പാകിസ്ഥാനെതിരായ രണ്ടാം ടി20 ക്രിക്കറ്റിലും ന്യൂസിലാന്‍ഡിന് ജയം. മഴയെ തുടര്‍ന്ന് 15 ഓവറാക്കി ചുരുക്കിയ പോരാട്ടത്തില്‍ അഞ്ച് വിക്കറ്റ് ജയമാണ് കിവീസ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 13.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ന്യൂസിലാൻഡ് ലക്ഷ്യത്തിലെത്തി. മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കമാണ് ന്യൂസിലാന്‍ഡിന് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ സീഫെര്‍ട്ട്-അലന്‍ സഖ്യം 66 റണ്‍സ് ചേര്‍ത്തു. അഞ്ചാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. 22 പന്തുകള്‍ മാത്രം നേരിട്ട സീഫെര്‍ട്ട് അഞ്ച് സിക്‌സും മൂന്ന് ഫോറും നേടിയിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ 12 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷം അലനും പവലിയനില്‍ തിരിച്ചെത്തി. 16 പന്തുകള്‍ നേരിട്ട താരം അഞ്ച് സിക്‌സും ഒരു ഫോറും നേടിയിരുന്നു. മാര്‍ക് ചാപ്മാന്‍ (1), ഡാരില്‍ മിച്ചല്‍ (14), ജെയിംസ് നീഷം (5) എന്നിവര്‍ പെട്ടന്ന് മടങ്ങിയെങ്കിലും മൈക്കല്‍ ഹെ (16 പന്തില്‍ 21) കിവീസിനെ വിജയത്തിലേക്ക് നയിച്ചു. ക്യാപ്റ്റന്‍ മൈക്കല്‍ ബ്രേസ്‌വെല്‍ (5) പുറത്താവാതെ നിന്നു. ഹാരിസ് റൗഫ് പാകിസ്ഥാനുവേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്ന് ഓവറില്‍ 30 റണ്‍സ് വിട്ടുകൊടുത്ത ഷഹീന് അഫ്രീദിക്ക് വിക്കറ്റൊന്നും നേടാന്‍ സാധിച്ചില്ല.
തകർച്ചയോടെയാണ് പാകിസ്ഥാൻ ബാറ്റിങ് തുടങ്ങിയത്. 19 റൺസിനിടെ രണ്ട് വിക്കറ്റുകൾ നഷ്ടമായി. 28 പന്തിൽ നാല് ഫോറും മൂന്ന് സിക്സറും സഹിതം 46 റൺസെടുത്ത ക്യാപ്റ്റൻ സൽമാൻ അലി ആഗയുടെയും 14 പന്തിൽ രണ്ട് ഫോറും രണ്ട് സിക്സറും സഹിതം 26 റൺസെടുത്ത ഷദാബ് ഖാന്റെയും 14 പന്തിൽ രണ്ട് ഫോറും ഒരു സിക്സറും സഹിതം പുറത്താകാതെ 22 റൺസെടുത്ത ഷഹീൻ ഷാ അഫ്രീദിയുടെയും പ്രകടനമാണ് പാകിസ്ഥാന് ഭേദപ്പെട്ട സ്കോർ നൽകിയത്. കിവികള്‍ക്കായി ജേക്കബ് ഡഫി, ബെന്‍ സീര്‍സ്, ജെയിംസ് നീഷം, ഇഷ് സോധി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ചാമ്പ്യന്‍സ് ട്രോഫിയില്‍ ഒരു ജയം പോലുമില്ലാതെ നാണംകെട്ട പാകിസ്ഥാന്‍ ടീമില്‍ വന്‍ അഴിച്ചു പണി നടത്തിയാണ് ന്യൂസിലാന്‍ഡ് പര്യടനത്തിനെത്തിയത്. ആദ്യ മത്സരത്തില്‍ 91 റണ്‍സിന് ഓള്‍ഔട്ടാകുകയും ന്യൂസിലാന്‍ഡ് ഒമ്പത് വിക്കറ്റ് വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ 2–0ന് ന്യൂസിലാന്‍ഡ് മുന്നിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.