23 February 2025, Sunday
KSFE Galaxy Chits Banner 2

Related news

February 19, 2025
February 19, 2025
February 10, 2025
February 2, 2025
January 28, 2025
January 13, 2025
January 2, 2025
December 6, 2024
November 22, 2024
October 16, 2024

പഠിച്ച് പഠിച്ച് പഠിപ്പിക്കാം

ഡോ.കീർത്തി പ്രഭ
September 5, 2023 10:00 am

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച, ലോകം അറിയപ്പെടുന്ന പല പ്രതിഭകളുടെയും ആത്മകഥകളിൽ അവരെ മുന്നോട്ട് നയിച്ച ഒന്നോ അതിലധികമോ മാർഗദർശികളെ കാണാം. ജവഹർലാൽ നെഹ്റുവിന്റെ സാധാരണ ഗതിയിലുള്ള സ്കൂൾ വിദ്യാഭ്യാസം നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ വീട്ടിൽ അദ്ദേഹത്തെ പഠിപ്പിക്കാനും അദ്ദേഹത്തിന്റെ അഭിരുചികൾ കണ്ടെത്താനും ഗൈഡ് ചെയ്യാനും ഒരു ടീച്ചര്‍ ഉണ്ടായിരുന്നതായി കേട്ടിട്ടുണ്ട്. അതുപോലെ പ്രഗത്ഭർക്ക് പലർക്കും മാർഗദർശികൾ ഉണ്ടായിരുന്നതായും കാണാം. അത് വീട്ടിൽ പ്രത്യേകമായി അഭ്യസിപ്പിക്കുന്നവർ ആവാം അല്ലെങ്കിൽ പഠിക്കുന്ന സ്കൂളിൽ ഏതെങ്കിലും ഒരു പ്രത്യേക കാരണത്താൽ അവരെ കൂടുതൽ ശ്രദ്ധിക്കുന്ന ഒരു ടീച്ചര്‍ ആവാം. ആ പ്രത്യേക ശ്രദ്ധ ലഭിക്കുന്നത് ഒരുപക്ഷെ അവരുടെ കഴിവുകൾ കണ്ടെത്താൻ വേണ്ടിയാകാം. അല്ലെങ്കിൽ കഴിവുകേടുകൾ കണ്ടുപിടിക്കാനാകാം.

മാർഗദർശികൾ ഒന്നുമില്ലാതെ പ്രതിബന്ധങ്ങളിലൂടെ മുന്നോട്ടുനടന്ന് കഴിവ് തെളിയിച്ചവരും ഉണ്ട്. പ്രഗത്ഭരുടെ പട്ടികയിൽ ഒന്നും ഇല്ലെങ്കിലും നമ്മൾ ഓരോരുത്തരുടെയും ജീവിതത്തിലും എവിടെയെങ്കിലും ഇത്തരം മാർഗദർശികൾ ഉണ്ടായിട്ടുണ്ടാകും. അത് അധ്യാപകർ തന്നെ ആകണമെന്നില്ല, മാതാപിതാക്കളാകാം സഹോദരങ്ങളാകാം സുഹൃത്തുക്കളാകാം ജീവിതപങ്കാളിയാകാം അങ്ങനെ ആരുമാകാം. ഇതൊന്നുമല്ലാതെ സോഷ്യൽ മീഡിയയിലെ എഴുത്തുകൾക്കും പലരുടെയും കാഴ്ചപ്പാടുകൾക്കും ഒരു വ്യക്തിയുടെ ജീവിതത്തിലേക്കുള്ള മാർഗം ചൂണ്ടിക്കാണിക്കാൻ സാധിച്ചേക്കാം. ഇങ്ങനെ നമ്മളോരുത്തരും ചെയ്യേണ്ടതും ചെയ്യരുതാത്തതും പഠിപ്പിച്ചുകൊണ്ട് മറ്റു പലർക്കും അധ്യാപകരാവുകയാണ്.

