11 February 2026, Wednesday

Related news

January 13, 2026
January 13, 2026
January 13, 2026
January 13, 2026
January 11, 2026
January 11, 2026
January 11, 2026
January 11, 2026
January 11, 2026
January 8, 2026

കോരപ്പാപ്പനായി മമ്മൂട്ടിയെ മാത്രമേ ചിന്തിക്കാനാകൂയെന്ന് ടി ഡി രാമകൃഷ്ണൻ

Janayugom Webdesk
തിരുവനന്തപുരം
January 11, 2026 8:47 pm

“നിർമിതി ബുദ്ധിയെ മനുഷ്യൻ തന്റെ കൈപ്പിടിയിലെടുത്ത് മുന്നോട്ട് കൊണ്ടുപോകും ”

ഫ്രാൻസിസ് ഇട്ടിക്കോര സിനിമയായാൽ കോരപ്പാപ്പനായി തനിക്ക് മമ്മൂട്ടിയെ മാത്രമേ ചിന്തിക്കാൻ കഴിയൂ എന്ന് എഴുത്തുകാരൻ ടി ഡി രാമകൃഷ്ണൻ. 

കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പിന്റെ ഭാഗമായി നടന്ന ‘മീറ്റ് ദ ഓഥർ’ സെഷനിൽ ‘ഫ്രാൻസിസ് ഇട്ടിക്കോര’യുടെ രണ്ടാം ഭാഗവും തന്റെ പുതിയ പുസ്തകവുമായ ‘കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ’ യെക്കുറിച്ച് എഴുത്തുകാരി പ്രിയ കെ നായരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഫ്രാൻസിസ് ഇട്ടിക്കോര’യിൽ നിന്നും ‘കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ‘യിൽ എത്തി നിൽക്കുന്ന 12 വർഷത്തെ ഇടവേളയിൽ സമൂഹത്തിന് വന്ന മാറ്റവും അത് പുതിയ നോവലിലുണ്ടാക്കിയ മാറ്റവും അദ്ദേഹം പങ്കുവെച്ചു. 2006ൽ എഴുതിത്തുടങ്ങി 2009ൽ പ്രസിദ്ധീകരിച്ച ഫ്രാൻസിസ് ഇട്ടിക്കോരയുടെ രണ്ടാം ഭാഗം എഴുതണമെന്ന തോന്നൽ ഇപ്പോഴാണുണ്ടായത്. 30-ാം അധ്യായത്തിൽ ‘ഷോട്ട് ഡെഡ്’ എന്ന് പറഞ്ഞ് കഥ പെട്ടെന്ന് നിർത്തിയതിനെക്കുറിച്ചുള്ള വായനക്കാരുടെ ചോദ്യം തുടക്കം മുതലേ നിലനിന്നിരുന്നു. കഥ മുന്നോട്ട് കൊണ്ടുപോകാൻ പല വഴികൾ ഉണ്ടായിരുന്നെങ്കിലും ദീർഘകാലം വ്യക്തമായ ധാരണയില്ലായിരുന്നു. ഈ കാലത്തിനുള്ളിൽ ലോകത്തിനും സമൂഹത്തിനും വലിയ മാറ്റങ്ങൾ സംഭവിച്ചു. ആ മാറ്റങ്ങൾ നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലായിരുന്നു. 

സോഷ്യൽ മീഡിയയുടെ ഒരുതരം ഉന്മാദസമാനമായ ഉത്സവകാലം എന്ന് വേണമെങ്കിൽ പറയാവുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നതെങ്കിലും രണ്ടാം ഭാഗത്തിൽ കൂടുതലായും ആ കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ കോരപ്പാപ്പന്റെ കഥ തന്നെയാണ് പറയുന്നതെന്നും ടി ഡി രാമകൃഷ്ണൻ പറഞ്ഞു.

