മണ്ണൊലിപ്പും ഉരുള്‍പൊട്ടലും തടയാന്‍ കയര്‍ഭൂവസ്ത്രങ്ങള്‍ പ്രയോജനപ്പെടുത്താമെന്ന് സ്വിറ്റ്സര്‍ലന്‍ഡ് കേരളത്തിന് വഴികാട്ടുന്നു. ‘യൂറോപ്പിന്റെ നെറുക’ എന്നറിയപ്പെടുന്ന ജുംഗ്ഫ്രാവു, വനപ്രദേശമായ പിലാത്തസ്, റൈന്‍ വെള്ളച്ചാട്ടത്തിനു സമീപമുള്ള മഞ്ഞുമലകള്‍ എന്നിവിടങ്ങളില്‍ കയര്‍ഭൂവസ്ത്രമണിയിക്കല്‍ നടന്നുവരുന്നു. കേരളത്തില്‍ ഇപ്പോള്‍ത്തന്നെ കടലാക്രമണമുള്ള പ്രദേശങ്ങളില്‍ പുലിമുട്ടുകള്‍ക്കും കരിങ്കല്‍ഭിത്തികള്‍ക്കും പകരം കയര്‍ഭൂവസ്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണൊലിപ്പ് തടയുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കിവരുന്നുണ്ട്. നമ്മുടെ കുന്നിന്‍ചരിവുകളെ കയര്‍ഭൂവസ്ത്രമണിയിച്ചാല്‍ ഉരുള്‍പൊട്ടലുകളും മണ്ണൊലിപ്പും വിജയകരമായി പ്രതിരോധിക്കാം.
കേരളത്തില്‍ നിന്നുള്ള ഭൂവസ്ത്രങ്ങള്‍ വന്‍തോതില്‍ കയറ്റുമതി ചെയ്യാനുള്ള സാധ്യതയാണ് സ്വിറ്റ്സര്‍ലന്‍ഡിന്റെ കയര്‍ഭൂവസ്ത്ര പദ്ധതിയിലൂടെ തെളിയുന്നത്. ശ്രീലങ്കയില്‍ നിന്നാണ് ഇപ്പോള്‍ സ്വിറ്റ്സര്‍ലന്‍ഡ് കയര്‍ഭൂവസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്യുന്നതെന്ന് റൈന്‍ വെള്ളച്ചാട്ടപ്രദേശത്തെ പര്‍വതനിരകളില്‍ ഭൂവസ്ത്രങ്ങള്‍ വിരിക്കുന്ന തൊഴിലാളികള്‍ പറഞ്ഞു.
മണ്ണിന്റെ ഫലഭൂയിഷ്ഠതയും ജലസാന്നിധ്യവും നിലനിര്‍ത്തുന്നതിന് പ്രകൃതിദത്തനാരായ ചകിരിയില്‍ നെയ്തെടുത്ത ഭൂവസ്ത്രങ്ങള്‍ക്ക് കഴിയും. ഭമണ്ണിലെ ജൈവാംശവും വര്‍ധിപ്പിക്കുന്നു. കടല്‍, നദീതീര സംരക്ഷണത്തിനുപയോഗിക്കുന്ന കയര്‍ഭൂവസ്ത്രങ്ങള്‍ക്കിടയില്‍ കൃഷി ചെയ്യാനും മരങ്ങള്‍ വച്ചുപിടിപ്പിക്കാനുമാകും. പ്രതിവര്‍ഷം 120 കോടി ഡോളറിന്റെ (10,800 കോടി രൂപ) ആഗോള വിപണിയാണ് കയര്‍ഭൂവസ്ത്രങ്ങള്‍ക്കുള്ളത്. പ്രതിവര്‍ഷം 10 ശതമാനം കണ്ട് വര്‍ധനയുമുണ്ടാകുന്നു.
സ്വിറ്റ്സര്‍ലന്‍ഡ് അടക്കം കയര്‍ഭൂവസ്ത്രം ഉപയോഗിക്കുന്ന രാജ്യങ്ങളിലേക്ക് ഒരു വിദഗ്ധസംഘത്തെ അയച്ചാല്‍ കേരളത്തിന് വന്‍കയറ്റുമതി സാധ്യത കണ്ടെത്താനാവുമെന്നാണ് വിലയിരുത്തല്‍. സ്വിറ്റ്സര്‍ലന്‍ഡിനു മാത്രം ആദ്യഘട്ടമായി 85,000 ടണ്‍ ഭൂവസ്ത്രങ്ങളാണ് ആവശ്യമായിവരിക. കയറ്റുമതിക്കുള്ള അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ സംസ്ഥാനത്തെ തളര്‍ന്നുകിടക്കുന്ന കയര്‍വ്യവസായ മേഖലയ്ക്ക് പുതിയൊരു ഉണര്‍വുമാകും.
ഉരുള്‍പൊട്ടല്‍ മൂലം ഈയിടെ കേരളത്തിനുണ്ടായത് ആയിരക്കണക്കിനു കോടിയുടെ നാശനഷ്ടങ്ങളും എണ്ണൂറില്‍പ്പരം ജീവഹാനിയുമാണ്. വന്‍തോതില്‍ കൃഷിഭൂമിയും ഉപയോഗയോഗ്യമല്ലാതായി. നമ്മുടെ മലയോരമേഖലകളെ മുഴുവന്‍ ഭൂവസ്ത്രമണിയിച്ച് മണ്ണൊലിപ്പും ഉരുള്‍പൊട്ടലും തടയാന്‍ ഈ നഷ്ടത്തുക തന്നെ ധാരാളം. മലയോരങ്ങളെ ഭൂവസ്ത്രമണിയിച്ച് ഉരുള്‍പൊട്ടലില്‍ നിന്നും മണ്ണൊലിപ്പില്‍ നിന്നും രക്ഷിക്കാനുള്ള അടിയന്തര പദ്ധതികള്‍ ആവിഷ്കരിക്കണമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.