പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയും പാര്‍ട്ടിയും ശക്തമായി എതിര്‍ക്കുന്ന അഡാനി ഗ്രൂപ്പിനെ അനുകൂലിച്ച് തെലങ്കാനയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി. ഓള്‍ഡ് ഹൈദരാബാദ് നഗരത്തിലെ വൈദ്യുതിനിരക്ക് പിരിക്കാന്‍ അഡാനി ഗ്രൂപ്പിന് അധികാരം നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ജൂണ്‍ 30നാണ് ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. പിരിക്കുന്ന നിരക്കിന്റെ 75 ശതമാനം സര്‍ക്കാരിനും 25 ശതമാനം അഡാനി ഗ്രൂപ്പിനും നല്‍കുമെന്നാണ് കരാര്‍. തെലങ്കാന സര്‍ക്കാര്‍ അഡാനി ഗ്രൂപ്പില്‍ നിന്ന് വൈദ്യുതി വാങ്ങുന്നില്ല. ഓള്‍ഡ് ഹൈദരാബാദ് ഉള്‍പ്പെടെ സംസ്ഥാനത്തിന്റെ ഒരു ഭാഗത്തും വൈദ്യുതി വിതരണം നടത്തുന്നതിന് ഈ കമ്പനിയുമായി കരാറൊപ്പിട്ടിട്ടില്ല. എന്നിട്ടും എന്തിനാണ് വൈദ്യുതിനിരക്ക് പിരിക്കാന്‍ അഡാനിയെ ചുമതലപ്പെടുത്തിയത് എന്ന ചോദ്യം സഹമന്ത്രിമാര്‍ തന്നെ ഉയര്‍ത്തുന്നു. രാജ്യത്തെ മറ്റൊരു സംസ്ഥാനവും ഇങ്ങനെയൊരുത്തരവ് നടപ്പാക്കിയിട്ടില്ല.
രേവന്ത് റെഡ്ഡി ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്. അതുകൊണ്ട് ദുരൂഹത നിലനില്‍ക്കുന്നു. സംസ്ഥാനത്തെ വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കുമോ, അതോ അഡാനിയുമായുള്ള മറ്റെന്തിങ്കിലും ഇടപാടിന് സര്‍ക്കാര്‍ പണം മുടക്കുമോ തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നു. വൈദ്യുതി വിതരണ മേഖല സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള കോണ്‍ഗ്രസിന്റെ നീക്കമാണിതെന്ന് പ്രതിപക്ഷമായ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) ആരോപിച്ചു. വൈദ്യുതി നിരക്ക് പിരിക്കാന്‍ അഡാനി ഗ്രൂപ്പിനെ ചുമതലപ്പെടുത്തിയത് സംബന്ധിച്ച് യാതൊരു ഔദ്യോഗിക അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് തെലങ്കാന ഇലക്ട്രിസിറ്റി ലിമിറ്റഡിന്റെ തെക്കന്‍ മേഖലയിലെ വിതരണ മേല്‍നോട്ടം വഹിക്കുന്ന ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുഷറാഫ് അലി ഫറൂഖിയും സംസ്ഥാന ഊര്‍ജ സെക്രട്ടറി റോണാള്‍ഡ് റോസും വ്യക്തമാക്കി. സര്‍ക്കാര്‍ തന്നെയാണ് നിലവില്‍ വൈദ്യുതിനിരക്ക് പിരിക്കുന്നതെന്നും അറിയിച്ചു.
മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെ മിര്‍ അലാം മേഖലയിലെ ഒരു വീട്ടില്‍ മീറ്റര്‍ പരിശോധനയ്ക്കെത്തിയ ജീവനക്കാരനും വീട്ടുടമയും തമ്മില്‍ തര്‍ക്കമുണ്ടായി. ജീവനക്കാരന്‍ യൂണിഫോമിലായിരുന്നില്ല. അഡാനി ഗ്രൂപ്പ് ജീവനക്കാരും പ്രദേശവാസികളും തമ്മില്‍ പലയിടത്തും തര്‍ക്കമുണ്ടായതായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ചാര്‍മിനാര്‍ മേഖലയിലെ ഡിവിഷണല്‍ എന്‍ജിനിയര്‍ ടി ലിംഗയ്യ ഇതേത്തുടര്‍ന്ന് പത്രക്കുറിപ്പിറക്കി. അഡാനി ഗ്രൂപ്പിലെ ആരും വീടുകളില്‍ മീറ്റര്‍ റീഡിങ്ങിന് എത്തിയിട്ടില്ലെന്നും വെെദ്യുതി ജീവനക്കാരാണ് ചെന്നതെന്നും അതില്‍ പറയുന്നു. വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ തെലങ്കാന യൂണൈറ്റഡ് ഇലക്ട്രിസിറ്റി എംപ്ലോയീസ് യൂണിയന്‍ വെള്ളിയാഴ്ച തെലങ്കാന ഇലക്ട്രിസിറ്റി ലിമിറ്റഡിന്റെ തെക്കന്‍ മേഖല ഓഫിസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
English Summary: Telangana Chief Minister cuts Congress; Power contract with Adani Company
You may also like this video