6 December 2025, Saturday

Related news

December 5, 2025
November 27, 2025
November 23, 2025
November 23, 2025
November 21, 2025
November 21, 2025
October 31, 2025
October 31, 2025
October 29, 2025
October 29, 2025

താല്‍ക്കാലിക ആശ്വാസം; ഗാസയില്‍ മൂന്ന് സ്ഥലങ്ങളില്‍ വെടിനിര്‍ത്തല്‍

Janayugom Webdesk
ഗാസ സിറ്റി
July 27, 2025 10:45 pm

ഇസ്രയേല്‍ ഉപരോധത്തില്‍ പട്ടിണി രൂക്ഷമായ ഗാസയ്ക്ക് താല്‍ക്കാലിക ആശ്വാസം. സഹായ വിതരണം പുനരാംരഭിക്കാന്‍ അന്താരാഷ്ട്ര സമ്മര്‍ദം ശക്തമാകുന്നതിനിടെ ഗാസയിലെ മൂന്ന് സ്ഥലങ്ങളില്‍ ഇസ്രയേല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. അൽ-മവാസി, ദെയ്ർ അൽ-ബലാഹ്, ഗാസ സിറ്റി എന്നിവിടങ്ങളില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സെെനിക നടപടികള്‍ നിര്‍ത്തിവയ്ക്കുമെന്ന് ഇസ്രയേല്‍ സെെന്യം അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെയും അന്താരാഷ്ട്ര സംഘടനകളുടെയും കടുത്ത സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇസ്രയേലിന്റെ ഈ ആശ്വാസ നീക്കം. ജര്‍മ്മനി, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങളും ഇസ്രയേലിനോട് പ്രദേശത്തേക്കുള്ള സഹായ നിയന്ത്രണങ്ങള്‍ ഉടന്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. 

പ്രാദേശിക സമയം രാവിലെ 10 മുതല്‍ രാത്രി എട്ട് വരെയാണ് വെടിനിര്‍ത്തല്‍. മാർച്ചിൽ ഗാസയിൽ ഇസ്രയേൽ വീണ്ടും ആക്രമണം ആരംഭിച്ചതിനുശേഷം കരസേന ആക്രമണം നടത്തിയിട്ടില്ലാത്ത പ്രദേശങ്ങളാണിവ. ഗാസ മുനമ്പിലുടനീളം ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും വിതരണം ചെയ്യുന്നതില്‍ സഹായ ഏജന്‍സികളെ പിന്തുണയ്ക്കുന്നതിനായി നിയുക്ത സുരക്ഷിത പാതകള്‍ നിലനിര്‍ത്തുമെന്നും ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു.
മേഖലയിലെ സാധാരണക്കാർക്ക് നിർണായക സഹായം എത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാഹനവ്യൂഹങ്ങൾ സുരക്ഷിതമായി കടന്നുപോകുന്നത് ഉറപ്പാക്കാൻ മാനുഷിക ഇടനാഴികൾ സ്ഥാപിക്കുമെന്നും സെെന്യം കൂട്ടിച്ചേര്‍ത്തു. അതേസമയം, ഹമാസുമായുള്ള വെടിനിർത്തൽ ചർച്ചകൾക്ക് ബദൽ മാർഗങ്ങൾ തേടുകയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അറിയിച്ചു. ഹമാസിൽ നിന്ന് ഇസ്രയേലിന് പുതിയ വെടിനിർത്തൽ നിര്‍ദേശം ലഭിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍ ചര്‍ച്ചകളിലെ സാധ്യമായ മാറ്റങ്ങളുടെ സൂചനയാണ് നെതന്യാഹുവിന്റെ പ്രസ്താവന. 

രണ്ടരമാസത്തോളമായി ഗാസയിലേക്കുള്ള ഭക്ഷണം, മരുന്ന്, ഇന്ധനം, മറ്റ് സാധനങ്ങൾ എന്നിവയുടെ പ്രവേശനം ഇസ്രയേൽ പൂർണമായും തടഞ്ഞിരിക്കുകയായിരുന്നു. ഇതോടെ ഗാസ വലിയ മാനുഷിക ദുരന്തത്തെ നേരിടുകയാണെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കി. മുന്‍ ആഴ്ചകളിലായി പോഷകാഹാരക്കുറവ് കാരണം നൂറുകണക്കിന് മരണങ്ങളുണ്ടായി. ഇന്ന് പുലര്‍ച്ചെ മുതല്‍ ഗാസയില്‍ ഇസ്രയേല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 15 പലസ്തീനികള്‍ കൊല്ലപ്പെട്ടു. അഞ്ച് പട്ടിണി മരണവും റിപ്പോര്‍ട്ട് ചെയ്തു. സഹായകേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കഴിഞ്ഞദിവസം 42 പേര്‍ മരിച്ചിരുന്നു. ഗാസയിലേക്ക് ഭക്ഷ്യവസ്തുക്കളുമായി പുറപ്പെട്ട ഹന്‍ദല ബോട്ട് ഇസ്രയേല്‍ ഇന്ന് തടഞ്ഞു. ആയുധധാരികളായ നിരവധി സൈനികര്‍ കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്ത് കപ്പലിലെ ആക്ടിവിസ്റ്റുകളെ ബന്ദികളാക്കി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഹന്‍ദലയുമായുള്ള എല്ലാ ആശയവിനിമയങ്ങളും നഷ്ടപ്പെട്ടെന്ന് ഫ്രീഡം ഫ്ലോട്ടില കോയലിഷന്‍ (എഫ്എ‌ഫ‌്സി) അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.