യാത്രക്കാരുടെ ക്ഷമ പരീക്ഷിച്ച് തകഴി റെയിൽവേ ഗേറ്റ് വീണ്ടുമടക്കുന്നു. പ്രതിഷേധവുമായി യാത്രക്കാർ. അറ്റകുറ്റപ്പണിക്കായി ബുധനാഴ്ച രാവിലെ 6 മുതൽ വ്യാഴാഴ്ച വൈകിട്ട് 6 വരെയാണ് ഗേറ്റ് വീണ്ടുമടക്കുന്നത്. കഴിഞ്ഞ മാസം 25, 26, 27 തീയതികളിൽ അറ്റകുറ്റപ്പണിയുടെ പേരിൽ ഗേറ്റടച്ചതിന് ഒരാഴ്ച പിന്നിട്ടപ്പോഴാണ് യാത്രക്കാർക്ക് ദുരിതം വിതച്ച് വീണ്ടും ഇതേ പേരിൽ ഗേറ്റടക്കുന്നത്. ഇതോടെ അമ്പലപ്പുഴ — തിരുവല്ല സംസ്ഥാന പാതയിൽ രണ്ട് ദിവസം യാത്രാക്ലേശം വർധിക്കുമെന്ന് ഉറപ്പായി. ഇപ്പോൾ റെയിൽ പാളത്തിന്റെ ഇരുഭാഗത്തും ടാറിംഗില്ലാതെ മെറ്റിലുകൾ മാത്രമാണുള്ളത്. കൂടാതെ പാളത്തിന്റെ മധ്യത്തിൽ കൂറ്റൻ കല്ലുകൾ കിടക്കുന്നതു മൂലം വലിയ വാഹനങ്ങൾക്കു പോലും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇരുചക്രവാഹനക്കാരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്.
കെഎസ്ആർടിസിയുടെ ദീർഘദൂര ബസുകൾ ഉൾപ്പെടെ പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങളാണ് ഈ റൂട്ടിനെ ആശ്രയിക്കുന്നത്. റെയിൽവേ ഗേറ്റ് തുടർച്ചയായി അടക്കുന്നതു മൂലം ആയിരങ്ങളാണ് യാത്രാ ദുരിതത്തിൽ വലയുന്നത്. ഗേറ്റടക്കുന്ന ദിവസങ്ങളിൽ കെഎസ്ആർടിസി ഈ റൂട്ടിൽ ദീർഘ ദൂര സർവീസുകൾ റദ്ദാക്കും.പകരം ആലപ്പുഴയിൽ നിന്നും തിരുവല്ലയിൽ നിന്നുമുള്ള ഓർഡിനറി ബസുകൾ തകഴി വരെ മാത്രമാണ് സർവീസ് നടത്തുക. പ്രത്യേകിച്ചും രാവിലെയും വൈകിട്ടും വിദ്യാർത്ഥികൾ, സർക്കാർ. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണ് ഏറ്റവും കൂടുതൽ വലയുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ അറ്റകുറ്റപ്പണിയുടെ പേര് പറഞ്ഞ് തകഴി റെയിൽവേ ഗേറ്റ് പല തവണയാണ് അടച്ചിട്ടത്. പതിവായി അറ്റകുറ്റപ്പണി നടത്തുന്നുണ്ടെങ്കിലും ഇവിടുത്തെ യാത്രാ ദുരിതത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ആംബുലൻസുകൾ ഉൾപ്പെടെയുള്ളവ ഇവിടുത്തെ യാത്രാ ദുരിതത്തിൽപ്പെട്ട് വലയുന്നത് പതിവാണ്. അറ്റകുറ്റപ്പണിയുടെ പേരിൽ നിരന്തരം റെയിൽവെ ഗേറ്റ് അടക്കുന്നതിനാൽ യാത്രാ ദുരിതത്തിന് പരിഹാരമായി ഇവിടെ മേൽപ്പാലം വേണമെന്ന ആവശ്യത്തിനു നേരെയും അധികൃതർ കണ്ണടക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.