സ്ഥിരമായി പടിഞ്ഞാറേക്ക് സഞ്ചരിച്ചിരുന്ന കോരപ്പാപ്പൻ തന്റെ ദിശ മാറ്റി കിഴക്കോട്ട്, പ്രധാനമായും കൊറിയയിലേക്കും ജപ്പാനിലേക്കും സഞ്ചരിച്ചതിനെക്കുറിച്ചും എഴുത്തുകാരൻ സംസാരിച്ചു. ”കോരപ്പാപ്പന്റെ കഥയുടെ ദിശ ഇപ്പോഴും പടിഞ്ഞാറോട്ട് തന്നെയാണെങ്കിലും, പുതിയ നോവലിൽ കിഴക്കൻ പസഫിക് വഴി കൊറിയയിലേക്കുള്ള യാത്രയും ഉൾപ്പെട്ടിട്ടുണ്ട്. കൊറിയൻ സംസ്കാരത്തിന്റെ വലിയൊരു സ്വാധീനം നമ്മുടെ ചെറുപ്പക്കാർക്കിടയിൽ വ്യാപകമായിട്ടുണ്ട്. ഈ കെ-പോപ്പും കെ-കൾച്ചറും നമ്മുടെ സമൂഹത്തിൽ വയലൻസ് ഉണ്ടാക്കുന്നുണ്ടോ എന്നതിനെ പറ്റി ഗംഭീരമായ ചർച്ച തന്നെ ‘സോറ’ എന്ന അദ്ധ്യായത്തിൽ നടക്കുന്നുണ്ട്” അദ്ദേഹം പറഞ്ഞു.

സർഗാത്മക എഴുത്തുകാരന് പൊളിറ്റിക്കൽ കറക്റ്റ്നെസ് ഒരിക്കലും ബാധ്യതയാകാറില്ല. കഥയിൽ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളും അവരുടെ ലോകവും ഒരു ഘട്ടം കഴിഞ്ഞാൽ എഴുത്തുകാരന് യഥാർത്ഥ മനുഷ്യരെപ്പോലെ തോന്നിത്തുടങ്ങുമെന്നും അവർ ചിന്തിക്കുന്നതുപോലെ തന്നെ എഴുത്തുകാരനും ചിന്തിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. താൻ വ്യക്തിപരമായി പൊളിറ്റിക്കൽ കറക്ട്നെസ്സിനോട് ചേർന്ന നിലപാടുള്ള ആളാണെങ്കിലും ഒരു കലാസൃഷ്ടിയിൽ മറ്റൊരു കാലഘട്ടത്തെ അവതരിപ്പിക്കുമ്പോൾ ഇന്നത്തെ മൂല്യബോധങ്ങൾ അവിടെ അടിച്ചേൽപ്പിച്ചാൽ ആ കാലത്തോടും കഥാപാത്രങ്ങളോടും നീതി പുലർത്താൻ കഴിയില്ലെന്നും ടി ഡി രാമകൃഷ്ണൻ പറഞ്ഞു. 

ഓരോ വെല്ലുവിളിയും മനുഷ്യനൊരു സാധ്യതയാണ്. അതിനാൽ നിർമിതി ബുദ്ധിയെ വളരെ പോസിറ്റീവായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഹോമോ എന്ന ജനുസിന്റെ ആരംഭം മുതൽ ഇന്നുവരെ മനുഷ്യൻ തനിക്കുമുന്നിൽ വന്ന വെല്ലുവിളികളെ അതിജീവിച്ച ചരിത്രമാണുള്ളത്. എഐ പോലുള്ള സാങ്കേതികവിദ്യകളെയും മനുഷ്യൻ തന്റെ കൈപ്പിടിയിലെടുത്ത് മുന്നോട്ട് കൊണ്ടുപോകുമെന്നും അതിനാൽ ടെക്നോളജിയെ ഒരു കാരണവശാലും ഭയത്തോടുകൂടി കാണേണ്ടതില്ലെന്നും എഴുത്തുകാരൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.