18 December 2024, Wednesday
KSFE Galaxy Chits Banner 2

വാലറ്റം ആശ്വാസം; ഫോളോ ഓണ്‍ ഒഴിവാക്കി ബുംറയും ആകാശും

Janayugom Webdesk
ബ്രിസ്‌ബെയ്ന്‍
December 17, 2024 10:05 pm

ഗാബയില്‍ ഫോളോ ഓണില്‍ നിന്നും ഇന്ത്യയെ രക്ഷിച്ച് വാലറ്റക്കാരായ ജസ്പ്രീത് ബുംറയും ആകാശ് ദീപും. നാലാം ദിനവും മഴ തടസപ്പെടുത്തിയതോടെ മത്സരം നേരത്തെ അവസാനിപ്പിച്ചു. ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ആകാശ് ദീപ് 27 റൺസോടെയും ജസ്പ്രീത് ബുംറ 10 റണ്‍സോടെയും ക്രീസിലുണ്ട്. പിരിയാത്ത 10–ാം വിക്കറ്റിൽ 54 പന്തിലാണ് ഇരുവരും നിർണായകമായ 39 റൺസ് കൂട്ടിച്ചേർത്തത്. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 193 റണ്‍സ് പിന്നിലാണ് ഇന്ത്യ.

ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ തുടക്കത്തിലും (84) ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ മധ്യത്തിലുമുള്ള (77) ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ 200 കടത്തിയത്. 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സ്കോര്‍ 74ൽ നില്‍ക്കെ വീണിട്ടും രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് പൊരുതിയ രാഹുല്‍ അര്‍ഹിച്ച സെഞ്ചുറിയിലേക്ക് മുന്നേറവെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ് സ്പിന്നര്‍ നതാന്‍ ലിയോണിനെ പന്തേല്പിച്ചു. ലിയോണിന് സ്പിന്നൊന്നും ലഭിച്ചില്ലെങ്കിലും രാഹുലിന്റെനിര്‍ണായക വിക്കറ്റ് വീഴ്ത്താനായി. 84 റണ്‍സെടുത്തിരുന്ന രാഹുല്‍ ലിയോണിനെ കട്ട് ചെയ്യാനുള്ള ശ്രമത്തില്‍ സ്ലിപ്പില്‍ സ്മിത്തിന്റെ അനായാസ ക്യാച്ചില്‍ പുറത്തായി. രാഹുല്‍ പുറത്തായശേഷം ആദ്യം നിതിഷ് റെഡ്ഡിക്കൊപ്പവും(16) പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ചും ഒറ്റയ്ക്ക് പൊരുതിയ ജഡേജ ഇന്ത്യയെ ഫോളോ ഓണില്‍ നിന്ന് കരകയറ്റുമെന്ന് കരുതിയെങ്കിലും പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സറില്‍ മിച്ചല്‍ മാര്‍ഷിന്റെ തകര്‍പ്പന്‍ ക്യാച്ചില്‍ ജഡേജ മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷ മങ്ങി. നിതിഷ്‌ റെഡ്ഡി (16), മുഹമ്മദ് സിറാജ് (1) എന്നിങ്ങനെയാണ് ഇന്നലെ വീണ മറ്റു വിക്കറ്റുകള്‍. തുടക്കക്കാര്‍ നന്നേ നിരാശപ്പെടുത്തിയ മത്സരത്തില്‍ മധ്യ‑വാലറ്റ നിരയാണ് ഇന്ത്യയുടെ മാനംകാത്തത്. ഒരറ്റത്തു വിക്കറ്റുകൾ കൊഴിഞ്ഞതോടെ സമ്മർദത്തിലായ ജഡേജ, കൂറ്റൻ ഷോട്ടിനു ശ്രമിച്ച് പുറത്തായതോടെ ഇന്ത്യ ഫോളോ ഓണിന്റെ വക്കിലായി. ഒടുവിൽ ബുംറ – ആകാശ്ദീപ് സഖ്യമാണ് ഇന്ത്യയെ രക്ഷിച്ചത്. ഓസ്ട്രേലിയയ്ക്കായി പാറ്റ് കമ്മിന്‍സ് നാലു വിക്കറ്റുകള്‍ നേടിയപ്പോള്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകളും നേടി. ജോഷ് ഹേസല്‍വുഡ്, നതാന്‍ ലിയോ­ണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. 

ആദ്യ ഇന്നിങ്സില്‍ ഓസ്ട്രേലിയ 445ന് പുറത്തായിരുന്നു. ട്രാവിസ് ഹെഡിന്റെയും (152) സ്റ്റീവന്‍ സ്മിത്തിന്റെയും (101) ഇന്നിങ്സുകളാണ് ഓസീസിന് തുണയായത്. അലക്സ് ക്യാരി 70 റണ്‍സുമെടുത്തു. ഇന്ത്യക്കായി ജസ്പ്രീത് ബുംറ ആറും മുഹമ്മദ് സിറാജ് രണ്ടും ആകാശ് ദീപ്, നിതിഷ് റെഡ്ഡി എന്നിവര്‍ ഓരോന്നും വിക്കറ്റുകള്‍ നേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.