14 February 2026, Saturday

Related news

February 14, 2026
February 14, 2026
February 10, 2026
February 9, 2026
February 8, 2026
February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 30, 2026

തെലങ്കാന നഗരസഭാ തെരഞ്ഞെടുപ്പ്; ബിആര്‍എസിനും ബിജെപിക്കും കനത്ത തിരിച്ചടി

ആധിപത്യമുറപ്പിച്ച് കോൺഗ്രസ്
Janayugom Webdesk
ഹൈദരാബാദ്
February 14, 2026 8:58 pm

തെലങ്കാന നഗരസഭാ തെരഞ്ഞെടുപ്പിൽ ആധിപത്യമുറപ്പിച്ച് ഭരണകക്ഷിയായ കോൺഗ്രസ്. ആകെയുള്ള 2,995 വാർഡുകളിൽ പകുതിയിലധികം സീറ്റുകൾ കോണ്‍ഗ്രസ് നേടി. മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി ഇതോടെ തന്റെ സ്ഥാനം ഒരിക്കല്‍കൂടി ഉറപ്പിച്ചു. 116 മുന്‍സിപ്പാലിറ്റികളില്‍ 63ല്‍ കോണ്‍ഗ്രസ് അധികാരം ഉറപ്പിച്ചു. ഏഴ് കോര്‍പ്പറേഷനുകളില്‍ അഞ്ചെണ്ണവും കോണ്‍ഗ്രസ് ഭരിക്കും.
ഫലം പ്രഖ്യാപിച്ച 2,995 വാർഡുകളിൽ കോൺഗ്രസ് 1,537 സീറ്റുകള്‍ സ്വന്തമാക്കി. രണ്ടാംസ്ഥാനക്കാരായ ബിആർഎസ് 781 സീറ്റുകളിലാണ് വിജയിച്ചത്. ബിജെപിക്ക് 336 സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. ബിആർഎസും ബിജെപിയും ചേര്‍ന്ന് നേടിയതിനെക്കാൾ 420 സീറ്റുകൾ അധികം നേടാൻ കോൺഗ്രസിന് സാധിച്ചു. എഐഎംഐഎം 70 സീറ്റുകളില്‍ വിജയിച്ചു. സിപിഐ 38 സീറ്റുകളും സിപിഐ(എം) 13 സീറ്റുകളും നേടി. തെലുഗുദേശം പാർട്ടിയും ജനസേനയും ഇത്തവണ അക്കൗണ്ട് തുറന്നില്ല.
മത്സരിച്ച സീറ്റുകളിൽ പകുതിയിലധികവും (51.3%) വിജയമാക്കി മാറ്റാൻ കോൺഗ്രസിന് സാധിച്ചു. ബിആർഎസ് 26.1% ബിജെപി 11.7% സീറ്റുകളിൽ മാത്രമാണ് വിജയിച്ചത്. എന്നാൽ ഹൈദരാബാദിന് പുറത്തുള്ള മേഖലകളിൽ 47.9 % വിജയവുമായി എഐഎംഐഎം മികച്ച പ്രകടനം കാഴ്ചവച്ചു.
2020‑ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപി നില മെച്ചപ്പെടുത്തിയെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആവേശം വോട്ടാക്കി മാറ്റാനായില്ല. 43 മുനിസിപ്പാലിറ്റികളിൽ അക്കൗണ്ട് തുറക്കാൻ പോലും സാധിച്ചില്ല എന്നതും ശ്രദ്ധേയം. കരീംനഗർ, ആദിലാബാദ്, നിസാമാബാദ് നഗരസഭകളില്‍ മാത്രമാണ് ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാല്‍ ഇവിടെയെല്ലാം എഐഎംഐഎമ്മിന്റെയും സ്വതന്ത്രരുടെയും നിലപാടുകള്‍ നിര്‍ണായകമാകും.
നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ ആഘാതത്തില്‍ നിന്നും ബിആര്‍എസിന് കരകയറാന്‍ സാധിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. അതേസമയം അധികാരവും പണക്കൊഴുപ്പും ഉദ്യോഗസ്ഥ സംവിധാനങ്ങളും ഉപയോഗിച്ച് കോൺഗ്രസ് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെങ്കിലും തങ്ങള്‍ മികച്ച പോരാട്ടം കാഴ്ചവച്ചുവെന്ന് ബിആർഎസ് വർക്കിങ് പ്രസിഡന്റ് കെ ടി രാമറാവു അവകാശപ്പെട്ടു. 15 നഗരസഭകളിൽ പാർട്ടി വിജയിച്ചു. പത്തോളം നഗരസഭകളിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.