23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 13, 2024
December 13, 2024
December 10, 2024
December 8, 2024
December 5, 2024
November 29, 2024
November 16, 2024
November 9, 2024
November 7, 2024
November 5, 2024

സൂര്യഗായത്രി വധക്കേസ്: പ്രതി അരുണിന് ജീവപര്യന്തം ശിക്ഷ

Janayugom Webdesk
തിരുവനന്തപുരം
March 31, 2023 4:20 pm

തിരുവനന്തപുരം നെടുമങ്ങാട്, കരിപ്പൂര് ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്ക് താമസിച്ചിരുന്ന ശിവദാസ് — വത്സല ദമ്പതികളുടെ ഏകമകളായ സൂര്യഗായത്രി (20) യെ കുത്തി കൊലപ്പെടുത്തുകയും അമ്മ വത്സലയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അശോകൻ മകൻ അരുൺ(29) ന് ജീവപര്യന്തം കഠിനതടവും ആറ് ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലങ്കിൽ ആറ് മാസം കൂടി അധിക തടവ് അനുഭവിക്കണം.

ജീവപര്യന്ത തടവിന് പുറമേ സൂര്യഗായത്രിയുടെ അമ്മ വത്സലയെ കൊലപ്പെടുത്താൻ ശ്രമിച്ചതിനു് 10 വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും ഭവന കയ്യേറ്റത്തിന് അഞ്ച് വർഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വത്സലയെ വെട്ടിപരിക്കേൽപ്പിച്ചതിന് രണ്ട് വർഷം കഠിന തടവും കുറ്റകരമായ ഭയപ്പെടുത്തലിന് രണ്ട് വർഷം കഠിന തടവും പിതാവ് ശിവദാസനെ ദേഹോപദ്രവം ചെയ്തതിന് ഒരു വർഷം കഠിന തടവും അനുഭവിക്കണമെന്നും
തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് ജഡ്ജ് കെ വിഷ്ണു ഉത്തരവിട്ടു. ശിക്ഷകൾ ഒരുമിച്ചനുഭവിച്ചാൽ മതി. കൊല്ലപ്പെട്ട സൂര്യഗായത്രിയുടെ മാതാവിന് വത്സലക്ക് ലീഗൽ സർവ്വീസ് അതോരിറ്റിയിൽ നിന്നും നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.

അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂഷനും പ്രത്യേക പ്രശംസ

സൂര്യഗായത്രി കൊലക്കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ച അന്വേഷണ ഉദ്യോഗസ്ഥനും കേസ് വിചാരണ പൂര്‍ത്തിയാക്കിയ പ്രോസിക്യൂഷനും കോടതിയുടെ പ്രത്യേക പ്രശംസ. കുറ്റമറ്റ രീതിയില്‍ അടുക്കും ചിട്ടയോടും അന്വേഷണം നടത്തിയ അന്വേഷണ ഉദ്യോഗസ്ഥനായ ബി. എസ്. സജിമോന്‍ പ്രതിക്കെതിരായ ഒരു തെളിവും നഷ്ടമാകാതെ ശേഖരിച്ച് കോടതിയില്‍ ഹാജരാക്കിയതാണ് പ്രോസിക്യൂഷന് സഹായകരമായതെന്ന് കോടതി വിലയിരുത്തി. ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ അന്വേഷണ മികവ് വെളിവാക്കുന്നതായി കോടതി നിരീക്ഷിച്ചു.
പൊലീസ് ഹാജരാക്കിയ ഒരോ തെളിവും കൃത്യതയോടെ പ്രതിക്ക് എതിരായി കോടതിയെ ധരിപ്പിക്കുന്നതില്‍ പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ മികവ് കാണിച്ചതായി ഉത്തരവില്‍ പറയുന്നു. സാഹചര്യതെളിവുകളും ശാസ്ത്രീയ തെളിവുകളും പ്രതിക്ക് എതിരായി കോര്‍ത്തിണക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താന്‍ പ്രോസിക്യൂഷന്‍ അശ്രാന്തപരിശ്രമം നടത്തിയതായി കോടതി നിരീക്ഷിച്ചു. പ്രേമനൈരാശ്യവും, വിവാഹാലോചന നിരസിച്ചതിലുള്ള വിരോധവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സൂര്യഗായത്രിയുടെ അമ്മ വത്സല അഛൻ ശിവദാസ് എന്നിവരായിരുന്നു കേസ്സിലെ ദൃക്സാക്ഷികൾ.

