3 April 2025, Thursday
KSFE Galaxy Chits Banner 2

നാർളം വനഭൂമിയിൽ ബോക്സൈറ്റ് ഖനനം നടത്തുന്നതിനുള്ള സർവ്വേ ആരംഭിച്ചു

എത്ര അളവിലും ആഴത്തിലുമാണ് ബോക്സൈറ്റ് നിക്ഷേപമെന്നു കണ്ടെത്തും
Janayugom Webdesk
മുള്ളേരിയ
March 27, 2025 11:45 am

ബോക്സൈറ്റ് നിക്ഷേപം കണ്ടെത്തിയ കാസർകോട് ജില്ലയിലെ കാറഡുക്ക നാർളത്തെ വനഭൂമിയിൽ ബോക്സൈറ്റ് ഖനനം നടത്തുന്നതിന് മുന്നോടിയായി സർവ്വേ ആരംഭിച്ചു. സംസ്ഥാന മൈനിങ് ആൻഡ് ജിയോളജി അഡിഷനൽ ഡയറക്ടർ എം സി കിഷോറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ റവന്യു, വനംവകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു. ഇവിടെ 150 ഹെക്ടർ ഭൂമിയിലാണു ബോക്സൈറ്റ് നിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. ഇതിൽ എത്ര ഭൂമി ഖനനത്തിനു ലഭ്യമാകുമെന്നു കണ്ടെത്തുകയാണു സർവേയുടെ പ്രധാന ലക്ഷ്യം. ഇവിടെ നേരത്തെ തന്നെ സർവേ നടപടികൾ ആരംഭിക്കുകയും ഭൂമി തുരന്നു പരിശോധന പൂർത്തിയാക്കുകയും ചെയ്തിട്ടുണ്ട്. എത്ര അളവിലും ആഴത്തിലുമാണ് ബോക്സൈറ്റ് നിക്ഷേപമെന്നു കണ്ടെത്തുകയാണു തുരന്നു പരിശോധനയിലൂടെ ഉദ്ദേശിക്കുന്നത്. ഇതിന്റെ സാംപിൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. അടുത്തയാഴ്ച വിശദമായ സർവേ നടപടികൾ ആരംഭിക്കും. ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കി സംസ്ഥാന സർക്കാരിനു റിപ്പോർട്ട് നൽകാനാണു തീരുമാനം. വനഭൂമിയിൽ മാത്രമാണു ഖനനം നടത്തുന്നത്. അതിൽത്തന്നെ മണ്ണുള്ള പ്രദേശങ്ങൾ ഒഴിവാക്കി പാറപ്രദേശങ്ങളുള്ളയിടങ്ങളിലാണു ഖനനം. 

ജനവാസമേഖലയോടു ചേർന്ന സ്ഥലങ്ങൾ, ആരാധനാലയങ്ങളുള്ള സ്ഥലങ്ങൾ തുടങ്ങിയവയും ഒഴിവാക്കും. ഇത്രയും സ്ഥലം ഒഴിവാക്കിയാൽ 100 ഹെക്ടറെങ്കിലും നാർളത്ത് ഖനനത്തിനു ലഭിക്കുമെന്ന പ്രതീക്ഷയാണു സംഘത്തിനുള്ളത്. 4–5 മീറ്റർ വരെ ആഴത്തിലാണു ഖനനം നടത്തുകയെന്നാണ് അധികൃതർ നൽകുന്ന സൂചന. ഖനനം നടത്തുന്ന സ്ഥലങ്ങൾ കൃഷിക്കും മറ്റാവശ്യങ്ങൾക്കും ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാകും ഖനനം. ജില്ലയിൽ നാർളം ബ്ലോക്കിനു പുറമെ ഉക്കിനടുക്ക ബ്ലോക്കിലെ 250 ഹെക്ടർ സ്ഥലത്തും ബോക്സൈറ്റ് ഖനനത്തിനു കണ്ടെത്തിയിട്ടുണ്ട്. ഇതിലേറെയും സ്വകാര്യ സ്ഥലങ്ങളാണ്. സ്വകാര്യസ്ഥലത്തു ഖനനം നടത്തുമ്പോൾ ജനങ്ങൾക്ക് ആശങ്കയുണ്ടാകാൻ സാധ്യതയുള്ളതിനാൽ നാർളം വനമേഖലയിലാണ് ആദ്യം ഖനനം. ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ(ജിഎസ്ഐ) നടത്തിയ പഠനങ്ങളിലാണ് വാണിജ്യപരമായി പര്യവേക്ഷണം ചെയ്യാവുന്ന രീതിയിൽ കാസർകോട്ടെ വിവിധസ്ഥലങ്ങളിൽ ഇത്തരം ധാതുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. പരിശോധനകൾ പൂർത്തിയായാൽ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നേതൃത്വം നൽകുന്ന ഉന്നതതല സമിതി ഖനനത്തിനുള്ള ലേല നടപടികൾക്കു നേതൃത്വം നൽകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.