വിവാദമായ ഭൂമി കുംഭകോണ കേസില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ നടപടിയെടുക്കരുതെന്ന് കര്‍ണാടക ഹൈക്കോടതി വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിയെ വിചാരണ ചെയ്യാന്‍ ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെലോട്ട് അനുമതി നല്‍കിയതിന് പിന്നാലെയാണിത്. ഈ മാസം 29ന് വീണ്ടും കേസ് പരിഗണിക്കും. അതുവരെ നടപടിയെടുക്കരുതെന്നാണ് നിര്‍ദേശം. ഗവര്‍ണറുടെ നടപടിക്കെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. നിയമവിരുദ്ധ നടപടിയാണ് ഗവര്‍ണറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് സിദ്ധരാമയ്യ വാദിച്ചു. വിഷയം കേട്ട് ഹര്‍ജികള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ അടുത്ത വാദം കേള്‍ക്കുന്നതുവരെ നടപടി എടുക്കരുതെന്നാണ് ഹൈക്കോടതി പറഞ്ഞിരിക്കുന്നത്.
അതിവേഗം നടപടിയെടുക്കരുതെന്ന് സിദ്ധരാമയ്യയ്ക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഘ്‌വി ആവശ്യപ്പെട്ടു. ഗവര്‍ണറുടെ അനുമതി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണെന്നും അവകാശപ്പെട്ടു. അതേസമയം നാല് പതിറ്റാണ്ട് കാലത്തെ പൊതുപ്രവര്‍ത്തനത്തില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. കോടതിയില്‍ നിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഭാര്യ പാര്‍വതിയുടെ മൈസൂരു നഗരത്തിലെ കണ്ണായ പ്രദേശത്ത് ഉണ്ടായിരുന്ന ഭൂമി അടിസ്ഥാന സൗകര്യവികസനത്തിന് ഏറ്റെടുത്തിരുന്നു. ഇതിന് നഷ്ടപരിഹാരമായി അനുവദിച്ച ഭൂമിയുടെ വില കൂടുതലാണെന്നാണ് ആരോപണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.