സംസ്ഥാനത്തെ അധ്യാപകരുടെയും ജീവനക്കാരുടെയും സംയുക്ത വേദിയായ അധ്യാപക-സർവീസ് സംഘടനാ സമരസമിതി ജനുവരി 22ന് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന 36 മണിക്കൂർ രാപകൽ സത്യഗ്രഹത്തിന്റെ സമാപനത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന ജീവനക്കാരും അധ്യാപകരും നേരിടുന്ന സുപ്രധാന വിഷയങ്ങളാണ് പണിമുടക്കിന്റെ ഭാഗമായി ഉന്നയിച്ചിരിക്കുന്നത്. അവയൊന്നും പുതിയ ആനുകൂല്യങ്ങൾക്കുവേണ്ടിയല്ലെന്നും നിലവിലുള്ളവ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും വിഷയങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. ആദ്യ സിപിഐ സർക്കാരിന്റെ കാലത്ത് 1957 സെപ്റ്റംബർ നാലിനാണ് ഒന്നാം ശമ്പള പരിഷ്കരണ സമിതിയെ നിയോഗിച്ചത്. എട്ടുമാസങ്ങൾക്കുശേഷം 1958 ഏപ്രിൽ നാലിന് സമിതി റിപ്പോർട്ട് സമർപ്പിക്കുകയും ആ വർഷം ഏപ്രിൽ ഒന്നിന് പ്രാബല്യത്തിലാക്കുകയും ചെയ്തു. എന്നാൽ പിന്നീട് എട്ടു വർഷങ്ങൾ കഴിഞ്ഞാണ് അടുത്ത പരിഷ്കരണ നടപടികൾ പ്രാബല്യത്തിൽ വന്നത്. ഈ പശ്ചാത്തലത്തിൽ സിപിഐ നേതാവ് സി അച്യുതമേനോൻ സർക്കാർ അധികാരത്തിലിരിക്കെ 1973ലാണ് അഞ്ചുവർഷത്തിലൊരിക്കൽ ശമ്പള പരിഷ്കരണം വ്യവസ്ഥ ചെയ്തത്. അതനുസരിച്ചാണ് പിന്നീട് നടപടികൾ മുന്നോട്ടുപോയതെങ്കിലും വിവിധ സർക്കാരുകൾ സാമ്പത്തിക പ്രതിസന്ധി കാരണം നീട്ടിക്കൊണ്ടുപോകുകയും പ്രാബല്യത്തിൽ വരുത്തുന്ന തീയതിയിൽ മാറ്റം വരുത്തുകയും ചെയ്തതുവഴി ഇതിനകം ജീവനക്കാർക്ക് വലിയ തോതിലുള്ള ആനുകൂല്യ നഷ്ടം സംഭവിക്കുകയുണ്ടായി. അതെന്തായാലും ഈ വർഷം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരേണ്ടതാണ് പന്ത്രണ്ടാം ശമ്പള പരിഷ്കരണത്തിന്റെ ആനുകൂല്യങ്ങൾ. അതിനുള്ള നടപടിക്രമങ്ങൾ പോലും ഇതുവരെ ആരംഭിച്ചിട്ടില്ല. ഇതുവരെയുള്ള 11 കമ്മിഷനുകളുടെ നടപടിക്രമങ്ങൾ പരിശോധിച്ചാൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഏഴ് മുതൽ 17 വരെ മാസങ്ങൾ വേണ്ടിവന്നതായി കാണാവുന്നതാണ്. അതനുസരിച്ച് പരിഷ്കരണ നടപടികൾ ആരംഭിച്ചാൽതന്നെ റിപ്പോർട്ട് സമർപ്പിക്കുവാനും പ്രാബല്യത്തിൽ വരുത്താനും ഒരു വർഷമെങ്കിലും അധികമെടുക്കുമെന്നിരിക്കെയാണ് നടപടികൾ പോലും ആരംഭിച്ചിട്ടില്ലെന്ന സ്ഥിതി നിലനിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് 12-ാം ശമ്പള പരിഷ്കരണ നടപടി ഉടൻ ആരംഭിക്കണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുന്നത്.