അറിവുകളും കഴിവുകളും ആന്തരിക മൂല്യങ്ങളും സമ്പാദിക്കാൻ മറ്റുള്ളവരെ സഹായിക്കുകയാണ് ഒരു അധ്യാപകൻ ചെയ്യേണ്ടത്. സാമൂഹിക പരിഷ്കരണങ്ങൾക്ക് കാരണമാകാവുന്ന സാധ്യതകൾ ഏറ്റവും കൂടുതൽ ഉള്ളതും അതിലുപരി അമിതമായി മഹത്വവൽക്കരിക്കപ്പെടുന്നതുമായ തൊഴിൽ മേഖലയാണ് അധ്യാപനം. ഇഷ്ടമുള്ള ടീച്ചർ ആരാണ് എന്ന് ചോദിച്ചാൽ ബഹുഭൂരിപക്ഷം ആളുകൾക്കും ഉത്തരം ഉണ്ടാകും. പാഠഭാഗങ്ങൾ നന്നായി പഠിപ്പിച്ച, എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ ആശയങ്ങൾ വിവരിച്ചു തന്ന അധ്യാപകരുടെ പേരുകളും ഓരോരുത്തരുടെയും മനസിലുണ്ടാകും.

എന്നാൽ നമ്മളെ ആഴത്തിൽ സ്വാധീനിച്ച, നമ്മുടെ ജീവിതത്തെ മാറ്റിമറിച്ച, നമുക്കുള്ളിൽ സ്വതന്ത്രമാക്കാൻ കഴിയാതെ ഒളിഞ്ഞു കിടക്കുന്ന ഏതോ ഒരു നൈപുണ്യത്തെ കെട്ടഴിച്ചു വിട്ട, നമ്മുടെ സ്വപ്നങ്ങളെ പൂമ്പാറ്റയെ പോലെ പരിവർത്തനം ചെയ്ത ഒരു അധ്യാപകനെ അന്വേഷിച്ചാൽ ഉത്തരങ്ങൾ പരിമിതമായിരിക്കും. എന്റെ ജീവിതത്തിൽ മേൽപ്പറഞ്ഞതിൽ ചില കാര്യങ്ങൾ എങ്കിലും അർത്ഥവത്താക്കിയ ഒരു അധ്യാപികയുണ്ട്. പല സ്കൂളുകളിൽ മാറിമാറി പഠിച്ച് എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള ഹൈസ്കൂൾ പഠനകാലത്ത് പഠനം എന്നതിലുപരി ഏറ്റവും മികച്ചത് അല്ലെങ്കിൽ കൂടിയും ഉള്ളിലുള്ള ചില വാസനകളെ തൊട്ടും തലോടിയും ഉണർത്തിയ മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ രമണി ടീച്ചർ. പലരിൽ നിന്നും ഉൾവലിഞ്ഞ് നിന്നിരുന്ന, എനിക്ക് അന്നേവരെ കണ്ടു പരിചയം പോലും ഇല്ലാത്ത നാടകവും അടുപ്പമേ ഇല്ലാത്ത കവിതയും കഥയും വളരെ ചെറുപ്പത്തിൽ തുടക്കം മാത്രം പഠിച്ചിട്ടുള്ള സംഗീതവും നൃത്തവും ചിത്രരചനയും ഒക്കെ ചുരുങ്ങിയ വാക്കുകളും സമയവും കൊണ്ട് മനസ്സിനുള്ളിലേക്ക് തള്ളിക്കയറ്റിയതാണ് ടീച്ചർ. ഏറ്റവും മികച്ചതായതുകൊണ്ടല്ല നമ്മൾ ഓരോരുത്തരും ഓരോന്ന് ചെയ്യുന്നതെന്ന് പഠിപ്പിച്ചതും ടീച്ചർ ആണ്. മറ്റൊരാളുടെ സർഗ ലോകം വലുതായതുകൊണ്ട് നിന്റെ ചെറിയ സർഗ ലോകം നീ മണ്ണിട്ടു മൂടേണ്ടതില്ല എന്നു പഠിപ്പിച്ച അധ്യാപിക. വളരെ ചെറിയ കണിക മാത്രമാണ് ഉള്ളിലുള്ളതെങ്കിലും എന്റെ അഭിരുചികളും ആഭിമുഖ്യങ്ങളും എന്തെന്ന് മനസിലാക്കാൻ സഹായിച്ചത് എന്നുമെന്നും കൂടെ നടന്നിട്ടില്ല എങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ടീച്ചർ നൽകിയ പ്രചോദനമാണ്. അത്തരം അഭ്യരുചികൾ മനസിലാക്കാൻ സാധിച്ചതും അതിൽ ചെറിയ രീതിയിലാണെങ്കിലും പങ്കാളിത്തം ഉണ്ടാക്കാൻ സാധിച്ചതും പരോക്ഷമായി പഠനത്തിലും എനിക്ക് വലിയ ഉത്തേജനമായിരുന്നു.

