23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 18, 2024
December 17, 2024
December 17, 2024
December 16, 2024
December 12, 2024
December 12, 2024
December 9, 2024
December 2, 2024
November 29, 2024

ദുരിതാശ്വാസ ഫണ്ട് അനുവദിക്കാത്തതില്‍ നീതി തേടി തമിഴ്നാട്

Janayugom Webdesk
ന്യൂഡല്‍ഹി
April 3, 2024 11:40 pm

കേന്ദ്ര സര്‍ക്കാരിന്റെ ഫെഡറല്‍ നീതി നിഷേധത്തിനെതിരെ കേരളത്തിനും കര്‍ണാടകയ്ക്കും പിന്നാലെ തമി‌ഴ‌്നാടും സുപ്രീം കോടതിയില്‍. പ്രകൃതി ദുരന്തങ്ങള്‍ക്കുള്ള 37,000 കോടി ദുരിതാശ്വാസ ഫണ്ട് അനുവദിക്കാത്ത കേന്ദ്ര നടപടിക്കെതിരെയാണ് തമിഴ‌്നാട് സര്‍ക്കാര്‍ പരമോന്നത നീതിപീഠത്തെ സമീപിച്ചത്.
കഴിഞ്ഞ വര്‍ഷമുണ്ടായ വെള്ളപ്പൊക്കത്തിലും ചുഴലിക്കാറ്റിലും സംസ്ഥാനത്ത് വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന് നഷ്ടപരിഹാരമായി നിശ്ചയിച്ച തുക അടിയന്തരമായി വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് സംസ്ഥാനം കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ മിഷോങ് ചുഴലിക്കാറ്റില്‍ സംസ്ഥാനത്ത് 19,692.69 കോടിരൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തുന്നത്. അതേമാസം തന്നെ ദക്ഷിണജില്ലകളില്‍ കനത്ത മഴയിലുണ്ടായ 18,214.52 കോടിയുടെ നഷ്ടം നികത്തുന്നതിനാവശ്യമായ ഫണ്ടും വിതരണം ചെയ്യണമെന്ന് ഡിഎംകെ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. 

മൂന്നുമാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രമന്ത്രിമാരടങ്ങിയ ഉന്നതതലസമിതി സംസ്ഥാനം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തിയിരുന്നു. എന്നാല്‍ ഇടക്കാല ദുരിതാശ്വാസ ഫണ്ട് പോലും കേന്ദ്രം അനുവദിച്ചില്ലെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഹര്‍ജിയില്‍ ഉന്നയിച്ചു. സംസ്ഥാനത്തിന്റെ തുടര്‍ച്ചയായ ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണെന്നും തമിഴ‌്നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു.
ദുരിതാശ്വാസ ഫണ്ട് വിതരണം ചെയ്യുന്നതില്‍ വരുത്തുന്ന കാലതാമസത്തിന് യാതൊരു ന്യായീകരണവുമില്ല. ധനസഹായം വിതരണം ചെയ്യുന്നതിലെ കാലതാമസം വര്‍ഗീയ വിവേചനത്തിന് തുല്യമാണ്. പ്രകൃതി ദുരന്തത്തിന്റെ കഷ്ടതകള്‍ അനുഭവിക്കുന്നവരുടെ മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. തമിഴ‌്നാടിനോട് കേന്ദ്രം സ്വീകരിക്കുന്നത് ചിറ്റമ്മനയമാണ്. സാമ്പത്തിക ബന്ധം, നികുതി വിഭജനം ഉള്‍പ്പെടെയുള്ള ദേശീയ ദുരന്ത നിവാരണ നയത്തിന്റെ ലംഘനമാണ് കേന്ദ്രം നടപ്പാക്കുന്നത്. സംസ്ഥാനത്തിന്റെ വികസനത്തെയും ദുരന്തബാധിതരുടെ മനഃസ്ഥിതിയെയും കേന്ദ്രനിലപാട് ഗുരുതരമായി ബാധിക്കും. 

കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ക്കെതിരെ കേരളവും കൊടുംവരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ സാമ്പത്തികസഹായം അനുവദിക്കാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടകവും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സംസ്ഥാനത്തിന് അനുവദിക്കേണ്ട ധനസഹായം കേന്ദ്ര സര്‍ക്കാര്‍ പിടിച്ചുവച്ചിരിക്കുകയാണെന്നാണ് കര്‍ണാടകത്തിന്റെ ആരോപണം.
വായ്പാപരിധിയിലെ അനാവശ്യനിയന്ത്രണം ഒഴിവാക്കണമെന്ന കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന് വിട്ടിരിക്കുകയാണ്. 

Eng­lish Sum­ma­ry: Tamil Nadu seeks jus­tice in non-dis­burse­ment of relief funds

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.