12 January 2026, Monday

Related news

January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 12, 2026
January 11, 2026
January 11, 2026
January 11, 2026
January 10, 2026

മൂന്നാമൂഴം ഉറപ്പിക്കാൻ പ്രവർത്തന നിരതരാവുക: സിപിഐ

Janayugom Webdesk
തിരുവനന്തപുരം
January 10, 2026 10:36 pm

ദേശീയ രാഷ്ട്രീയത്തിൽ ഇടതുപക്ഷമുയർത്തിപ്പിടിക്കുന്ന ബദൽ നയ സമീപനങ്ങളുടെ പ്രതീകമായ എൽഡിഎഫിന്റെ വിജയം ഉറപ്പാക്കാൻ വീറുറ്റ പോരാട്ടത്തിൽ അണിനിരക്കാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് ജനങ്ങളോട് ആഹ്വാനം ചെയ്തു. ആർഎസ്എസ്- ബിജെപി നയിക്കുന്ന വർഗീയ പിന്തിരിപ്പൻ ശക്തികളും അവരുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരും ഏറ്റവും ഭയക്കുകയും വെറുക്കുകയും ചെയ്യുന്നത് കേരളത്തിലെ എൽഡിഎഫ് ഭരണമാണ്. 

ഭരണഘടന നിർദേശിക്കുന്ന ഫെഡറൽ തത്വങ്ങൾ എല്ലാം ചവിട്ടി മെതിച്ചുകൊണ്ട് എൽഡിഎഫ് സർക്കാരിനെ രാഷ്ട്രീയമായി കടന്നാക്രമിക്കുവാനും സാമ്പത്തികമായി ശ്വാസംമുട്ടിക്കുവാനും ആണ് ആർഎസ്എസ്- ബിജെപി സർക്കാർ കഴിഞ്ഞ 10 കൊല്ലം ശ്രമിച്ചു പോന്നിട്ടുള്ളത്. അതിനെ അതിജീവിച്ചാണ് എൽഡിഎഫ് സർക്കാർ ആരെയും വിസ്മയിപ്പിക്കുന്ന വികസന ക്ഷേമ പ്രവർത്തനങ്ങളുമായി ജനങ്ങൾക്കൊപ്പം നിലകൊണ്ടത്. എൽഡിഎഫ് സർക്കാരിന്റെ മൂന്നാമൂഴം ഉറപ്പാക്കുക എന്നുള്ളത് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും പുരോഗതി ലക്ഷ്യമാക്കുന്ന എല്ലാവരുടെയും കർത്തവ്യമാണ്. പാവങ്ങൾക്ക് ഭൂമിയും കിടപ്പാടവും ഭക്ഷണവും ഉറപ്പാക്കിയ ഇടതുപക്ഷഭരണത്തിൽ കേരളം വികസനത്തിന്റെ എല്ലാ സൂചികകളിലും ഒന്നാമതെത്തി. 

ചരിത്ര പ്രാധാന്യമുള്ള ഈ മുന്നേറ്റം തുടരേണ്ടത് മുഴുവൻ ജനങ്ങളുടെയും താല്പര്യമാണെന്ന് സിപിഐ വിശ്വസിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ പഠിക്കാനും ആവശ്യമായ തിരുത്തലുകൾ വരുത്താനും ഇടതുപക്ഷം തയ്യാറാകുന്നത് ഈ കാഴ്ചപ്പാടോടുകൂടിയാണ്. സ്വയം വിമർശനപരമായി കുറവുകൾ കണ്ടെത്തുകയും ജനങ്ങളെ വിശ്വാസത്തിൽ എടുത്തു കൊണ്ട് തെറ്റുകൾ തിരുത്തുകയും ചെയ്യുന്നത് ഇടതുപക്ഷ ഗുണമാണ്. ആ ഗുണമാണ് ഇടതുപക്ഷത്തെ വലതുപക്ഷത്തിൽ നിന്നും വ്യത്യസ്തമാക്കുന്നത്. 