നമ്മൾ എങ്ങനെയാവണം എന്ന് കാണിച്ചു തരുന്നതുപോലെ നമ്മൾ എങ്ങനെയാവരുത് എന്ന് കാണിച്ചു തന്ന അധ്യാപകരും നമ്മുടെയെല്ലാം ജീവിതത്തിൽ ഉണ്ടാകും. അതും ജീവിതത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ തന്നെയാണ്.

സ്കൂൾ കാലഘട്ടങ്ങളിലും ഉന്നത വിദ്യാഭ്യാസത്തിലും മികച്ച പഠനനിലവാരം പുലർത്തിയാലും കരിയറിലേക്ക് പ്രവേശിക്കുമ്പോൾ പ്രായോഗികമായും സാങ്കേതികമായും ആ തൊഴിലിന്റെ മുൻപിൽ നമ്മൾ വീണ്ടും ഒരു ചെറിയ കുട്ടിയായി തീരും. ആ വിഷയത്തിൽ നമുക്ക് അഗാധമായ ജ്ഞാനം ഉണ്ടെങ്കിലും ക്രിയാത്മകമായി ആ മേഖലയെ സമീപിക്കാൻ എളുപ്പത്തിൽ സാധിക്കില്ല. അവിടെയും നമുക്ക് വഴികാട്ടാൻ ഒരു മാർഗദർശിയുണ്ടായിരിക്കണം. പഠനത്തിലല്ലാം മികവുപുലർത്തി സ്പേസ് സെന്ററിലേക്ക് കയറിയപ്പോൾ അവിടെ എപിജെ അബ്ദുൾ കലാമിന്റെ ഏറ്റവും വലിയ മാർഗദർശി വിക്രം സാരാഭായി ആയിരുന്നു. പക്ഷേ ഇന്ന് കരിയറിലേക്ക് പ്രവേശിക്കുമ്പോൾ നമുക്ക് ഒരു വഴികാട്ടിയെ ലഭിക്കാമെങ്കിലും സ്കൂൾതലത്തിൽ അത്തരത്തിൽ നമ്മെ ആഴത്തിൽ സ്വാധീനിക്കുന്ന, നമ്മുടെ അഭിരുചികൾ മനസിലാക്കിക്കൊണ്ട് കൂടെ നിൽക്കുന്ന അധ്യാപകർ കുറഞ്ഞുവരുന്നതായി അനുഭവപ്പെടുന്നുണ്ട്.

