സ്വച്ഛ് ഭാരത് പദ്ധതി ഫണ്ടില്‍ നിന്ന് 8,000 കോടിയോളം രൂപ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പൊതുജന സമ്പര്‍ക്കത്തിനായി വകമാറ്റി. മോഡിയുടെ ഖ്യാതി വര്‍ധിപ്പിക്കുന്നതിനാണ് രാജ്യത്തെ പ്രധാന പദ്ധതിയായ സ്വച്ഛ് ഭാരത് ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ചത്. ഗാന്ധി ജയന്തി ദിനത്തില്‍ 10 വര്‍ഷം പൂര്‍ത്തിയായ പദ്ധതിയുടെ ഫണ്ടിലാണ് കേന്ദ്ര സര്‍ക്കാര്‍ അതീവ ഗുരുതരമായ ക്രമക്കേട് നടത്തിയ വിവരങ്ങള്‍ പുറത്തുവന്നത്. 2014 മുതല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ട് വരെ സ്വച്ഛ് ഭാരത് പരസ്യം, പിആര്‍ ക്യാമ്പയിന്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവയ്ക്കായി ബജറ്റില്‍ വകയിരുത്തിയ തുകയില്‍ നിന്നാണ് മോഡിയുടെ പരസ്യത്തിനായി 8,000 കോടി രൂപ വിനിയോഗിച്ചത്.
സ്വച്ഛ് ഭാരത് പദ്ധതിയുടെ എല്ലാ പരസ്യങ്ങളിലും ഹോര്‍ഡിങ്ങുകളിലും പത്രപരസ്യങ്ങളിലും മോഡി ചിത്രം ആലേഖനം ചെയ്യുന്നതിനായാണ് ഭീമമായ തുക ഉപയോഗിച്ചത്. മോഡിയെ വാഴ്ത്തിപ്പാടുന്ന എല്ലാ കേന്ദ്ര സര്‍ക്കാര്‍ പരസ്യങ്ങള്‍ക്കും പുറമേയാണ് ശുചിത്വ ഭാരത് പദ്ധതി ഫണ്ടും വിനിയോഗിച്ചത്. നരേന്ദ്ര മോഡി അധികാരത്തില്‍ വന്നശേഷം പ്രഖ്യാപിച്ച എല്ലാ പദ്ധതികളിലും പദ്ധതി ലക്ഷ്യത്തെക്കാള്‍ മോഡി ചിത്രത്തിനാണ് പ്രഥമ സ്ഥാനം. സാധാരണ പൗരന്‍ നല്‍കുന്ന നികുതിപ്പണമാണ് മോഡിയുടെ ജനപ്രീതി വര്‍ധിപ്പിക്കാനായി കേന്ദ്ര സര്‍ക്കാര്‍ വകമാറ്റി ചെലവഴിക്കുന്നത്. 10 വര്‍ഷത്തിനിടെ പ്രഖ്യാപിച്ച പല പദ്ധതികളും ലക്ഷ്യം കാണാതെ അവശേഷിക്കുന്നുവെന്നും ഗുണഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കുന്നില്ലെന്നും വ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് ശുചിത്വ ഭാരതം പദ്ധതിയുടെ 8,000 കോടിയോളം രൂപ വകമാറ്റി സ്വന്തം ജനപ്രീതി വര്‍ധിപ്പിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. സ്വച്ഛ് ഭാരത് പദ്ധതി ഫണ്ട് വകമാറ്റി ചെലവഴിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സകേത് ഗോഖലെ രൂക്ഷമായി വിമര്‍ശിച്ചു. രാജ്യത്തെ കര്‍ഷകരും ദിവസ വരുമാനക്കാരും നല്‍കുന്ന നികുതിപ്പണം മോഡിയുടെ ജനപ്രീതി വര്‍ധിപ്പിക്കാന്‍ വകമാറ്റിയ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.