കാഴ്ച സംബന്ധമായ അസുഖത്തെ തുടർന്ന് യുവാവിന് സർജറി നടത്തിയപ്പോൾ കണ്ണിൽ നിന്നും പുറത്തെടുത്തത് ജീവനുള്ള വിരയെ .ഭോപ്പാൽ എയിംസിലെ ഡോക്ടർമാരാണ് മധ്യപ്രദേശിൽ നിന്നുള്ള 35 കാരന്‍റെ കണ്ണിൽ നിന്ന് ജീവനുള്ള വിരയെ നീക്കം ചെയ്തത്.പല ഡോക്ടർമാരെയും കണ്ട് പല മരുന്നുകൾ കഴിച്ചിട്ടും കാഴ്ച കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടതോടെയാണ് യുവാവ് എയിംസിൽ എത്തിയത്. വിശദമായ പരിശോധനയ്ക്ക് ശേഷം യുവാവിന്റെ കണ്ണിനുള്ളിൽ ഒരിഞ്ച് നീളമുള്ള വിര ചലിക്കുന്നത് കണ്ട് ഡോക്ടർമാർ ഞെട്ടി. കണ്ണിനുള്ളിലെ വിട്രിയസ് ജെല്ലിലാണ് വിര ജീവിച്ചിരുന്നത്. അത്തരം കേസുകൾ വളരെ അപൂർവമാണെന്ന് ഡോക്ർമാർ പറഞ്ഞു. പുഴുവിന് ജീവനുണ്ടായിരുന്നതിനാൽ അതിനെ നീക്കം ചെയ്യുന്നത് എളുപ്പമായിരുന്നില്ല.
എയിംസിലെ ചീഫ് റെറ്റിന സർജൻ ഡോ സമേന്ദ്ര കർക്കൂറിന്‍റെ നേതൃത്വത്തിലുള്ള ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്. പുഴു അനങ്ങുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കണ്ണിന് ദോഷം വരുത്താതെ വിരയുടെ ചലനം തടയാൻ ഡോക്ടർമാർ ആദ്യം ലേസർ ഉപയോഗിച്ചു. അതിനുശേഷം വിട്രിയോ-റെറ്റിനൽ സർജറി ഉപയോഗിച്ച് വിരയെ പുറത്തെടുത്തു. പച്ചയായതോ നന്നായി വേവിക്കാത്തതോ ആയ മാംസം കഴിക്കുന്നതിലൂടെ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്ന പരാന്നഭോജിയായ ഗ്നാതോസ്റ്റോമ സ്പൈനിഗെറം എന്ന വിരയെയാണ് യുവാവിന്റെ കണ്ണിൽ കണ്ടതെന്ന് ഡോക്ടർമാർ പറഞ്ഞു. ഇവ അകത്ത് കടന്നാൽ ചർമ്മം, മസ്തിഷ്കം, കണ്ണുകൾ എന്നിവയുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിക്കുകയും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്ന് ഡോക്ടർമാർ പറഞ്ഞു .
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.