
പ്ലസ്ടു വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ കൊല്ലം അഞ്ചാലുംമൂട് ജിഎച്ച്എസിലെ കായിക അധ്യാപകൻ മുഹമ്മദ് റാഫിയെ സസ്‌പെൻഡ് ചെയ്തു. ഇരുമ്പ് താക്കോൽ ഉപയോഗിച്ച് വിദ്യാർത്ഥിയുടെ മൂക്കിലും തലയിലും മർദിച്ച് പരിക്കേൽപ്പിച്ചെന്നാണ് കേസ്. സെപ്റ്റംബർ ഒൻപതിന് വൈകിട്ട് മൂന്നരയോടെ അഞ്ചാലുംമൂട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റാഫ് റൂമിന് മുന്നിൽ വെച്ചാണ് സംഭവം. ഇന്റർവെൽ സമയത്തുണ്ടായ വാക്ക് തർക്കത്തിന് പിന്നാലെ, യു പി വിഭാഗം കായിക അധ്യാപകനായ റാഫി പ്ലസ്ടു വിദ്യാർത്ഥിയെ കൈയിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. വേഗത്തിൽ നടന്നുപോകാൻ ആവശ്യപ്പെട്ടിട്ട് കുട്ടി അനുസരിക്കാത്തതാണ് മർദനത്തിന് കാരണമെന്ന് എഫ്‌ഐആറിൽ പറയുന്നു.
സംഭവത്തിൽ വിദ്യാർത്ഥിയുടെ മൂക്കിനും നെറ്റിക്കും പരിക്കേറ്റിട്ടുണ്ട്. ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കൽ, അന്യായമായ മർദനം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരമാണ് അഞ്ചാലുംമൂട് പൊലീസ് കേസെടുത്തിരിക്കുന്നത്. വിദ്യാർത്ഥിയെ വിദഗ്ധ ന്യൂറോ പരിശോധനക്ക് വിധേയനാക്കും. ശിശുക്ഷേമ സമിതിയും സംഭവത്തിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. അതേസമയം, വിദ്യാർഥി തന്നെ മർദിച്ചു എന്ന് ആരോപിച്ച് അധ്യാപകനും പൊലീസിലും സ്കൂളിലും പരാതി നൽകിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.