25 February 2026, Wednesday

Related news

February 25, 2026
February 11, 2026
February 5, 2026
January 30, 2026
January 22, 2026
January 21, 2026
January 12, 2026
December 30, 2025
December 29, 2025
December 18, 2025

സാങ്കേതിക തകരാര്‍; ഇൻഡിഗോ വിമാനത്തിനുള്ളിൽ യാത്രക്കാർ കുടുങ്ങിയത് അഞ്ച് മണിക്കൂർ

Janayugom Webdesk
ചെന്നൈ
February 25, 2026 6:29 pm

ചെന്നൈയിൽ നിന്ന് സിംഗപ്പൂരിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെത്തുടർന്ന് വൈകിയത് യാത്രക്കാരെ വലച്ചു. ചൊവ്വാഴ്ച രാവിലെ ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം. ഇരുനൂറോളം യാത്രക്കാർക്ക് അഞ്ച് മണിക്കൂറോളം വിമാനത്തിനുള്ളിൽ തന്നെ ഇരിക്കേണ്ടി വന്നു. യഥാർത്ഥ യാത്രാസമയത്തേക്കാൾ കൂടുതൽ സമയം വിമാനത്തിനുള്ളിൽ ചിലവഴിക്കേണ്ടി വന്നത് യാത്രക്കാരുടെ വലിയ പ്രതിഷേധത്തിന് ഇടയാക്കി. 6E 1025 എന്ന വിമാനത്തിൽ നിസാരമായ സാങ്കേതിക തകരാർ കണ്ടെത്തിയതിനെത്തുടർന്ന് വിമാനം ബേയിലേക്ക് തന്നെ തിരിച്ചെത്തിക്കുകയായിരുന്നുവെന്ന് ഇൻഡിഗോ പ്രസ്താവനയിൽ അറിയിച്ചു. എന്നാൽ തകരാർ പരിഹരിക്കുന്നതിനിടെ പൈലറ്റ് ഉൾപ്പെടെയുള്ള ക്രൂ അംഗങ്ങളുടെ ജോലി സമയം പരിധി പിന്നിട്ടു. ഇതോടെ നിയമപ്രകാരം പുതിയ ക്രൂ അംഗങ്ങളെ നിയമിക്കേണ്ടി വന്നതാണ് വിമാനം വീണ്ടും വൈകാൻ കാരണമായതെന്ന് എയർലൈൻ വ്യക്തമാക്കി. സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും ഇൻഡിഗോ കൂട്ടിച്ചേർത്തു.

രാവിലെ 7.30ന് പുറപ്പെടേണ്ട വിമാനത്തിൽ ഒരു മണിക്കൂർ മുൻപ് തന്നെ യാത്രക്കാർ കയറിയിരുന്നു. കുട്ടികളും പ്രായമായവരും അടങ്ങുന്ന യാത്രക്കാർ മണിക്കൂറുകളോളം വിമാനത്തിനുള്ളിൽ അടച്ചിരിക്കേണ്ടി വന്നതോടെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചു. പുറത്തിറങ്ങാൻ അനുവദിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായില്ലെന്ന് പരാതിയുണ്ട്. കൃത്യമായ വിവരങ്ങൾ കൈമാറാൻ ജീവനക്കാർ തയ്യാറായില്ലെന്നും പൈലറ്റ് പാതിവഴിയിൽ വിമാനം വിട്ടിറങ്ങിപ്പോയെന്നും യാത്രക്കാർ ആരോപിച്ചു. ഒടുവിൽ പകരം പൈലറ്റ് എത്തിയ ശേഷം ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് വിമാനം പുറപ്പെട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.