2012 ലെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളിലെ ആരോഗ്യ പരിശോധനകള്‍ ഉള്‍പ്പെടെയുള്ള നടപടി ക്രമങ്ങള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും രോഗികളില്‍ നിന്നും ഈടാക്കാവുന്ന നിരക്ക് നിശ്ചയിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന അലംഭാവം പൂര്‍ണമായും ഉള്‍ക്കൊണ്ടാണ് സുപ്രീം കോടതിയുടെ ഇടപെടല്‍ എന്നത് ശ്രദ്ധയം. നിയമത്തിലെ വകുപ്പ് ഒമ്പത് ഉപ വകുപ്പ് രണ്ട് പ്രകാരം എത്ര തുക രോഗികളില്‍ നിന്ന് ഓരോ പരിശോധനകള്‍ക്കും മറ്റ് സേവനങ്ങള്‍ക്കും ഈടാക്കാം എന്നത് സംബന്ധിച്ച വിഷയത്തില്‍ നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് സുപ്രീം കോടതി കഴിഞ്ഞ ദിവസം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.
നാലാഴ്ചയെന്നാല്‍ 28 ദിവസമാണ്, അത് 29-ാം ദിവസമാകില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, അഭയ് ശ്രീനിവാസ് ഓക എന്നിവരുള്‍പ്പെട്ട ബെഞ്ച് കേന്ദ്ര സര്‍ക്കാരിന് താക്കീതു നല്‍കുകയും ചെയ്തു. നിരക്കുകള്‍ നിശ്ചയിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കാലാകാലങ്ങളില്‍ സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചന നടത്തിയാണ് കേന്ദ്രം നിരക്ക് തീരുമാനിക്കേണ്ടത്. എന്നാല്‍ ഇത് ഇതുവരെ നടന്നു കണ്ടില്ല. നിരക്കുകള്‍ ഇത്തരം സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. നിയമത്തിലെ ചട്ടം ഒമ്പത് ഉപ ചട്ടം ഒന്നില്‍ ഇക്കാര്യം വ്യക്തമാക്കുന്നു. സംസ്ഥാന സര്‍ക്കാരുകളാണ് ഇത് നടപ്പിലാക്കേണ്ടതെന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകന്റെ വാദം നിരസിച്ച കോടതി നിരക്ക് നിശ്ചയിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് മറുപടി നല്‍കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.