23 February 2026, Monday

Related news

February 23, 2026
February 23, 2026
February 13, 2026
February 13, 2026
February 12, 2026
February 11, 2026
February 8, 2026
February 5, 2026
February 2, 2026
January 26, 2026

തമിഴ്‌നാട് എന്നാൽ വിജയ്, വിജയ് എന്നാൽ തമിഴ്‌നാട്; സ്റ്റാലിനെതിരെ രൂക്ഷവിമർശനവുമായി ടി വി കെ അധ്യക്ഷൻ

Janayugom Webdesk
ചെന്നൈ
February 23, 2026 6:52 pm

തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡി എം കെ സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി ടി വി കെ അധ്യക്ഷൻ വിജയ്. വെല്ലൂരിൽ നടന്ന പാർട്ടി എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ ഡി എം കെ ഭരണത്തെ ‘ഒന്നിനും കൊള്ളാത്ത ഉൾട്ട മോഡൽ സർക്കാർ’ എന്ന് വിശേഷിപ്പിച്ച വിജയ്, തമിഴ്‌നാടിനെ സ്റ്റാൻഡ്-അപ്പ് കോമഡി ഷോ നടക്കുന്ന ഒരു സംസ്ഥാനമാക്കി മാറ്റിയെന്നും പരിഹസിച്ചു. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ചരിത്രപരമായ ഒരു അത്ഭുതമായിരിക്കുമെന്നും പോരാട്ടം ടി വി കെയും ഡി എം കെയും തമ്മിലാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

തമിഴ്‌നാട് എന്നാൽ വിജയ് ആണെന്നും വിജയ് എന്നാൽ തമിഴ്‌നാട് ആണെന്നും അവകാശപ്പെട്ട താരം, തെരഞ്ഞെടുപ്പിലെ യഥാർത്ഥ മത്സരം തമിഴ് ജനതയും സ്റ്റാലിനും തമ്മിലാണെന്നും പറഞ്ഞു. ജനങ്ങൾക്ക് വ്യാജ വാഗ്ദാനങ്ങൾ നൽകി സ്റ്റാലിൻ അവരെ വഞ്ചിക്കുകയാണ്. അഴിമതിയും കൈക്കൂലിയും രാഷ്ട്രീയ നേട്ടങ്ങളുമാണ് സ്റ്റാലിന്റെ യഥാർത്ഥ സുഹൃത്തുക്കൾ. ടി വി കെ സർക്കാർ രൂപീകരിച്ചാൽ താൻ ഓരോ ജില്ലയിലും നേരിട്ടെത്തി ജനങ്ങളെ കാണുമെന്നും അദ്ദേഹം ഉറപ്പുനൽകി.

തമിഴ്‌നാടിനെ ഒരു ‘സൂപ്പർസ്റ്റാർ’ സംസ്ഥാനമാക്കി വികസിപ്പിച്ചു എന്ന ഡി എം കെയുടെ അവകാശവാദത്തെയും വിജയ് തള്ളിക്കളഞ്ഞു. കാമരാജ്, അണ്ണാദുരൈ, എം ജി രാമചന്ദ്രൻ എന്നിവരുടെ കാലത്തായിരുന്നു തമിഴ്‌നാട് യഥാർത്ഥത്തിൽ മികച്ച സംസ്ഥാനമായിരുന്നതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സംസ്ഥാനത്തെ എല്ലാ പാർട്ടികളും തനിക്കെതിരെ ഒന്നിച്ചിരിക്കുന്ന സാഹചര്യത്തിൽ ഏപ്രിലിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് വലിയൊരു വിസ്മയമായിരിക്കുമെന്നും വിജയ് കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.