ന്യൂനപക്ഷ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം സ്വന്തം രാഷ്ട്രീയ കടമയുടെ ഭാഗമാണെന്ന് ഇടതുപക്ഷത്തിന് അറിയാം. അതോടൊപ്പം എല്ലാ മതങ്ങളിലും പെട്ട യഥാർത്ഥ വിശ്വാസികളോട് കൈകോർത്തു കൊണ്ടായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ട് പോകുക. ഭൂരിപക്ഷ — ന്യൂനപക്ഷ വ്യത്യാസമില്ലാതെ എല്ലാ മതങ്ങളിലും ശക്തി ആർജിക്കാൻ ശ്രമിക്കുന്ന മതതീവ്രവാദത്തെ ചെറുത്തു തോൽപ്പിച്ചുകൊണ്ടേ രാജ്യത്ത് മതനിരപേക്ഷതയും ജനാധിപത്യവും നിലനിർത്താൻ സാധിക്കൂ എന്നും സിപിഐ എക്സിക്യൂട്ടീവ് ചൂണ്ടിക്കാട്ടി. അധ്വാനിക്കുന്ന മുഴുവൻ ജനതയുടെയും വർഗ ബന്ധുവായ ഇടതുപക്ഷം എല്ലാ മതങ്ങളിലും പെട്ട വിശ്വാസികളോട് ജനാധിപത്യപരമായ ഐക്യം ഊട്ടിയുറപ്പിക്കും. ഇതിനായി ഭവന സന്ദർശനങ്ങളിലൂടെയും ആരോഗ്യകരമായ മറ്റു സംവാദങ്ങളിലൂടെയും മുന്നോട്ടുപോകാൻ എല്ലാ പാർട്ടി ഘടകങ്ങളോടും ഇടതുപക്ഷ ബന്ധുക്കളോടും എക്സിക്യൂട്ടീവ് ആഹ്വാനം ചെയ്തു. 

അന്ധമായ ഇടതുപക്ഷ വിരോധത്തിന്റെ ചെളിക്കുണ്ടിലാണ്ട കേരളത്തിലെ കോൺഗ്രസ് നേതൃത്വം എക്കാലവും ബിജെപിയുടെ തോളിൽ കയ്യിട്ടവരാണ്. ഭൂരിപക്ഷ വർഗീയതയെ ചേർത്തുപിടിച്ചുകൊണ്ടിരിക്കുന്ന അതേ ഉത്സാഹത്തോടെ അവർ ഇപ്പോൾ ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ അടക്കം ന്യൂനപക്ഷ വർഗീയവാദികളുമായുള്ള ചങ്ങാത്തവും ശക്തിപ്പെടുത്തി കഴിഞ്ഞു. ഇത്തരം അവിശുദ്ധ കൂട്ടുകെട്ടിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഉണ്ടായ താൽക്കാലിക നേട്ടങ്ങൾ അവരെ ഉന്മത്തരാക്കിയതായി കേരളം കാണുന്നു. കനഗോലുമാരുടെ കാർമ്മികത്വത്തിൽ തങ്ങളുടെ രാഷ്ട്രീയ പാപ്പരത്തവും സംഘടനാ വൈരുദ്ധ്യങ്ങളും മൂടിവയ്ക്കുന്നതിൽ വിജയിച്ചു എന്നാണ് അവർ ഭാവിക്കുന്നത്. ഒരിക്കൽ ചക്ക വീണപ്പോൾ മുയൽ ചത്തതിനെ അടിസ്ഥാനമാക്കി ഭാവി രാഷ്ട്രീയതന്ത്രം മെനയുന്ന അവരുടെ വ്യാമോഹങ്ങൾ കേരളത്തിൽ വിലപ്പോവുകയില്ല. ആർഎസ്എസ്- ബിജെപി- ജമാഅത്തെ ഇസ്ലാമി- എസ്ഡിപിഐ ശക്തികളുടെ മുന്നിൽ കോൺഗ്രസ് കാണിക്കുന്ന രാഷ്ട്രീയ വിധേയത്വം അവർ അവകാശപ്പെടുന്ന ഗാന്ധി — നെഹ്രു പാരമ്പര്യങ്ങൾക്ക് തികച്ചും വിപരീതമാണ്. കോൺഗ്രസിൽ തന്നെയുള്ള മതേതരവാദികൾ ഈ പോക്കിൽ അസംതൃപ്തരാണ്. 

