
വിജിലൻസ് റെയ്ഡിൽ 1.06 കോടിയുടെ ആസ്തികൾ കണ്ടെടുത്ത പാലക്കയം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വി സുരേഷ് കുമാറിന്റെ തിരുവനന്തപുരത്തെ വീട്ടിലും വിജിലന്‍സ് പരിശോധന. തിരുവനന്തപുരം മലയിൻകീഴ് ഊരുട്ടമ്പലം ഗോവിന്ദമംഗലം കാണവിള വീട്ടിലാണ് ഇന്നലെ പരിശോധന നടന്നത്. വാടകമുറി വൃത്തിയാക്കാത്ത സുരേഷ് കുമാർ വീടും സംരക്ഷിച്ചിരുന്നില്ല. തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ നിന്നാണ് വിജിലൻസ് സംഘം താക്കോൽ വാങ്ങി വീട് തുറന്നു പരിശോധന നടത്തിയത്. 1500 ചതുരശ്ര അടിയിൽ താഴെയുള്ള സാധാരണ വീട്ടിൽ പത്തുവർഷമായി പണി നടക്കുകയാണ്. വാതിലുകളും ജനൽപാളികളും പൂർത്തിയാക്കിയ വീടിന്റെ ചുമരുകളിൽ വൈറ്റ് സിമന്റ് അടിച്ചിട്ടുണ്ട്. തറയുടെ പണിയും മറ്റ് അനുബന്ധ പണികളും ബാക്കിയാണെന്നും സംഘം പറയുന്നു. ഇരുപത് വർഷം മുമ്പ് 2003ൽ ജോലിയിൽ പ്രവേശിച്ച ഇയാൾ കഴിഞ്ഞ 17 വർഷമായി പാലക്കാട്, മണ്ണാർക്കാട് താലൂക്കുകളിലെ വിവിധ വില്ലേജ് ഓഫിസുകളിലാണ് ജോലി നോക്കിയിരുന്നത്.
കൈക്കൂലി നൽകുന്നതുവരെ നടപടിയെടുക്കാതെ അപേക്ഷ പിടിച്ചുവയ്ക്കുന്ന രീതിയായിരുന്നു ഇയാളുടേത്. അത് പണമല്ലെങ്കിൽ മറ്റു വസ്തുക്കളായും വാങ്ങിയിരുന്നു. കാശില്ലെങ്കിൽ മുട്ട, പഴവര്‍ഗങ്ങള്‍, തേൻ, കുടംപുളി, ജാതിക്ക തുടങ്ങി എന്തെങ്കിലും കൈക്കൂലിയായി നൽകണമെന്ന് നിർബന്ധമുണ്ട്.
എന്നാൽ സുരേഷ് കൈക്കൂലി വാങ്ങുന്നതായി ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ലെന്നാണ് പാലക്കയം വില്ലേജ് ഓഫിസർ പി ഐ സജിത് പറയുന്നത്. കൈക്കൂലി വാങ്ങുന്നതായി സംശയം തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പ്രദേശവാസികൾ ഇതെല്ലാം ഒത്തുകളിയാണെന്ന് ആരോപിക്കുന്നു. കേസില്‍ കൂടുതൽ അന്വേഷണം വേണമെന്നാണ് ഇവർ പറയുന്നത്. ഇയാളുടെ സമ്പാദ്യത്തിന്റെ ഒരു പങ്ക് സഹജീവനക്കാര്‍ക്കും ഉന്നതോദ്യോഗസ്ഥര്‍ക്കും നൽകിയിരിക്കാമെന്നും നാട്ടുകാര്‍ ആരോപിച്ചു. സുരേഷ് കുമാറിന്റെ കൈക്കൂലിയെക്കുറിച്ച് ഒന്നുമറിയില്ലെന്ന ഓഫിസ് ജീവനക്കാരുടെ വാദം പച്ചക്കള്ളമാണെന്നും നാട്ടുകാര്‍ പറയുന്നു.
മണ്ണാർക്കാട് പച്ചക്കറി മാർക്കറ്റിന് സമീപമുള്ള ലോഡ്ജിലാണ് സുരേഷ് കുമാർ പത്തുവർഷമായി ഒറ്റയ്ക്ക് താമസിച്ചുവന്നിരുന്നത്. 35 ലക്ഷം രൂപയുടെ കറൻസി നോട്ടുകളും, 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപവും, 25 ലക്ഷം രൂപയുടെ എസ്ബി അക്കൗണ്ടും 17 കിലോ നാണയങ്ങളും ഉൾപ്പെടെ 1.05 കോടി രൂപയാണ് വിജിലൻസ് സംഘം കണ്ടെടുത്തത്.
കേരളത്തിൽ ഒരു റവന്യു ഉദ്യോഗസ്ഥന്റെ പക്കൽനിന്നും പിടികൂടുന്ന ഏറ്റവും ഉയര്‍ന്ന അനധികൃത സമ്പാദ്യമാണ് പിടിച്ചെടുത്ത 1.06 കോടി രൂപയുടേതെന്ന് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയ വിജിലൻസ് ഡിവൈഎസ്‌പി പറഞ്ഞു. തൃശൂർ വിജിലൻസ് കോടതി സുരേഷ് കുമാറിനെ 14 ദിവസത്തേക്കു റിമാൻഡ് ചെയ്തു. കേസ് വരുന്ന ജൂൺ ഏഴിന് വീണ്ടും പരിഗണിക്കും.
english summary; Suresh Kumar’s house also raided; Locals are more likely to participate
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.