2021 ഓഗസ്റ്റ് 30ന് തിങ്കളാഴ്ച ഉച്ചയക്ക് രണ്ട് മണിയോടെയാണ് കൃത്യത്തിനാസ്പദമായ സംഭവം നടന്നത്. സൂര്യഗായത്രിയും അച്ഛനും അമ്മയും വാടകയ്ക്ക് താമസിച്ചിരുന്ന നെടുമങ്ങാട് കരുപ്പൂരിലെ വീട്ടിലെത്തിയായിരുന്നു ആക്രമണം.ശാരീരികവെല്ലുവിളികളുള്ള വ്യക്തികളാണ് സൂര്യയുടെ അച്ഛനും അമ്മയും. തിങ്കളാഴ്ച ഉച്ചയോടെയാണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ നിന്ന് നിലവിളി ഉയര്‍ന്നുകേട്ടത്. വീടിൻ്റെ അടുക്കള വാതിലിലൂടെ അകത്തുകടന്ന അരുണ്‍, സൂര്യയെ തലങ്ങുംവിലങ്ങും കുത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നതുകണ്ട അമ്മ വത്സല തടയാന്‍ ശ്രമിക്കുന്നതിനിടെ അമ്മയെയും അരുണ്‍ കുത്തി. സൂര്യയുടെ തലമുതല്‍ കാല്‍ വരെ 33 ഇടങ്ങളിലാണ് അരുണ്‍ കുത്തിയത്.തല ചുമരില്‍ ഇടിച്ച് പലവട്ടം മുറിവേല്‍പ്പിച്ചു. സൂര്യ അബോധാവസ്ഥയിലായിട്ടും ഇയാള്‍ വീണ്ടും വീണ്ടും കുത്തി. സൂര്യയുടെ പിതാവ് ശിവദാസൻ്റെ നിലവിളി ഉയര്‍ന്നതോടെ അരുണ്‍ ഓടി.അയൽക്കാർ ഓടിയെത്തിയപ്പോഴേക്കും അരുൺ സമീപത്തെ മറ്റൊരു വീടിന്റെ ടെറസ്സിലേക്ക് ഒളിക്കാൻ ശ്രമിച്ചു. ഇവിടെ നിന്നുമാണ് നാട്ടുകാരും പോലീസും ചേർന്ന് അരുണിനെ പിടിച്ചത്.

സൂര്യയെ കുത്തുന്നതിനിടയിൽ സ്വന്തം കൈ ആഴത്തിൽ മുറിഞ്ഞിട്ടും അരുൺ അക്രമം അവസാനിപ്പിച്ചില്ല. മകളെ കൊല്ലാൻശ്രമിക്കുന്നതുകണ്ട് നിലവിളിച്ച സൂര്യയുടെ അമ്മ വത്സലയുടെ വായ് ഇടതുകൈ കൊണ്ട് പൊത്തിപ്പിടിച്ച ശേഷം അരുൺ മുറിവേറ്റ വലതുകൈകൊണ്ട് സൂര്യഗായത്രിയെ കുത്തി. അക്രമം തടഞ്ഞ സൂര്യയുടെ പിതാവ് ശിവദാസനെയും ഇയാൾ ചവിട്ടി താഴെതള്ളിയിട്ട് മർദിച്ചു. തലയിലെ ആഴത്തിലുള്ള നാലു മുറിവുകളും വയറിലേയും ജനനേന്ദ്രിയത്തിലേയും ആന്തരികാവയവങ്ങൾ തകർത്ത കുത്തുകളുമാണ് സൂര്യയെ മരണത്തിലേക്കു നയിച്ചത്.

