
കേരള സര്‍വകലാശാല ചെലവില്‍ ഹൈക്കോടതിയില്‍ കേസ് നടത്താനുള്ള നീക്കവുമായി താല്‍ക്കാലിക വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍.
സര്‍വകലാശാല രജിസ്ട്രാര്‍ ഡോ. കെ എസ് അനില്‍കുമാര്‍ നല്‍കിയ ഹര്‍ജിയില്‍ വിശദീകരണം നല്‍കാനാണ് കോടതി നിര്‍ദേശത്തെ മറികടന്നുള്ള വിസിയുടെ നീക്കം. സര്‍വകലാശാല സ്റ്റാന്റിങ് കൗണ്‍സിലിനെയല്ലാതെ സ്വന്തം നിലയില്‍ അഭിഭാഷകനെ ചുമതലപ്പെടുത്തണം എന്നായിരുന്നു കോടതി നിര്‍ദേശം. എന്നാല്‍, ഇത് പാലിക്കാതെ മറ്റൊരു അഭിഭാഷകയെ ചുമതലപ്പെടുത്തുകയാണെന്ന് വ്യക്തമാക്കി മോഹനന്‍ കുന്നുമ്മല്‍ സര്‍വകലാശാലയില്‍ പ്രത്യേക ഉത്തരവിറക്കി. എതിര്‍കക്ഷിയല്ലാത്ത മിനി ഡിജോ കാപ്പനെയും ഉള്‍പ്പെടുത്തിയാണ് ഉത്തരവിറക്കിയത്.
സര്‍വകലാശാലയില്‍ കയറുന്നതിനും ഔദ്യോഗിക കൃത്യനിര്‍വഹണത്തിനുമുള്ള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍കുമാര്‍ കോടതിയെ സമീപിച്ച കേസില്‍ ഇന്ന് വിസിയുടെ വാദം കേള്‍ക്കാനിരിക്കെയാണ് നീക്കം. ഇത്തരമൊരു പ്രത്യേക ഉത്തരവിറക്കി സര്‍വകലാശാല ഫണ്ടില്‍ നിന്ന് തുക ഈടാക്കാനുള്ള ശ്രമമാണ് വിസി നടത്തുന്നത്. സിന്‍ഡിക്കേറ്റ് ഫിനാന്‍സ് കമ്മിറ്റിയാണ് ഇതിന് തുക നല്‍കേണ്ടത്. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ചുമതല നല്‍കിയിട്ടുള്ള മിനി ഡിജോ കാപ്പന്‍ കേസിലെ കക്ഷിയല്ല. അവരോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിട്ടുമില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.