22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024

സംഭാലില്‍ ദുരൂഹമായി ക്ഷേത്രവും വിഗ്രഹങ്ങളും കണ്ടെത്തി

 വീണ്ടും ബുള്‍ഡോസര്‍ നടപടിയുമായി സര്‍ക്കാര്‍
Janayugom Webdesk
ന്യൂഡല്‍ഹി
December 15, 2024 11:04 pm

മുഗൾ ഭരണകാലത്ത് നിർമ്മിച്ച മുസ്ലിം പള്ളിക്കുമേല്‍ ഹിന്ദുത്വ സംഘടനകളുടെ അവകാശവാദം മുറുകിയിയിരിക്കെ ഉത്തര്‍ പ്രദേശിലെ സംഭാലിൽ ദുരൂഹ സാഹചര്യത്തില്‍ വിഗ്രഹങ്ങള്‍ കണ്ടെത്തി. ഇതുവരെ ഹിന്ദുസംഘടനകള്‍ പറഞ്ഞിരുന്ന ക്ഷേത്രവും വിഗ്രഹങ്ങളും കണ്ടെത്തിയെന്ന് അറിയിച്ചതിന് പിന്നാലെ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ ആദ്യമായി പൂജയും നടത്തി. 

ഷാഹി ജുമാ മസ്ജിദിന് സമീപം 1978 മുതൽ പൂട്ടിക്കിടന്ന ക്ഷേത്രം തുറന്നതായാണ് ജില്ലാ അധികൃതരുടെ വാദം. ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്താനെത്തിയപ്പോഴാണ് പൂട്ടിക്കിടക്കുന്ന ക്ഷേത്രം കണ്ടെത്തിയതെന്ന് അധികൃതർ പറയുന്നു. ഭസ്മശങ്കർ ക്ഷേത്രത്തിൽ ഹനുമാന്റെ വിഗ്രഹവും ശിവലിംഗവുമുണ്ടെന്നും വർഗീയ കലാപത്തെത്തുടർന്ന് 1978 മുതൽ ക്ഷേത്രം പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞതായി സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) വന്ദന മിശ്ര പറയുന്നു. 

ക്ഷേത്രത്തിന് സമീപത്തെ കിണർ ഉപയോ​ഗയോ​ഗ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. പൂർവികരിൽ നിന്ന് ഈ ക്ഷേത്രത്തെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. 1978ലെ കലാപത്തിന് ശേഷം പ്രദേശത്തെ നിരവധി കുടുംബങ്ങൾ മറ്റിടങ്ങളിലേക്ക് താമസം മാറി. ഇതൊരു പുരാതന ക്ഷേത്രമാണെന്നും ഭസ്മശങ്കർ ക്ഷേത്രം എന്നാണ് അറിയപ്പെട്ടിരുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഷാഹി ജുമാ മസ്ജിദിൽ അധികൃതർ സർവേ നടത്തിയതിനെ തുടർന്ന് നവംബർ 24ന് സംഭാലിൽ സംഘര്‍ഷമുണ്ടായിരുന്നു. അക്രമത്തിൽ അഞ്ചുപേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 

അതിനിടെ രാജ്യത്ത് ബുൾഡോസർ രാജ് നടപ്പിലാക്കരുതെന്ന സുപ്രീം കോടതിയുടെ ഉത്തരവ് ലംഘിച്ചുകൊണ്ട് വീണ്ടും ഇടിച്ചുപൊളിക്കല്‍ നടന്നു. അനധികൃത കയ്യേറ്റം ആരോപിച്ച് നിരവധി വീടുകളും കെട്ടിടങ്ങളും സംഭാൽ ജില്ലാ ഭരണകൂടം പൊളിച്ച് നീക്കി. ഇതോടെ സംഭാൽ വീണ്ടും പ്രതിഷേധത്തിന് വേദിയായി. ന്യൂനപക്ഷങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ബിജെപി നടത്തുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. 

കഴിഞ്ഞദിവസം വൈദ്യുതി മോഷണം ആരോപിച്ച് മുസ്ലിം ആരാധനാലയങ്ങളിലടക്കം നടത്തിയ റെയ്ഡിൽ നിരവധി പേർക്കെതിരെ കേസെടുത്തിരുന്നു. റെയ്ഡിനിടെ മുസ്ലിം പള്ളികളിൽ നിന്നും ഇലക്ട്രിക് ഉപകരണങ്ങൾ പിടിച്ചെടുത്തതായും ജില്ലാ ഭരണകൂടം അറിയിച്ചു. ഉച്ചഭാഷിണി നിയമം ലംഘിച്ചെന്ന് ആരോപിച്ച് അനാര്‍ വാലി മസ‍്ജിദിലെ ഇമാമിന് രണ്ട് ലക്ഷം പിഴ ചുമത്തിയ സംഭവവും ഉണ്ടായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.