യഥാർത്ഥത്തിൽ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായവും അധ്യാപനവുമൊക്കെ ആ രീതിയിലാണ് മുന്നോട്ടുപോകുന്നത് എങ്കിൽ ഹയർസെക്കൻഡറി വിദ്യാഭ്യാസം കഴിഞ്ഞ് ഒരു കുട്ടിക്ക് തന്റെ മേഖല ഏതാണെന്നുള്ള വ്യക്തമായ ധാരണ ഉണ്ടാകണം. പക്ഷെ പലപ്പോഴും അത് സംഭവിക്കുന്നില്ല. എൻജിനീയറിങ് എൻട്രൻസ് എക്സാമിനേഷനും മെഡിക്കൽ എൻട്രൻസ് എക്സാമിനേഷനും ഒരുമിച്ചെഴുതി അതിൽ ഏതു കിട്ടുന്നുവോ അതിനു ജോയിൻ ചെയ്യാം എന്ന് കരുതുന്നത് തന്നെ വലിയ പാകപ്പിഴവാണ്. ഇത്തരം തൊഴിലുകൾക്കൊക്കെ അപ്പുറം സംഗീതം, നൃത്തം, അഭിനയം, പെയിന്റിങ്, സാഹിത്യം, രാഷ്ട്രീയം ഇതു പോലെയും ഏതെങ്കിലും ഒന്നാണ് എന്റെ മേഖല എന്ന് തിരിച്ചറിയിപ്പിക്കുന്നത് കൂടിയാണ് വിദ്യാഭ്യാസം. 12 വർഷം പഠിച്ചിട്ടും തന്റെ കരിയർ എന്തായിരിക്കണം എന്നുള്ള കൃത്യമായ ധാരണയുണ്ടാകുന്നില്ലെങ്കിൽ എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്. എത്ര ടീച്ചർമാർക്ക് തന്റെ കുട്ടിയുടെ മുഖത്ത് നോക്കി നിന്റെ മേഖല ഇതാണ് എന്ന് ആത്മവിശ്വാസത്തോടെ ഉറച്ച വാക്കുകളിൽ പറയാൻ സാധിക്കും? ആ ടീച്ചർ പഠിപ്പിക്കുന്ന വിഷയത്തിൽ കുട്ടി എത്രത്തോളം പ്രഗത്ഭനാണ് എന്ന് മാത്രമേ ചിലപ്പോൾ ഒരു ടീച്ചർക്ക് മനസിലാക്കാൻ സാധിക്കുകയുള്ളൂ. പലപ്പോഴും കുട്ടിക്ക് എത്ര മാർക്ക് ലഭിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് അതുപോലും സാധ്യമാകുന്നത്.

നൂറിൽ 90നു മുകളിൽ മാർക്ക് ലഭിക്കുന്ന കുട്ടികൾ എല്ലാം മിടുക്കനാണ് എന്ന ധാരണയിലാണ് അധ്യാപകരുടെ ക്ലാസ് മുറിയിലുള്ള സമീപനങ്ങൾ പോലും. മാർക്കിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് ഇവിടെ ഒരു കുട്ടിക്ക് ആ വിഷയത്തോടുള്ള താല്പര്യമെന്താണെന്ന് അളക്കുന്നത്. ഏറ്റവും കൂടുതൽ മാർക്ക് നേടി എന്ന് കരുതി ഒരു കുട്ടിക്ക് ആവശ്യത്തോട് അഗാധമായ താല്പര്യമുണ്ടെന്ന് നമുക്ക് ഉറപ്പിക്കാൻ കഴിയില്ല. എല്ലാ വിഷയങ്ങളിലും നൂറിൽ നൂറ് മാർക്ക് നേടിയ കുട്ടിക്ക് ഏതു വിഷയത്തോടാണ് ആഭിമുഖ്യം എന്ന് നമ്മൾ എങ്ങനെയാണ് മനസിലാക്കുക. ഒരു വിഷയത്തോട് അഗാധമായ താല്പര്യമുണ്ടെങ്കിലും അത് മനസിലാക്കാൻ സാധിക്കാത്തതുകൊണ്ടും മറ്റു പല കാരണങ്ങൾ കൊണ്ടും പല കുട്ടികൾക്കും അതിൽ മാർക്ക് നേടി മിടുക്കരാകാൻ സാധിക്കണമെന്നില്ല. അത്തരം കുട്ടികളെ മറ്റെന്തെങ്കിലും ഒക്കെ രീതിയിൽ പരിശീലിപ്പിച്ച അവന് ചിലപ്പോൾ ആ വിഷയം എളുപ്പമായി തീർന്നേക്കാം. പക്ഷെ ഇങ്ങനെയുള്ള കാര്യങ്ങളിലേക്ക് ഒന്നും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ശ്രദ്ധ കൊടുക്കുന്നില്ല. ഇതിൽനിന്നെല്ലാം വ്യത്യസ്തരായവർ ഉണ്ടാകാമെങ്കിലും പലപ്പോഴും ഇങ്ങനെയൊക്കെ തന്നെയാണ്. ഇത് അധ്യാപകരുടെ മാത്രം കുഴപ്പമല്ല. വിദ്യാഭ്യാസ സമ്പ്രദായവും സ്റ്റുഡന്റ്- ടീച്ചർ അനുപാതവും അധ്യാപകർക്ക് നൽകുന്ന പരിശീലനങ്ങളും ലഭ്യമാകുന്ന നൂതന സ്രോതസ്സുകൾ എല്ലാം കൃത്യമായി ഉപയോഗപ്പെടുത്താനുള്ള അധ്യാപകന്റെ നൈപുണ്യവും പുതിയ ആശയങ്ങളും പുതിയ കാലത്തെയും ഉൾക്കൊള്ളാനുള്ള അധ്യാപകന്റെ സന്നദ്ധതയുമെല്ലാം സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

