അനൗൺസ്മെന്റുകളും ഫ്ളക്സ്ബോർഡുകളും പോസ്റ്ററുകളുമൊക്കെ കടന്ന് ഒരു പടികൂടി മുന്നിലാണ് സോഷ്യൽ മീഡിയയിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ. തൊഴുകൈകളുമായി ചിരിതൂകുന്ന പോസ്റ്ററുകളിലെ സ്ഥാനാർത്ഥികളുടെ ചിത്രങ്ങളെക്കാൾ കുറിക്ക് കൊള്ളുന്ന ‘ടാഗ് ലൈനു‘കളാണ് സോഷ്യൽമീഡിയയിലെ തെരഞ്ഞെടുപ്പ് പോസ്റ്ററുകളിലെ താരം. വായിക്കുമ്പോഴും കേൾക്കുമ്പോഴും ഇമ്പം തോന്നുന്ന, സ്ഥാനാർഥിയും മുന്നണിയും മുന്നോട്ടുവെക്കുന്ന ആശയം ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് ടാഗ് ലൈന്‍. ഒറ്റ കാഴ്ചയിൽ ഹൃദയത്തിൽ ചേർക്കുന്നതിനൊപ്പം വോട്ടുയന്ത്രങ്ങൾക്ക് മുന്നിലെത്തുമ്പോഴും ആ ടാഗ് ലൈനുകളുമായി സ്ഥാനാർഥി ഓർമയിലെത്തണം. ടാഗ് ലൈനുകളിലൂടെ മുന്നണികൾ ലക്ഷ്യംവെക്കുന്നത് ഇതാണ്. അതിനാൽ എല്ലാ സ്ഥാനാർഥികളും ടാഗ്‍ലൈനുകളെ കൂട്ടുപിടിച്ചാണ് പ്രചാരണം. പോസ്റ്ററിലും നവമാധ്യമങ്ങളിലും വ്യത്യസ്ത ടാഗ് ലൈനാണ് മുന്നണികൾ പരീക്ഷിക്കുന്നത്.
കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ‘ഇരുപതിൽ ഒന്നാമൻ, ഒന്നാമന് ഒരുവോട്ട്, ചാഴികാടന് ഒപ്പം, കരുതലായി കാവലായി’ എന്നിങ്ങനെ വികസനത്തിലൂന്നിയ ടാഗ് ലൈനാണ് ഉപയോഗിക്കുന്നത്. എം പിയെന്ന നിലയിൽ ചാഴികാടൻ അഞ്ചുവർഷം നടത്തിയ പ്രവർത്തനം ജനമനസ്സുകളിലേക്ക് വേഗത്തിൽ എത്തിക്കാനാണ് ഇതിലൂടെ എൽഡിഎഫ് ലക്ഷ്യമിടുന്നത്. കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ നിയോജക മണ്ഡലങ്ങൾ ഉൾപ്പെടുന്ന പത്തനംതിട്ടയിലാണ് ‘ടാഗ്‍ലൈനുകളുടെ’ മത്സരം. പത്തനംതിട്ടയിൽ ഇത്തവണ തോമസ് ഐസക് എന്നതിനൊപ്പം ‘നാടുണരട്ടെ, നന്മ നിറയട്ടെ’ എന്നതും എൽഡിഎഫ് മുന്നോട്ടുവെക്കുന്നു. മാറ്റത്തിൽ ഊന്നുന്ന എൽഡിഎഫ് സ്ഥാനാർഥി സി എ അരുൺകുമാർ ‘മാവേലിക്കരയുടെ ഖൽബ്, നമ്മടെ പയ്യൻ’, താങ്ങായി തണലായി അരുൺകുമാർ, അരുണുണ്ട് കൂടെ തുടങ്ങി ഓരോ ദിവസവും വോട്ടർമാരുടെ ഹൃദയത്തിലേക്ക് ആഴ്ന്ന് ഇറങ്ങുന്ന ടാഗ് ലൈനുകളാണ് ഒരുക്കുന്നത്. സിനിമ പോസ്റ്റർ മാതൃകയിൽ സൂപ്പർ അരുൺ എന്ന പോസ്റ്ററുകളും ചങ്ങനാശ്ശേരിയിലടക്കം പതിച്ചിട്ടുണ്ട്.
കുറിക്കുകൊള്ളുന്ന ടാഗ് ലൈനുകളുമായി തൃശൂരിലെ ഇടത് സ്ഥാനാർത്ഥി സുനിൽകുമാറാണ് ആദ്യം തന്നെ സോഷ്യൽമീഡിയയിലേക്കെത്തിയത്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെ ഒറ്റവരിയിൽ ന്നാ പിന്നെ ഇറങ്ങുവല്ലേ… എന്ന സുനിൽകുമാറിന്റെ പോസ്റ്റ് നിരവധി പേരാണ് ഏറ്റെടുത്തത്. ഇടതുണ്ടെങ്കിലേ ഇന്ത്യയുള്ളൂ.… പറച്ചിലിലല്ല പ്രവർത്തിയിലാണ് കാര്യം തുടങ്ങി സജീവമായ നിരവധി ടാഗ് ലൈനുകൾ തൃശൂർ സ്ഥാനാർത്ഥിയുടേതായുണ്ട്. ‘വെറുപ്പിന്റെ ശക്തികൾക്കെതിരെ സ്നേഹത്തിന്റെ രാഷ്ട്രീയവുമായാണ് തിരുവനന്തപുരത്തെ ഇടത് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ രംഗത്തുള്ളത്. ‘വയനാടിന്റെ ശബ്ദമാവാനാണ് ’ ഇടത് സ്ഥാനാർത്ഥി ആനി രാജയെത്തുന്നത്. യുഡിഎഫ്, എൻഡിഎ സ്ഥാനാർത്ഥികളും ടാഗ് ലൈനുകൾ ഒരുക്കുന്നതിൽ ഒട്ടും പിന്നിലല്ല.
2016ലെ നിയമസഭ തെരഞ്ഞെടുപ്പിലാണ് ടാഗ് ലൈന്‍ ഹിറ്റായി മാറിയത്. എൽഡിഎഫ് വരും എല്ലാം ശരിയാകും’ എന്ന് ഇടതുപക്ഷവും ‘വളരണം ഈ നാട്, തുടരണം ഈ ഭരണം’ എന്ന് യുഡിഎഫും എഴുതി. യുഡിഎഫിന്റെ ടാഗ് ലൈൻ എല്ലാവരും മറന്നെങ്കിലും എൽഡിഎഫ് ടാഗ് ലൈൻ ഇന്നും സജീവമാണ്.
English Summary: ‘Tag lines’ star in the campaign
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.