നരേന്ദ്രമോഡിക്കും ബിജെപിക്കും തലച്ചോർ പണയപ്പെടുത്തിയ നേതാക്കളുടെ നിര തന്നെ കോൺഗ്രസിൽ ഉണ്ട്. രാഷ്ട്രീയ കൂടുമാറ്റത്തിനായി മുഹൂർത്തം കാത്തിരിക്കുന്ന അത്തരക്കാരുടെ താവളമാണ് കേരളത്തിലെ കോൺഗ്രസ് എന്ന് ജനങ്ങൾ പലതവണ കണ്ടതാണ്. ശബരിമല വിഷയത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടപ്രകാരമുള്ള എസ്ഐടി അന്വേഷണത്തോട് എൽഡിഎഫ് സർക്കാർ പൂർണമായി സഹകരിച്ചു. കുറ്റവാളികൾ ആരായാലും അവർ ശിക്ഷിക്കപ്പെടുക തന്നെ വേണമെന്നതാണ് എൽഡിഎഫ് നിലപാട്. ക്ഷേത്ര സമ്പത്തുകൾ പൂർണമായും സംരക്ഷിക്കപ്പെടണം. അതിൽ കൈവയ്ക്കുന്നവർ ആരായാലും കുറ്റവാളികൾ തന്നെ. ശബരിമലയിലെ തന്ത്രി അറസ്റ്റിൽ ആയപ്പോൾ കോൺഗ്രസും ബിജെപിയും കെട്ടിപ്പൊക്കിയ പ്രചാരവേലയുടെ രാഷ്ട്രീയമുനയാണ് ഒടിയുന്നത്. 

ഒരുവിധ ബാഹ്യ ഇടപെടലിനും ഇടം നൽകാതെ സത്യം പുറത്തുവരുംവിധം അന്വേഷണം മുന്നോട്ടുപോകണമെന്ന് തന്നെയാണ് എൽഡിഎഫ് ആഗ്രഹിക്കുന്നത്. വോട്ടർ പട്ടികയുടെ തീവ്ര പരിശോധനയുടെ പേരിൽ പരമാവധി വോട്ടർമാരെ പുറത്താക്കാനും അനർഹരെ തിരികെ കയറ്റാനുമാണ് കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ തെരഞ്ഞെടുപ്പ് കമ്മിഷൻ ശ്രമിക്കുന്നത്. അടിക്കടി നിബന്ധനകൾ മാറ്റിയും സങ്കീർണതകൾ അടിച്ചേൽപ്പിച്ചും സ്വതന്ത്രവും നീതിപൂർവവും ആയ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് അവരുടെ നീക്കം. അതിനെ മറികടന്നു കൊണ്ട് എസ്ഐആർ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ ഇനിയുള്ള ചുരുക്കം ദിനങ്ങളിൽ സജീവമായി പ്രവർത്തിക്കാൻ എൽഡിഎഫ് ഘടകങ്ങൾ കൂട്ടായി ശ്രമിക്കും. 

കേരളത്തെ സാമ്പത്തിക ഉപരോധം കൊണ്ട് ശ്വാസം മുട്ടിക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾക്കെതിരെ 12ന് മുഖ്യമന്ത്രിയും മന്ത്രിമാരും എംപിമാരും എംഎൽഎമാരും നടത്തുന്ന പ്രതിഷേധ സമരം വിജയിപ്പിക്കാനും പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് ആഹ്വാനം ചെയ്തു. എൽഡിഎഫ് ഗവൺമെന്റിന്റെ 10 വർഷത്തെ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും തെരഞ്ഞെടുപ്പ് സമരങ്ങൾക്ക് സജ്ജമാകാനും വേണ്ടിയാണ് വികസനമുന്നേറ്റ ജാഥകൾ സംഘടിപ്പിക്കാൻ എൽഡിഎഫ് തീരുമാനിച്ചത്. അവ വിജയിപ്പിക്കാൻ എല്ലാ പാർട്ടി ഘടകങ്ങളും അംഗങ്ങളും അനുഭാവികളും മുൻനിരയിൽ ഉണ്ടാകണമെന്ന് എക്സിക്യൂട്ടീവ് ഓർമ്മപ്പെടുത്തി. യോഗത്തിൽ ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രാഷ്ട്രീയ റിപ്പോർട്ടും അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ പ്രകാശ് ബാബു, ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.