സംഭവത്തിനും രണ്ട് വർഷം മുമ്പ് അരുൺ സൂര്യയോട് വിവാഹാഭ്യർഥന നടത്തിയിരുന്നു. എന്നാൽ, ക്രിമിനൽ പശ്ചാത്തലമുള്ള അരുണിന്റെ ബന്ധം വീട്ടുകാർ നിരസിച്ചു. തുടർന്ന് കൊല്ലം സ്വദേശിയുമായി സൂര്യയുടെ വിവാഹം നടന്നു. സൂര്യയുടെ ഭർത്താവിനേയും അരുൺ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഭർത്താവിൻ്റെ വീട്ടിൽ നിന്നും സൂര്യ ഉഴപ്പാക്കോണത്തെ വാടകവീട്ടിൽ അമ്മയെ കാണാനെത്തി. ഇതറിഞ്ഞാണ് പേയാട് നിന്നും അരുൺ നെടുമങ്ങാട് കരിപ്പൂർ സൂര്യയുടെ വീട്ടിലെത്തിയത്.

39 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. 64 രേഖകളും 49 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീൻ, അഡ്വ.വിനു മുരളി, അഡ്വ.മോഹിത മോഹൻ,അഡ്വ.അഖില ലാൽ, അഡ്വ.ദേവിക മധു എന്നിവർ ഹാജരായി. വലിയമല സർക്കിൾ ഇൻസ്‌പെക്ടറും ഇപ്പോൾ ക്രൈംബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ ഡിവൈ എസ്‌പിയുമായ ബി എസ് സജിമോൻ, സിവിൽ പൊലീസ്‌ ഓഫീസർമാരായ സനൽരാജ് ആർ വി, ദീപ എസ് എന്നിവരാണ് കേസിന്റെ അന്വേഷണ നടത്തി കുറ്റപത്രം ഹാജരാക്കിയത്.

അക്ഷോഭ്യനായി പ്രതി

സൂര്യഗായത്രി കൊലക്കേസിലെ പ്രതി പേയാട് ചിറക്കോണം വാറുവിളാകത്ത് അരുണ്‍ കോടതി നേരിട്ട് നടത്തിയ വിചാരണ നേരിട്ടത് അക്ഷോഭ്യനായി. നിലവില്‍ ജയിലില്‍ കഴിയുന്ന പ്രതി യാതൊരു കൂസലുമില്ലാതെയും അല്പം പോലും കുറ്റബോധമോ പശ്ചാത്താപമോ ഇല്ലാതെയുമാണ് കോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഇത് കോടതിയെ പോലും അത്ഭുതപ്പെടുത്തി. സഹതടവുകാരില്‍ നിന്ന് കാര്യങ്ങള്‍ മനസിലാക്കി എത്തിയ പ്രതി, കോടതി നേരിട്ട് ചോദിച്ച ഒരോ ചോദ്യങ്ങള്‍ക്കും തന്ത്രപരമായ മറുപടിയാണ് നല്‍കിയത്. സംഭവ സ്ഥലത്തെ തന്റെ സാന്നിദ്ധ്യം സമ്മതിച്ച പ്രതി താനല്ല കൊലപ്പെടുത്തിയതെന്നും സൂര്യഗായത്രി തന്നെയാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്നും കോടതിയെ അറിയിച്ചു. സൂര്യഗായത്രി തന്നെ കുത്താന്‍ ഉപയോഗിച്ച കത്തി പിടിച്ച് വാങ്ങി നിലത്ത് എറിഞ്ഞു പോയതായി പറഞ്ഞ പ്രതി കോടതിയിലുളള രക്തം പുരണ്ട തന്റെ വസ്ത്രങ്ങള്‍ പോലും തന്റേതല്ലെന്ന് പറഞ്ഞൊഴിഞ്ഞു. ആദ്യമൊന്നും സൂര്യഗായത്രിയുടെ അയല്‍വാസികളാണ് തന്നെ പിടികൂടി പോലീസില്‍ എല്‍പ്പിച്ചതെന്ന് സമ്മതിക്കാതിരുന്ന പ്രതി പിന്നീട് ഇക്കാര്യം കോടതിയില്‍ സമ്മതിച്ചു. പ്രതിതന്നെ തന്റെ സാന്നിധ്യം സമ്മതിച്ചതും സംഭവസമയം പ്രതിക്ക് ഏറ്റ പരിക്കും കേസില്‍ പ്രോസിക്യൂഷന് ഏറെ സഹായകരമായ തെളിവായി മാറുകയായിരുന്നു.

 

Eng­lish Sum­ma­ry: Surya­gay­a­tri mur­der case: Accused Arun gets life sentence

You may also like this video

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.