ആഭ്യന്തര വകുപ്പിലെ ചില ഉദ്യോഗസ്ഥർക്കെതിരെ പി വി അൻവർ എംഎൽഎ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും പരാതിയിൽ മുഖ്യമന്ത്രി കർശന നിലപാടാണ് സ്വീകരിക്കുന്നതെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കോഴിക്കോട് പ്രസ് ക്ലബ്ബിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണത്തിൽ ശക്തമായ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആരോപണം ഉന്നയിച്ചതു കൊണ്ടു മാത്രം ഒരാൾ കുറ്റക്കാരനാകില്ല. അത് അന്വേഷിച്ച് തെളിയിക്കുകയും വേണം. പരാതിയിൽ പരിശോധന നടത്താമെന്നും നടപടി എടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അൻവർ പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവങ്ങളും പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങളുമാണ്. അവ പറയുന്നതിൽ തെറ്റില്ല. അൻവറിന്റെ ഇടപെടൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ ബാധിക്കില്ല. തെറ്റ് ചെയ്തോ ഇല്ലയോ എന്നതിൽ അന്വേഷണം നടക്കട്ടെ.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരായ ആരോപണങ്ങളിൽ വിവരങ്ങൾ പുറത്തുവരട്ടെ. അതുൾപ്പെടെ എല്ലാം സർക്കാർ പരിശോധിക്കും. തെറ്റുകൾക്കതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോകും. തനിയ്ക്കെതിരെയും പണ്ട് ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ പിന്നീട് ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
അതേസമയം, ഇക്കാര്യത്തിൽ പി വി അൻവർ പരസ്യ പ്രസ്താവന നടത്തിയത് ശരിയോ എന്ന് അദ്ദേഹം പരിശോധിക്കട്ടെ. ഇക്കാര്യങ്ങളെയെല്ലാം സർക്കാർ അതിജീവിച്ചു മുന്നോട്ടു പോകും. കേരളത്തിൽ കഴിഞ്ഞ എട്ടുവർഷമായി എൽഡിഎഫ് സർക്കാരാണ് ഭരണം നടത്തുന്നത്. ഇനിയും ഭരണത്തുടർച്ച ലഭിക്കും. എന്നാൽ ചിലർ എൽഎഫ് സർക്കാരിനെ തകർക്കാനുള്ള ബോധപൂർവമായ ശ്രമം നടത്തുകയാണ്. അതെല്ലാം ജനങ്ങൾ ചെറുത്തുതോൽപ്പിക്കും. 2021 ൽ 2016ലേതിനേക്കാൾ കൂടുതൽ ഭൂരിപക്ഷത്തിനാണ് ജനങ്ങൾ ഇടതുമുന്നണിയെ തുടർച്ചയായി അധികാരത്തിലേറ്റിയത്. ജനങ്ങൾ ഇടതുപക്ഷത്തോടൊപ്പമാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.
ഇ പി ജയരാജൻ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മറ്റി അംഗമാണ്. അദ്ദേഹം ആ നേതൃത്വത്തിൽ തുടരുമെന്ന് തന്നെയാണ് വിശ്വസിക്കുന്നത്. സിപിഐഎമ്മിന്റെ വളർച്ചയ്ക്കുവേണ്ടി ഒരുപാട് ത്യാഗം അനുഭവിച്ച ആളാണ് ഇ പിയെന്നും ഇനിയും പാർട്ടിക്ക് സംഭാവന നൽകാൻ അദ്ദേഹത്തിന് സാധിക്കുമെന്നും ടി പി രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.
വനം വകുപ്പുമന്ത്രി എ കെ ശശീന്ദ്രനെ തൽസ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യത്തിൽ മുന്നണിയിൽ ഒരു ചർച്ചയും നടത്തിയിട്ടില്ല. അത് അവരുടെ പാർട്ടിയാണ് തീരുമാനിക്കുക. പാർട്ടി അത്തരത്തിൽ നിർദ്ദേശംവെച്ചാൽ മുന്നണി ചർച്ച ചെയ്യും.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ കുതിപ്പിനെ തടയാൻ ഇന്ത്യാ മുന്നണിക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണ്. കോർപ്പറേറ്റുകളാണ് ഇപ്പോഴും നരേന്ദ്ര മോഡി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്ക് രൂപം നൽകുന്നത്. കേരളം മാത്രമാണ് ദേശീയ തലത്തിൽ ഇതിനു ബദലായി ഉയർന്നുനിൽക്കുന്നത്. കേരളം സമ്പൂർണ്ണ ദാരിദ്ര്യ നിർമ്മാർജ്ജനം എന്ന ലക്ഷ്യത്തിലേക്ക് കടക്കുകയാണ്. കേരളത്തിൽ ഒരു മനുഷ്യനും പട്ടിണികിടക്കാൻ പാടില്ലെന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ നയം. ജനങ്ങളെ വിശ്വാസത്തിലെടുത്താണ് ഇടതുപക്ഷം മുന്നോട്ട് പോകുന്നത്. ജനങ്ങളിൽ നിന്ന് പ്രശ്നങ്ങൾ പഠിച്ച് ഭാവി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുക എന്നതാണ് എൽഡിഎഫ് നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും തുടർ വികസനം സാധ്യമാക്കാനും ഇടതുമുന്നണിയിലെ എല്ലാ പാർട്ടികളേയും ഏകോപിപ്പിച്ച് മുന്നോട്ട് പോകുമെന്നും ടി പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.