ്മിഷണറോട് സംഭാല്‍ കോടതി നിര്‍ദേശിച്ചു. കമ്മിഷണര്‍ രാകേഷ് സിങ് രാഘവിനോട് സിവില്‍ ജഡ്ജ് ആദിത്യ സിങ് ആണ് ഉത്തരവ് നല്‍കിയത്. സര്‍വേ റിപ്പോര്‍ട്ട് പൂര്‍ത്തിയായിട്ടില്ലെന്നും കൂടുതല്‍ സമയം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിച്ചു. കേസില്‍ അടുത്ത വാദം കേള്‍ക്കല്‍ തീയതി ജനുവരി എട്ടിലേക്ക് മാറ്റി. 

സര്‍വേക്കെതിരായ പ്രതിഷേധം സംഭാലില്‍ അക്രമവും കലാപവുമായി മാറിയിരുന്നു. പൊലീസും പ്രതിഷേധക്കാരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് പ്രതിഷേധക്കാര്‍ വെടിയേറ്റ് മരിച്ചു. നിരവധി പൊലീസുകാര്‍ക്കും പരിക്കേറ്റു. അക്രമ സംഭവങ്ങൾ അന്വേഷിക്കാൻ മൂന്നംഗ ജുഡീഷ്യൽ അന്വേഷണ കമ്മിഷന്‍ രൂപീകരിച്ചു കൊണ്ട് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ ഉത്തരവ് പുറപ്പെടുവിച്ചു. 

അലഹബാദ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ദേവേന്ദ്ര കുമാർ അറോറ അന്വേഷണ കമ്മിഷനെ നയിക്കും. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ അമിത് മോഹൻ പ്രസാദ്, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ അരവിന്ദ് കുമാർ ജെയിൻ എന്നിവരും കമ്മിഷനില്‍ ഉൾപ്പെടുന്നു. സംഭവം ആസൂത്രിതമായ ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് കമ്മിഷൻ പരിശോധിക്കും. രണ്ടു മാസത്തിനകം അന്വേഷണം പൂർത്തിയാക്കാനാണ് കമ്മിഷനോട് നിർദേശിച്ചിരിക്കുന്നത്. സമയം നീട്ടി നല്‍കണമെങ്കില്‍ സർക്കാരിന്റെ അനുമതി ആവശ്യമാണെന്നും ഉത്തരവില്‍ പറയുന്നു. 

TOP NEWS

January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025
January 2, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.