ഡമാസ്കസ് കീഴടക്കിയതായി വിമതസൈന്യം പ്രഖ്യാപിച്ചപ്പോൾ വിമാനമാർഗ്ഗം രാജ്യം വിട്ട സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ-അസദിനും കുടുംബത്തിനും അഭയം നൽകി റഷ്യ. അസദും കുടുംബവും റഷ്യയിലെത്തിയതായി റഷ്യൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഭാര്യ അസ്മയ്ക്കും രണ്ട് മക്കൾക്കുമൊപ്പമാണ് അസദ് സിറിയ വിട്ടത്. മാനുഷിക പരിഗണനയിലാണ് റഷ്യ അസദിനും കുടുംബത്തിനും അഭയം നൽകിയതെന്നാണ് റഷ്യൻ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്. സമാധാനപരമായ അധികാരകൈമാറ്റം ഉറപ്പാക്കാനാണ് അസദ് രാജ്യം വിട്ടതെന്നും റഷ്യ നേരത്തെ വ്യക്തമാക്കിയിരുന്നു.
എന്നാൽ അസദ് ഭരണകൂടും വീണതോടെ ലോകത്തെമ്പാടുമുള്ള സിറിയക്കാർ അത് ആഘോഷിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. സിറിയയിലും ജനങ്ങൾ ആഘോഷത്തിലാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. സിറിയയിൽ അധികാരം വിമതർക്ക് കൈമാറാൻ നിർദേശം നൽകിയതിന് ശേഷമാണ് ബാഷർ അൽ അസദ് രാജ്യം വിട്ടതെന്നായിരുന്നു റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. എന്നാൽ ബാഷർ അൽ അസദ് എങ്ങോട്ടാണ് പോയതെന്ന് റഷ്യ ഔദ്യോഗികമായി വ്യക്തമാക്കിയിരുന്നില്ല. ബാഷർ രാജ്യം വിട്ടതിൽ റഷ്യയ്ക്ക് പങ്കില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
സിറിയയിലുള്ള സൈനിക താവളങ്ങളുടെ സുരക്ഷ വർധിപ്പിച്ചതായും റഷ്യ പറഞ്ഞിരുന്നു. നേരത്തെ സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി അധികാരം വിമതർക്ക് കൈമാറിയിരുന്നു. അധികാരം കൈമാറിയതിന് പിന്നാലെ അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. താൻ രാജ്യം വിട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചിരുന്നു. ജനങ്ങൾ തെരഞ്ഞെടുത്ത നേതൃത്വവുമായി സഹകരിക്കാൻ താൻ തയ്യാറാണ്. താൻ എവിടേക്കും രക്ഷപ്പെട്ടിട്ടില്ല. വീട്ടിൽ തന്നെയുണ്ട്. ഇതെന്റെ രാജ്യമാണ്. രാജ്യത്തോടാണ് തനിക്ക് വിധേയത്വമെന്നും മുഹമ്മദ് ഗാസി അൽ ജലാലി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.