
വാഹനാപകടങ്ങളിൽ പൊലിയുന്ന ജീവനുകൾ. കോട്ടയത്തു കഴിഞ്ഞ ഒരാഴ്ചക്കിടെ നഷ്ടമായതു പത്തു ജീവനുകുൾ. ആറാം ക്ലാസുകാരി അന്നമോൾ മുതൽ ഇന്നലെ മരണപ്പെട്ട ഇടുക്കി ബൈസൺവാലി സ്വദേശി വരെ കുടുംബത്തിന്റെ ആശ്രയവും പ്രതീക്ഷകളുമാണ് അസ്തമിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പെരുവകടുത്തുരുത്തി റോഡിൽ നിയന്ത്രണംവിട്ട കാർ ഇടിച്ചു കാരിക്കോട് ഐശ്വര്യയിൽ അഡ്വ. എ. ആർ. ശ്രീകുമാറിന്റെ ഭാര്യ ശ്രീലേഖ(55)യ്ക്കു ജീവൻ നഷ്ടമായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരി ശ്രീജയ്ക്കു ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ബാറിനു മുൻവശത്താണ് അപകടം നടന്നത്. വാഹനം ഓടിച്ചിരുന്നയാൾ മദ്യപിച്ചിരുന്നു എന്നാണു പോലീസ് പറഞ്ഞത്. കഴിഞ്ഞ ചൊവ്വാഴ്ചയാണു പാലാ മുണ്ടാങ്കലിൽ ബി.എഡ് വിദ്യാർഥി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു സ്കൂട്ടർ യാത്രക്കാരായ പാലാ സ്വദേശി ജോമോൾ, മകൾ അന്നമോൾ, പാലാ മീനച്ചിൽ അഗ്രോ സൊസൈറ്റിയിൽ കലക്ഷൻ ഏജന്റായ ധന്യ എന്നിവർക്കു ജീവൻ നഷ്ടമായത്. ചങ്ങനാശേരിയിൽ വിവിധ അപകടങ്ങളിലായി മൂന്നോളം പേർക്കു ജീവൻ നഷ്ടമായി. ചങ്ങനാശേരി ബൈപാസിൽ മോർകുളങ്ങരയ്ക്കു സമീപം ടൂറിസ്റ്റ് ബസ് സ്കൂട്ടറിൽ ഇടിച്ചു നിജോ ദേവസ്യ(36), എം. സി. റോഡിൽ എസ്. ബി. കോളജിനു സമീപം ഓട്ടോറിക്ഷയിൽ കാറിടിച്ചു ഓട്ടോ ഡ്രൈവറായ പെരുന്ന മലേക്കുന്നു സ്വദേശി പി. സി. അനിമോൻ, കുറിച്ചി കാലായിപ്പടിയിൽ ബൈക്ക് മറിഞ്ഞു കുറിച്ചിയിൽ വാടകയ്ക്കു താമസിക്കുന്ന ആലപ്പുഴ നീലംപേരൂർ നികത്തിൽ വീട്ടിൽ ജെവിൻ (21) എന്നിവർ മരണപ്പെട്ടു.
ഏറ്റുമാനൂർ പൂഞ്ഞാർ സംസ്ഥാന പാതിയിൽ കുമ്മണ്ണൂർ ജങ്ഷനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചു പട്ടിത്താനം മാളികപ്പറമ്പിൽ അഭിജിത്ത്(24), ഏറ്റുമാനൂർ വെമ്പള്ളിയിൽ പിക്കപ്പ് വാനിൽ ഇടിച്ചു നിയന്ത്രണം നഷക്ടമായ ലോറിയിടിച്ചു കാൽനട യാത്രികനായ പറയരുമുട്ടത്തിൽ റെജി(52), കിടങ്ങൂരിൽ കാറും ലോറിയും കൂട്ടിയിടിച്ചു ബൈസൺവാലി സ്വദേശിയായ ഷാജി സെബാസ്റ്റ്യൻ(58) എന്നിവരാണു മരണപ്പെട്ടത്. അമിത വേഗവും അശ്രദ്ധയും കൊണ്ടാണു പല അപകടങ്ങളും സംഭവിക്കുന്നത്. തന്റേതല്ലാത്ത കാരണത്താലാണു അപകടങ്ങളിൽ ജീവൻ നഷ്ടമാകുന്നതെന്നതാണ് ഏറെ ദുഖകരം. ഓരാഴ്ചക്കിടെ പത്തു മരണം സംഭവിച്ചെങ്കിൽ അപകടത്തിൽ ഗുരുരമായി പരുക്കേറ്റവരുടെ എണ്ണം ഇരട്ടി വരും. പലരുടെയും ജീവൻ നിലനിർത്താനായെങ്കിലും പഴയപടിയാകാൻ വർഷങ്ങൾ വേണ്ടിവരും. തുടർച്ചയായി അപകടങ്ങൾ നടന്നിട്ടും പോലീസിന് ഒരു കുലുക്കവുമില്ല. മുഖ്യമന്ത്രിയോ ഗവർണമാരോ ജില്ലയിലൂടെ കടന്നു പോവുകയാണെങ്കിൽ മാത്രം ട്രാഫിക് ഡ്യൂട്ടിയിൽ ആളെയിടുന്ന അവസ്ഥയുണ്ട്. മുഖ്യമന്ത്രിയാണെങ്കിൽ ഒരോ ജങ്ഷനിൽ നാലു പോലീസുകാർ വീതവും ഗവർണർക്ക് ഒരു പോലീസുകാരന്‍ വീതവുമാണു ഡ്യൂട്ടിക്കു നിയോഗിക്കുക. ഈ സമയം അപകടങ്ങളും കുറവായിരിക്കും. എന്നാൽ, വി. വി. ഐ. പികൾ പോകുന്നതിനു പിന്നാലെ ഉദ്യോഗസ്ഥർ സ്റ്റേഷനിലേക്കു തിരിച്ചു പോകും. ഇതാണു ജില്ലയിൽ സ്ഥിരമായി ആവർത്തിക്കുന്നത്. സ്റ്റേഷനിലെ ജോലി തീർക്കാൻ ആവശ്യത്തിനു അംഗബലം ജില്ലയിലെ പോലീസ് സേനയ്ക്കില്ലെന്നാണു വസ്തുത. എന്നാൽ, വർധിച്ചു വരുന്ന അപകടങ്ങൾ എങ്ങനെ കുറയ്ക്കുമെന്ന ചോദ്യമാണു പൊതുജനം ഉയർത്തുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.