
തമിഴ് സൂപ്പർസ്റ്റാറും പ്രൊഫഷണൽ റേസറുമായ അജിത് കുമാർ മഹീന്ദ്രയുടെ അത്യാധുനിക ഇലക്ട്രിക് എസ്‌യുവി ബി ഇ 6 ഫോർമുല ഇ സ്വന്തമാക്കി. പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് ദുബായിൽ കുടുങ്ങിയ താരം ഇന്ത്യയിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് പുതിയ വാഹനം ഗാരേജിലെത്തിച്ചത്. മഹീന്ദ്ര ഇലക്ട്രിക് എസ്‌യുവികളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലൂടെയാണ് ഈ വിവരം പുറത്തുവിട്ടത്.
ഫോർമുല ഇ റേസിങ്ങിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ഈ എസ്‌യുവിയുടെ ‘ടാംഗോ റെഡ്’ നിറത്തിലുള്ള വകഭേദമാണ് അജിത് തിരഞ്ഞെടുത്തത്. മണിക്കൂറിൽ 202 കിലോമീറ്റർ വേഗതയുള്ള ഈ വാഹനത്തിന് വിപണിയിൽ ഏകദേശം 24.49 ലക്ഷം രൂപയാണ് വില. അജിത് വാഹനം ഏറ്റുവാങ്ങുന്ന ചിത്രങ്ങൾ വൈറലായതോടെ, “മേഡ് ഫോർ ഈച്ച് അദർ” എന്ന പരസ്യവാചകത്തോടെയാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ഇതിനോട് പ്രതികരിച്ചത്. സൂപ്പർസ്റ്റാർ അജിത്തിനെ നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാഹനം വാങ്ങുന്നതിന് മുന്നോടിയായി അജിത് ഷിർദി സായിബാബ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന വീഡിയോയും പുറത്തുവന്നിരുന്നു. നീണ്ട 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2025ൽ സ്വന്തം റേസിങ് ടീമിലൂടെ ട്രാക്കിലേക്ക് തിരിച്ചെത്തിയ അജിത്, 2026ലെ മാൻസ് കപ്പിലും പങ്കെടുക്കാൻ ഒരുങ്ങുകയാണ്. റേസിങ്ങിന് പ്രാധാന്യം നൽകുന്ന താരം സിനിമകളിൽ നിന്ന് താൽക്കാലിക ഇടവേള എടുത്തിരിക്കുകയാണ്. സംവിധായകൻ എ എൽ വിജയ് അജിത്തിനെ നായകനാക്കി റേസിങ് പശ്ചാത്തലത്തിലുള്ള ഒരു ചിത്രം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മറ്റ് പുതിയ സിനിമകളൊന്നും നിലവിൽ ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.