
അഷസ് പരമ്പരയിലെ അവസാന മത്സരത്തിലും വിജയം സ്വന്തമാക്കി ഓസ്ട്രേലിയ. അഞ്ച് വിക്കറ്റ് വിജയമാണ് ഓസീസ് നേടിയത്. 160 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ്, 31.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അഞ്ച് മത്സര പരമ്പര 4–1ന് ആധികാരികയമായാണ് ഓസീസ് സ്വന്തമാക്കിയത്. ഓസീസിനായി ഓപ്പണർമാരായ ട്രാവിസ് ഹെയും ജെയ്ക്ക് വെതറാൾഡും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 62 റൺസ് ചേർത്തു. 29 റണ്‍സെടുത്ത ഹെഡിനെയാണ് ആദ്യം നഷ്ടമായത്. പിന്നാലെ വെതറാള്‍ഡും മടങ്ങി. 34 റണ്‍സാണ് താരം നേടിയത്. മാർനസ് ലബുഷെയ്ൻ (37), സ്റ്റീവ് സ്മിത്ത് (12), കരിയറിലെ അവസാന മത്സരം കളിച്ച ഉസ്മാന്‍ ഖവാജ (ആറ്), എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. അലക്സ് ക്യാരി (16), കാമറൂണ്‍ ഗ്രീന്‍ (22) എന്നിവര്‍ പുറത്താകാതെ ഓസീസിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
നേരത്തേ ജേക്കബ് ബേഥലിന്റെ സെഞ്ചുറി കരുത്തില്‍ എട്ടുവിക്കറ്റ് നഷ്ടത്തിൽ 302 റൺസെന്ന നിലയിൽ ഇന്നലെ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് 40 റൺസ് മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. 142 റണ്‍സുമായി ക്രീസിലിറങ്ങിയ ബേഥല്‍ 10 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത് 152 റണ്‍സെടുത്ത് മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ അലക്സ് ക്യാരിക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നാലെ ജോഷ് ടങ്ങിനെയും (ആറ്) സ്റ്റാര്‍ക്ക് മടക്കിയതോടെ ഇംഗ്ലണ്ടിന്റെ പോരാട്ടം അവസാനിച്ചു. 18 റണ്‍സുമായി മാത്യു പോട്ട് പുറത്താകാതെ നിന്നു. ഇതോടെ 160 റണ്‍സിന്റെ വിജയലക്ഷ്യം മാത്രമാണ് ഓസീസിന് മുന്നില്‍ വയ്ക്കാനായത്. ബെന്‍ ഡക്കറ്റ് (42), ഹാരി ബ്രൂക്ക് (42), ജാമി സ്മിത്ത് (26) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്കും ബ്യൂ വെബ്സ്റ്ററും മൂന്ന് വിക്കറ്റ് വീഴ്ത്തി. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 384 റണ്‍സിന് പുറത്തായി. സെഞ്ചുറി നേടിയ ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഹാരി ബ്രൂക്ക് 84 റണ്‍സുമായി മികച്ച പിന്തുണ നല്‍കിയിരുന്നു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സിന് തകര്‍ച്ച നേരിട്ട ഇംഗ്ലണ്ടിനെ റൂട്ടും ബ്രൂക്കുമാണ് കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 169 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഓസ്ട്രേലിയയ്ക്കായി മൈക്കല്‍ നെസര്‍ നാല് വിക്കറ്റും മിച്ചല്‍ സ്റ്റാര്‍ക്ക്, സ്കോട്ട് ബോളണ്ട് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിങ്ങിൽ ഓസ്‌ട്രേലിയ 567 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയിരുന്നു. ട്രാവിസ് ഹെഡിന്റെ (163) വേഗമേറിയ ഇന്നിങ്‌സും സ്റ്റീവ് സ്മിത്തിന്റെ (138) കരുത്തുറ്റ ബാറ്റിങ്ങുമാണ് ഓസീസിന് ഒന്നാം ഇന്നിങ്സിൽ 183 റൺസിന്റെ വലിയ ലീഡ് നേടിക്കൊടുത്തത്. ആദ്യ മൂന്ന് ടെസ്റ്റുകളും ജയിച്ച് ഓസ്ട്രേലിയ നേരത്തെ തന്നെ ആഷസ് നിലനിർത്തിയിരുന്നു. നാലാം ടെസ്റ്റിലെ ജയം മാത്രമാണ് ഇംഗ്ലണ്ടിന് ഈ പരമ്പരയിൽ ആശ്വസിക്കാനുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.