
എല്‍ടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിപ്പുണ്ടെന്ന് തമിഴ് സംഘടന. ഉചിതമായ സമയത്ത് അദ്ദേഹം പുറത്തുവരുമെന്നും ലോക തമിഴ് ഫെഡറേഷന്‍ നേതാവ് നെടുമാരന്‍ പറഞ്ഞു. പ്രഭാകരന്റെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ വിവരം വെളിപ്പെടുത്തിയതെന്നും കുടുംബവുമായി അദ്ദേഹം ബന്ധപ്പെടുന്നുണ്ടെന്നും നെടുമാരന്‍ തഞ്ചാവൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ശ്രീലങ്കയിലെ രാജപക്സെ ഭരണം തകർന്നതും രാജ്യത്തെ നിലവിലെ സാഹചര്യവും പ്രഭാകരന് പുറത്തുവരാനുള്ള ശരിയായ സമയമാണ്. പ്രഭാകരന്റെ മരണത്തെ സംബന്ധിച്ച ഊഹാപോഹങ്ങളും സംശയങ്ങളും പ്രചരിക്കുന്നത് തന്റെ പ്രഖ്യാപനത്തോടെ അവസാനിക്കുമെന്നും നെടുമാരന്‍ പറഞ്ഞു. പ്രഭാകരനൊപ്പം നില്‍ക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോടും പാര്‍ട്ടികളോടും തമിഴ്‌നാട്ടിലെ പൊതുജനങ്ങളോടും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പ്രഭാകരന്‍ എവിടെയാണെന്നതിന് നെടുമാരന്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല.
2009 ല്‍ തമിഴ് പുലികളുടെ സ്വാധീനമേഖലകളില്‍ ശ്രീലങ്കന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ വേലുപ്പിള്ള പ്രഭാകരനടക്കം എല്‍ടിടിഇയുടെ മുന്‍നിര നേതാക്കളെല്ലാം കൊല്ലപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ട്. വാഹന വ്യൂഹത്തില്‍ യുദ്ധരംഗത്തുനിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പ്രഭാകരനെ വെടിവച്ചുകൊല്ലുകയായിരുന്നുവെന്നായിരുന്നു സെെന്യത്തിന്റെ അവകാശവാദം.
പ്രഭാകരന്റെ മൃതദേഹ ചിത്രങ്ങളും സൈന്യം പുറത്തുവിട്ടിരുന്നു. പ്രഭാകരന്റെ മൃതദേഹം എൽടിടിഇ മുന്‍ നേതാവ് കരുണ അമ്മന്‍ തിരിച്ചറിഞ്ഞിരുന്നു. ഡിഎന്‍എ പരിശോധനയില്‍ അദ്ദേഹം മരിച്ചതായി സ്ഥിരീകരിച്ചതായി സര്‍ക്കാരും അറിയിച്ചു. എന്നാല്‍ പ്രഭാകരനെ കൊലപ്പെടുത്തിയെന്ന വാദം തെറ്റാണെന്ന് അവകാശപ്പെട്ട് പിന്നീട് രണ്ട് തവണ എല്‍ടിടിഇ രംഗത്തെത്തിയിരുന്നു.
അതേസമയം പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന നെടുമാരന്റെ വാദം ശ്രീലങ്കന്‍ സൈന്യം തള്ളി. പ്രഭാകരൻ കൊല്ലപ്പെട്ടതിന് തെളിവുകളുണ്ടെന്ന് ശ്രീലങ്കൻ സേന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
English Summary: Tamil leader says that Velupilla Prabhakaran is alive
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.