കോവിഡിന് ശേഷം നമ്മുടെ കുട്ടികൾക്ക് വലിയ മാറ്റങ്ങൾ ആണ് ഉണ്ടായത്. എല്ലാമെല്ലാം ഡിജിറ്റൽ ആയിക്കൊണ്ടിരിക്കുന്നു. ഡിജിറ്റൽ സാധ്യതകൾ കണ്ടും കേട്ടും വളരുന്ന കുട്ടികളെ യാഥാസ്ഥിതിക ചിന്തകൾ കലർത്തി വിദ്യ അഭ്യസിപ്പിക്കുന്നതും പരമ്പരാഗത ബോധ്യങ്ങളുടെ അളവുകോലുകൾ മുൻനിർത്തി പരിശീലിപ്പിക്കുന്നതും വിഡ്ഢിത്തമാണ്. കാലം മുന്നോട്ടാണ് പോകുന്നതെന്നും ക്ലാസ് മുറികൾ എപ്പോഴും പുരോഗമനോന്മുഖമായ ഒരു ഇടമാണെന്നും ഉത്തമ ബോധ്യമുള്ളവരായിരിക്കണം അധ്യാപകർ. അക്കാദമിക് നിലവാരവും ശുപാർശയും പണവും കൊണ്ട് ടീച്ചർ എന്ന പദവി മാത്രമേ ലഭിക്കുകയുള്ളൂ എന്നുള്ള ബോധ്യമുണ്ടാകണം. ആരെയും ജാതിയും മതവും വർഗവും നിറവും ലിംഗവും സമ്പത്തും കഴിവും കഴിവില്ലായ്മയും നോക്കി വിവേചനം കാണിക്കുകയും പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യരുത് എന്ന വിവേകമുണ്ടാവണം. കുട്ടിയുടെ പ്രതീക്ഷകളുടെയും താല്പര്യങ്ങളുടെയും ആകാശത്തിലേക്ക് പറക്കാനും ന്യൂനതകളുടെയും ദൈന്യതയുടെയും ആഴങ്ങളിലേക്ക് ഊളിയിടാനും ഒരു ടീച്ചർക്ക് സാധിക്കണം.

മാറ്റത്തെ ഉൾക്കൊള്ളാൻ സാധിക്കണമെങ്കിൽ അധ്യാപകരും കുട്ടികളാവേണ്ടതുണ്ട്. ഇനിയും ഇനിയും പഠിക്കേണ്ടതുണ്ട്. തന്റെ മുന്നിലിരിക്കുന്ന കുട്ടികളിൽ നിന്നും തനിക്ക് പഠിക്കാനുണ്ട് എന്ന് വിശാലമായി ആഗ്രഹിക്കേണ്ടതുണ്ട്. വികൃതമായ സാമൂഹിക സാംസ്കാരിക സദാചാര ചിന്തകൾ ഒക്കെ തന്റെ ഉള്ളിൽനിന്ന് പിഴുതെറിയണമെന്ന് ബോധ്യപ്പെടേണ്ടതുണ്ട്. പഠിപ്പിക്കുന്ന, പഠിക്കുന്ന എല്ലാ അധ്യാപകർക്കും അധ്യാപകദിന ആശംസകൾ.

(കണ്ണൂർ മട്ടന്നൂർ മൾട്ടിസ്‌പെഷ്യലിറ്റി ക്ലിനിക്കിലെ ചീഫ് ഡെന്റൽ സർജൻ ആണ് ലേഖിക)

Eng­lish Sam­mury: teach­ers day arti­cle by dr. Keerthi Prabha

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.