
യുഎസ് ഭീകരവാദികളുടെ കരിമ്പട്ടികയില്‍ നിന്ന് നീക്കം ചെയ്ത് ഒരു ദിവസത്തിന് ശേഷം, സിറിയന്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറ സുപ്രധാനമായ ഔദ്യോഗിക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തി. ശനിയാഴ്ച അദ്ദേഹം യുഎസില്‍ എത്തിയതായി സിറിയയിലെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഷറ, തിങ്കളാഴ്ച വൈറ്റ് ഹൗസില്‍വെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ കാണും എന്നാണ് വിവരം. സിറിയയിലെ ദീര്‍ഘകാല ഭരണാധികാരിയായിരുന്ന ബഷാര്‍ അല്‍ അസദിനെ, കഴിഞ്ഞ വര്‍ഷം അവസാനം വിമത നീക്കത്തിലൂടെ അട്ടിമിറിച്ചാണ് ഷറ അധികാരം സ്വന്തമാക്കിയത്. 1946‑ല്‍ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ആദ്യമായാണ് ഒരു സിറിയന്‍ പ്രസിഡന്റ് ഇത്തരമൊരു സന്ദര്‍ശനം നടത്തുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. മേയില്‍ യുഎസ് പ്രസിഡന്റിന്റെ മേഖലാ പര്യടനത്തിനിടെ റിയാദില്‍ വെച്ചാണ് ഇടക്കാല നേതാവ് ട്രംപിനെ ആദ്യമായി കണ്ടത്.
ഇസ്ലാമിക് സ്റ്റേറ്റിനെതിരായ (ഐഎസ്) യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യത്തില്‍ ചേരാനുള്ള കരാറില്‍ ഷറ ഒപ്പുവെക്കുമെന്ന് സിറിയയിലെ യുഎസ് പ്രതിനിധി ടോം ബരാക്ക് ഈ മാസം ആദ്യം പറഞ്ഞിരുന്നു.
‘മാനുഷിക സഹായം ഏകോപിപ്പിക്കുന്നതിനും സിറിയയും ഇസ്രായേലും തമ്മിലുള്ള സംഭവവികാസങ്ങള്‍ നിരീക്ഷിക്കുന്നതിനും’ ഡമാസ്‌കസിനടുത്ത് ഒരു സൈനിക താവളം സ്ഥാപിക്കാന്‍ അമേരിക്ക പദ്ധതിയിടുന്നതായി സിറിയയിലെ ഒരു നയതന്ത്രജ്ഞനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതുകൊണ്ടുതന്നെ. ഷറയെ കരിമ്പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വെള്ളിയാഴ്ചത്തെ തീരുമാനം നേരത്തേ എല്ലാവരും പ്രതീക്ഷിച്ചിരുന്നു.
കാണാതായ അമേരിക്കക്കാരെ കണ്ടെത്താന്‍ ശ്രമിക്കുന്നതും ശേഷിക്കുന്ന രാസായുധങ്ങള്‍ ഇല്ലാതാക്കുന്നതും ഉള്‍പ്പെടെയുള്ള യുഎസ് ആവശ്യങ്ങള്‍ ഷറയുടെ സര്‍ക്കാര്‍ നിറവേറ്റുന്നുണ്ടെന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് പറഞ്ഞു. ‘ബഷാര്‍ അല്‍ അസദിന്റെ സ്ഥാനമൊഴിയലിനും അസദ് ഭരണകൂടത്തിന് കീഴിലെ 50 വര്‍ഷത്തിലധികം നീണ്ട അടിച്ചമര്‍ത്തലിനും ശേഷം സിറിയന്‍ നേതൃത്വം പ്രകടിപ്പിച്ച പുരോഗതിയെ അംഗീകരിച്ചുകൊണ്ടാണ് ഈ നടപടികള്‍’ പിഗോട്ട് പറഞ്ഞു.
സെപ്റ്റംബറില്‍ ഐക്യരാഷ്ട്രസഭയിലേക്കുള്ള സുപ്രധാന സന്ദര്‍ശനത്തിന് ശേഷമാണ് ഷറയുടെ വാഷിംഗ്ടണ്‍ യാത്ര എന്നതും ശ്രദ്ധേയമാണ്. അമേരിക്കന്‍ മണ്ണിലെ അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനമായിരുന്നു അത്. ന്യൂയോര്‍ക്കില്‍ വെച്ച് യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുന്ന പതിറ്റാണ്ടുകള്‍ക്കിടയിലെ ആദ്യത്തെ സിറിയന്‍ പ്രസിഡന്റായി ആ മുന്‍ ഭീകരവാദി മാറി.
വ്യാഴാഴ്ച, അദ്ദേഹത്തിനെതിരായ യുഎന്‍ ഉപരോധം നീക്കാന്‍ രക്ഷാസമിതിയില്‍ വാഷിംഗ്ടണ്‍ ഒരു വോട്ടെടുപ്പിന് നേതൃത്വം നല്‍കി. മുന്‍പ് അല്‍ ഖ്വായ്ദയുമായി ബന്ധമുണ്ടായിരുന്ന ഷറയുടെ സംഘടനയായ ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിനെ (എച്ച്ടിഎസ്) ജൂലൈയില്‍ വാഷിംഗ്ടണ്‍ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.