
ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന് ഭർത്താവ് സംശയിക്കുന്നത് കുട്ടിയുടെ പിതൃത്വം നിർണ്ണയിക്കാനായി ഡിഎൻഎ പരിശോധന നടത്താൻ മതിയായ കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി. ഒരു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കാൻ നിർദേശിച്ചുകൊണ്ടുള്ള കുടുംബകോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ആർഎംജോഷിയുടെ നാഗ്പൂർ ബെഞ്ചിൻറെ നിര്‍ണ്ണായക ഉത്തരവ്. അസാധാരണമായ കേസുകളിൽ മാത്രമേ ഇത്തരം ജനിതക പരിശോധനകൾക്ക് ഉത്തരവിടാൻ കഴിയൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അവിഹിത ബന്ധത്തിന്റെ പേരിൽ വിവാഹമോചനം നേടാൻ തനിക്ക് അവകാശമുണ്ടെന്ന് ഒരു പുരുഷൻ വാദിക്കുന്നത് മാത്രം, ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാൻ പര്യാപ്തമായ കാരണമല്ല എന്നും കോടതി ഉത്തരവിൽ പറഞ്ഞു. ഭാര്യക്കെതിരെ അവിഹിത ബന്ധം ആരോപിക്കുകയാണെങ്കിൽ, കുട്ടിയെ പിതൃത്വ പരിശോധനയ്ക്ക് വിധേയനാക്കാതെ തന്നെ മറ്റ് തെളിവുകൾ ഉപയോഗിച്ച് അത് തെളിയിക്കാമെന്നും കോടതി നിരീക്ഷിച്ചു.
ഒരു വിവാഹ മോചനകേസില്‍ 12 വയസുള്ള കുട്ടിയുടെ പിതൃത്വം നിർണ്ണയിക്കാൻ ഡിഎൻഎ പ്രൊഫൈലിംഗ് ടെസ്റ്റ് നടത്താൻ നിർദേശിച്ച 2020 ഫെബ്രുവരിയിലെ കുടുംബകോടതിയുടെ ഉത്തരവിനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് വിധി വന്നിരിക്കുന്നത്. കുടുംബകോടതി അത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചതിൽ തെറ്റ് പറ്റിയെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. കുട്ടിയുടെ താൽപ്പര്യം പരിഗണിക്കാൻ കുടുംബകോടതിക്ക് “തികച്ചും ബാധ്യതയുണ്ടായിരുന്നു” എന്നും ഉത്തരവിൽ പറയുന്നു. ആരെയും, പ്രത്യേകിച്ച് ഒരു മൈനർ കുട്ടിയെ രക്തപരിശോധനയ്ക്ക് നിർബന്ധിക്കാൻ കഴിയില്ല. ഒരു തീരുമാനം എടുക്കാനോ പരിശോധന നിരസിക്കാനോ പോലും കഴിവില്ലാത്ത ഒരു കുട്ടിയെ ഇത് എങ്ങനെ ബാധിക്കുമെന്ന് പരിഗണിക്കണം. സുപ്രീം കോടതിയുടെ ഒരു ഉത്തരവ് ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.