സംസ്ഥാനം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന വസ്തുത നിലനിൽക്കുന്നുവെങ്കിലും വേതനം വെട്ടിക്കുറയ്ക്കുക, ആനുകൂല്യങ്ങൾ നിഷേധിക്കുക എന്നത് ജനപക്ഷ സർക്കാരുകളുടെ നയമല്ല. ആനുകൂല്യങ്ങൾ മുഴുവനായും നൽകുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പുനൽകുന്നുവെങ്കിലും അക്കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നത് ആശങ്കയിലാക്കുന്നു. ശമ്പള പരിഷ്കരണ നടപടികൾ വൈകി എന്നതിന് പുറമേ 2021 ജനുവരി ഒന്ന് മുതലുള്ള ക്ഷാമബത്ത, ക്ഷാമാശ്വാസം കുടിശികയായി നിൽക്കുകയുമാണ്. ഇതിൽ ഒരു ഗഡു കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തെ ശമ്പളത്തോടൊപ്പം നൽകിയിട്ടുണ്ട്. അവശേഷിക്കുന്നവ കുടിശികയായി തുടരുകയാണ്. കഴിഞ്ഞ ജൂലൈ പത്തിന് നിയമസഭയിൽ നടത്തിയ ചട്ടം 300 പ്രകാരമുള്ള പ്രസ്താവനയിൽ അടുത്ത സാമ്പത്തിക വർഷം മുതൽ രണ്ട് ഗഡു അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കുടിശിക സംബന്ധിച്ച അവ്യക്തത നിലനിൽക്കുന്നു. കോവിഡ് പ്രതിസന്ധിയുണ്ടായ വേളയിൽ നിയന്ത്രണം ഏർപ്പെടുത്തിയ ആർജിതാവധി വേതനം എല്ലാ ജീവനക്കാർക്കും അനുവദിക്കുന്ന കാര്യത്തിലും തീരുമാനമുണ്ടായിട്ടില്ല. ഇതിനെല്ലാം പുറമേയാണ് പഴയ പെൻഷൻ പദ്ധതി പുനരാരംഭിക്കുന്നത് സംബന്ധിച്ച അനിശ്ചിതത്വം. 2016ലും 21ലും അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാര്‍ നൽകിയ വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു പങ്കാളിത്ത പെൻഷൻ പദ്ധതി അവസാനിപ്പിച്ച് പഴയ നില പുനരാരംഭിക്കുമെന്നത്. പുനഃപരിശോധനാ സമിതി രൂപീകരിച്ച് നടപടിയെടുക്കുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും സമിതി റിപ്പോർട്ട് ലഭിച്ചിട്ടും തീരുമാനമുണ്ടായില്ല. കഴിഞ്ഞ ബജറ്റിൽ പെൻഷൻ പദ്ധതി പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്ത ബജറ്റ് ആകാറായിട്ടും അക്കാര്യത്തിലും നടപടിയുണ്ടായില്ല. ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ പരിരക്ഷയ്ക്കെന്ന പേരിൽ ആവിഷ്കരിച്ച മെഡിസെപ് പദ്ധതി സംബന്ധിച്ച് നിരവധി പോരായ്മകൾ ഇതിനകം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഓരോ മാസവും കോടിക്കണക്കിന് രൂപ ഇൻഷുറൻസ് കമ്പനികൾക്ക് നൽകുന്ന പ്രസ്തുത പദ്ധതി സർക്കാർ നേരിട്ട് ഏറ്റെടുക്കണമെന്ന ആവശ്യവും പണിമുടക്കിനാധാരമായി അധ്യാപക സർവീസ് സംഘടനാ സമരസമിതി ഉന്നയിക്കുന്നു. ഈ വിഷയങ്ങൾ പരിഹരിക്കുന്നതിന് പ്രധാനതടസം കേന്ദ്ര സർക്കാർ അനുവർത്തിക്കുന്ന സാമ്പത്തിക നയങ്ങളും അത് സൃഷ്ടിക്കുന്ന പ്രതിസന്ധികളുമാണ്. കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്ന മുദ്രാവാക്യവും ഈ സാഹചര്യത്തിലാണ് ഉന്നയിക്കപ്പെടുന്നത്. ഇപ്പോൾ മൗനം പാലിക്കുന്നവരടക്കം മുഴുവൻ ജീവനക്കാരും സംഘടനകളും ഉന്നയിക്കുന്നവയാണ് ഈ ആവശ്യങ്ങളെല്ലാം. അതുകൊണ്ട് ഇവ അനുഭാവപൂർവം പരിഗണിച്ച് ജീവനക്കാരെ പണിമുടക്കിലേക്ക് തള്ളിവിടാതിരിക്കാനുള്ള സമീപനം സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.