
ഡ്യൂറന്റ് രേഖയിലെ മാരകമായ ഏറ്റുമുട്ടലുകൾക്കുശേഷം അഫ്ഗാനിലെ താലിബാൻ ഭരണകൂടം പാകിസ്താനെതിരെ ജലയുദ്ധത്തിനൊരുങ്ങുന്നു. പാകിസ്താനിലേക്കുള്ള ജലപ്രവാഹം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ കാബൂൾ നദിയുടെ പ്രധാന പോഷകനദിയായ കുനാർ നദിയിൽ അണക്കെട്ട് നിർമിക്കാനുള്ള പദ്ധതികൾ അഫ്ഗാനിസ്ഥാൻ പ്രഖ്യാപിച്ചു. ഇരുപക്ഷത്തും നിരവധി പേർ കൊല്ലപ്പെട്ട സംഘർഷത്തെത്തുടർന്ന്, കഴിയുന്നത്ര വേഗത്തിൽ കുനാർ നദിയിൽ അണക്കെട്ട് നിർമിക്കാനുള്ള തീരുമാനം താലിബാൻ പരമോന്നത നേതാവ് മൗലവി ഹിബത്തുള്ള അഖുന്ദ്‌സാദയാണ് എടുത്തത്.
480 കിലോമീറ്റർ നീളമുള്ള കുനാർ നദി പാകിസ്താന് സമീപമുള്ള ഹിന്ദുക്കുഷ് പർവതനിരകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അഫ്ഗാനിസ്ഥാനിലൂടെ ഒഴുകി ഇത് കാബൂൾ നദിയിലേക്ക് പതിക്കുന്നു. പാകിസ്താനിൽ ഈ നദി ചിത്രാൽ നദി എന്ന പേരിലാണ് അറിയപ്പെടുന്നത്. കുനാർ നദിയുമായി ലയിക്കുന്ന കാബൂൾ നദി, പാകിസ്താന്റെ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ ജലസേചനത്തിനും കൃഷിക്കും നിർണായകമായ സിന്ധു നദിയിലേക്ക് ജലം എത്തിക്കുന്നു.
അണക്കെട്ടിന്റെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് അഫ്ഗാൻ ജല-ഊർജ മന്ത്രാലയം സ്ഥിരീകരിച്ചതായി ഇൻഫർമേഷൻ ഡെപ്യൂട്ടി മന്ത്രി മുഹാജർ ഫറാഹി എക്സിൽ കുറിച്ചു. അഫ്ഗാനികൾക്ക് സ്വന്തം ജലം കൈകാര്യം ചെയ്യാനുള്ള അവകാശമുണ്ട് എന്നും വിദേശ കമ്പനികളേക്കാൾ ആഭ്യന്തര കമ്പനികളായിരിക്കും നിർമ്മാണത്തിന് നേതൃത്വം നൽകുക എന്നും അദ്ദേഹം വ്യക്തമാക്കി. മെയ് മാസത്തിന്റെ തുടക്കത്തിൽ, താലിബാൻ ആർമി ജനറൽ മുബിൻ കുനാർ പ്രദേശം സന്ദർശിക്കുകയും “വെള്ളം അവരുടെ രക്തം പോലെയാണ്, ഇത് അവരുടെ സിരകളിലുടെ ഒഴുകാൻ അനുവദിക്കില്ല” എന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.