കര്‍ഷകരുടെ ഡല്‍ഹി ചലോ മാര്‍ച്ചിനു നേരെ കണ്ണീര്‍ വാതക പ്രയോഗം. പത്തോളം കര്‍ഷകര്‍ക്ക് പരിക്ക്. നാളെ മുതല്‍ മാര്‍ച്ച് തുടരുമെന്ന് കര്‍ഷക നേതാവ് ശരവണ്‍ സിങ് പാന്ഥര്‍ അറിയിച്ചു.
ജീവച്ഛവങ്ങളുടെ ജാഥ (മര്‍ജീവിത ജാഥ) എന്ന പേരിട്ടാണ് നൂറോളം വരുന്ന കര്‍ഷകര്‍ പഞ്ചാബ്, ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ നിന്നും ഡല്‍ഹിയിലേക്ക് കാല്‍നടയായി ജാഥ ആരംഭിച്ചത്. ബാരിക്കേഡുകളുള്‍പ്പെടെ തീര്‍ത്ത് അര്‍ധ സൈനിക വിഭാഗവും ഹരിയാന പൊലീസും ജാഥ തടഞ്ഞു. തടസങ്ങള്‍ മറികടന്ന് മുന്നോട്ടു പോകാന്‍ കര്‍ഷകര്‍ നടത്തിയ നീക്കത്തിനെതിരെ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു. ഇതില്‍ വൃദ്ധരായ കര്‍ഷകര്‍ക്ക് ഉള്‍പ്പെടെ പരിക്കുപറ്റി.
ജാഥ ഡല്‍ഹിയിലേക്ക് എത്താതിരിക്കാന്‍ പൊലീസ് ഈ മേഖലയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു. ഇത് മറികടന്നായിരുന്നു കര്‍ഷക മുന്നേറ്റം. ഡല്‍ഹിയിലേക്ക് പ്രവേശിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ഡല്‍ഹി പൊലീസും സുരക്ഷ കര്‍ശനമാക്കിയിരുന്നു.
ഒമ്പതാം സിഖ് ഗുരുവായ ഗുരു തേജ് ബഹാദൂറിന്റെ രക്തസാക്ഷിത്വത്തിന് ആദരാഞ്ജലി അര്‍പ്പിച്ചാണ് കര്‍ഷകര്‍ ഡല്‍ഹി മാര്‍ച്ചിലേക്ക് കടന്നത്. കഴിഞ്ഞ 10 മാസത്തിന് ശേഷം ഇത് മൂന്നാം വട്ടമാണ് കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് പ്രക്ഷോഭവുമായി എത്താന്‍ ശ്രമം നടത്തുന്നത്. ഫെബ്രുവരി 13 മുതല്‍ കര്‍ഷകര്‍ പ്രക്ഷോഭവുമായി ഡല്‍ഹി അതിര്‍ത്തികളില്‍ നിലയുറപ്പിച്ചിരിക്കുകയാണ്.
താങ്ങുവില, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ മുന്നോട്ടുവച്ചിരിക്കുന്നത്. പ്രതിഷേധം ഡല്‍ഹിയിലെ ജന്തര്‍മന്ദിറിലോ രാം ലീലാ മൈതാനത്തോ സംഘടിപ്പിക്കാനാണ് കര്‍ഷകരുടെ ശ്രമം. സംയുക്ത കിസാന്‍ സഭയുടെ രാഷ്ട്രീയേതര വിഭാഗം ഉത്തര്‍ പ്രദേശ് മേഖലയില്‍ നിന്നും ഡല്‍ഹിയിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചും സുരക്ഷാ സേന നേരത്തെ തടഞ്ഞിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.