1 January 2026, Thursday

Related news

January 1, 2026
January 1, 2026
January 1, 2026
December 31, 2025
December 31, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025
December 30, 2025

ചാമ്പ്യന്‍സ് ആഗയ; മുംബൈയില്‍ ആവേശത്തിരമാല

Janayugom Webdesk
ന്യൂഡല്‍ഹി/ മുംബൈ
July 4, 2024 10:35 pm

ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടവുമായി ഡല്‍ഹി വിമാനത്താവളത്തിലിറങ്ങിയ ഇന്ത്യന്‍ ടീമിന് വമ്പന്‍ സ്വീകരണമാണ് ബിസിസിഐയും ആരാധകരും ചേര്‍ന്ന് നല്‍കിയത്. വിമാനത്താവളത്തിന് പുറത്ത് തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് നടുവിലൂടെ കരഘോഷത്തോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ടീം ബസിലേക്ക് പ്രവേശിച്ചത്. ഇന്ത്യന്‍ ടീമിനെ സ്വീകരിക്കാന്‍ ആരാധകരുടെ വലിയ തിരക്കായിരുന്നു ഉണ്ടായിരുന്നത്. ആരാധകര്‍ ആര്‍പ്പുവിളിച്ച് ഇന്ത്യന്‍ താരങ്ങളുടെ ടീം ബസിന് ചുറ്റും നില്‍ക്കുന്നത് കണ്ട് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസവുമായ വിരാട് കോലിയുടെ പ്രതികരണം വൈറലായിരിക്കുകയാണ്. ടീം ബസിന്റെ മുന്‍ നിരയില്‍ വലിയ ആരാധക കൂട്ടത്തെ കണ്ട് ആവേശത്തോടെ ഇരിക്കുന്ന വിരാട് കോലിയുടെ വീഡിയോ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. 

രാവിലെ 6.57 ഓടെയാണ് താരങ്ങൾ വിമാനത്താവളത്തിനു പുറത്തെത്തി ബസുകളിലേക്കു കയറിയത്. വിരാട് കോലിയാണ് ആദ്യം പുറത്തെത്തിയത്. ആരാധകർ ടീമിനായി അവേശത്തിൽ മുദ്രാവാക്യം വിളിച്ചു. പിന്നാലെ ഓരോ താരങ്ങളായി പുറത്തെത്തി ബസിലേക്ക് കയറി. നിർണായക ക്യാച്ച് എടുത്ത സൂര്യകുമാർ യാദവ് പുറത്തെത്തിയപ്പോഴും വലിയ രീതിയിൽ കരഘോഷം മുഴങ്ങി. കിരീട നേട്ടത്തിനുശേഷം നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ‘ബെറില്‍’ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ഇതോടെ ബാര്‍ബഡോസിലെ വിമാനത്താവളവും അടച്ചു. കാറ്റഗറി നാലില്‍പ്പെടുന്ന ചുഴലിക്കാറ്റും മഴയും കാരണം ടീമിന് മൂന്നുദിവസമായി ഹോട്ടലില്‍ തുടരേണ്ടിവന്നു. ഇതോടെയാണ് യാത്ര പ്രതിസന്ധിയിലായത്. ബിസിസിഐ ഇടപെട്ടാണ് പ്രത്യേക വിമാനം ഏര്‍പ്പാടാക്കിയത്.

കനത്ത മഴയെയും അവഗണിച്ച് മുംബൈയില്‍ തടിച്ചുകൂടിയ ആരാധകര്‍ക്ക് നടുവിലൂടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ടി20 ലോകകിരീടവുമായി തുറന്ന ബസില്‍ പരേഡ് ചെയ്തത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലായിരുന്നു വിക്ടറി പരേഡ്. ഇന്ത്യന്‍ ടീമിന്റെ ജേഴ്‌സിയുടെ നിറത്തിലുള്ള ബസില്‍ ടീം കിരീടം ചൂടി നില്‍ക്കുന്ന ചിത്രവും ചേര്‍ത്തിട്ടുണ്ടായിരുന്നു. രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ താരങ്ങള്‍ക്കൊപ്പം വിജയ ആഘോഷത്തിന് ലക്ഷക്കണക്കിന് ആരാധകരാണ് എത്തിച്ചേർന്നത്.

2007ലെ പ്രഥമ ടി20 കിരീടത്തിന് ശേഷം 17 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് രണ്ടാമതൊരു ടി20 കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്. മാത്രമല്ല 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഒരു ഐസിസി കിരീടം ഇന്ത്യ നേടുന്നതും. വൈകിട്ട് ഏഴ് മണിയോടെ മുംബൈ മറൈന്‍ ഡ്രൈവില്‍ നിന്ന് വാങ്കഡെ സ്റ്റേഡിയത്തിലേക്ക് തുറന്ന ബസില്‍ തുടങ്ങിയ വിക്ടറി പരേഡ് കാണാന്‍ മനുഷ്യസാഗരമാണ് ഒഴുകിയെത്തിയത്. മറൈൻ ഡ്രൈവില്‍ അണിനിരന്നവർ ഹാർദിക് പാണ്ഡ്യക്ക് വേണ്ടി മുദ്രാവാക്യം മുഴക്കിയതും കാലത്തിന്റെ കാവ്യനീതിയായി മാറി എന്നതും എടുത്ത് പറയേണ്ടതാണ്. വൈകിട്ട് അഞ്ചു മണിക്കു തുടങ്ങാനിരുന്ന റോഡ് ഷോ മണിക്കൂറുകൾ വൈകിയെങ്കിലും ആരാധകർ ക്ഷമയോടെ കാത്തിരിന്നു. 

നാലു മണി മുതലാണ് വാങ്കഡെ സ്റ്റേ­ഡിയത്തിലേക്ക് ആരാധകരെ കയറ്റിത്തുടങ്ങിയത്. റോഡ് ഷോ തുടങ്ങും മുമ്പേ സ്റ്റേഡിയത്തിലെ ഗ്യാലറികള്‍ മുഴുവന്‍ നിറഞ്ഞു. ആഘോഷ പരിപാടികളുടെ ഭാഗമാകാൻ സ്റ്റേഡിയത്തിലേക്ക് ആരാധകരെ സൗജന്യമായാണ് പ്രവേശിപ്പിച്ചത്. ഇതിനിടെ സീനിയര്‍ താരങ്ങളായ വിരാട് കോലിക്കും രോഹിത് ശര്‍മയ്ക്കും എയര്‍ലൈന്‍ വിസ്താര ആദരം നല്‍കി. ഡല്‍ഹിയില്‍നിന്ന് ഇന്ത്യന്‍ ടീമംഗങ്ങളെയും വഹിച്ച് മുംബൈയിലെത്തിയ വിസ്താര വിമാനത്തിന്റെ നമ്പര്‍ യുകെ 1845 എന്നതായിരുന്നു. വിരാട് കോലിയുടെ ജേഴ്‌സി നമ്പറായ പതിനെട്ടും രോഹിത് ശര്‍മയുടെ ജേഴ്സി നമ്പറായ 45ഉം പ്രതിനിധാനം ചെയ്യുന്നു ഇത്. വിമാനത്തിന് വാട്ടര്‍ സല്യൂട്ട് നല്‍കിയും ആദരമര്‍പ്പിച്ചു.

Eng­lish Sum­ma­ry: t20 A wave of excite­ment in Mumbai
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.