
ഏറ്റവും വലിയ നാഗാ വിമത ഗ്രൂപ്പായ നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്‍ഡും (എന്‍എസ്‌സിഎന്‍-ഐഎം) കേന്ദ്രവും തമ്മിലുള്ള ചട്ടക്കൂട് കരാർ ഓഗസ്റ്റ് മൂന്നിന് 10 വർഷം പൂർത്തിയാക്കി. എന്നാല്‍ പതിറ്റാണ്ടുകളിലായി തുടരുന്ന കലാപത്തിനും അവിശ്വാസത്തിനും പരിഹാരവും ശാശ്വത സമാധാനം സാധ്യമാക്കുന്നതിനുള്ള നാഗാ കരാർ എന്ന നിര്‍ണായക വാഗ്ദാനം ഇന്നും ജലരേഖയാണ്. നീണ്ട രാഷ്ട്രീയ ചർച്ചകളുടെയും നിരവധിവട്ട കൂടിക്കാഴ്ചകളുടെയും ഫലമായിരുന്നു ഇരുവിഭാഗത്തിനും സ്വീകാര്യവും ശാശ്വത സമാധാനത്തിന് വേദിയൊരുക്കുന്നതിനുമുള്ള, 2015 ഓഗസ്റ്റ് മൂന്നിന് ഒപ്പുവച്ച ചട്ടക്കൂട് കരാർ. ചർച്ചകളുടെ അടിസ്ഥാന ആശയം ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിന് കീഴിൽ ഒരു ശാശ്വത പരിഹാരം കണ്ടെത്തുക എന്നതാണ്. എന്‍എസ്‌സിഎ(ഐഎം)നെ സംബന്ധിച്ചിടത്തോളം, നാഗാ ജനതയുടെ വ്യതിരിക്തമായ സ്വത്വത്തിന്റെയും അതുല്യമായ ചരിത്രത്തിന്റെയും സംരക്ഷണവും ഒപ്പം ജനതയെ പ്രാദേശികമായും രാഷ്ട്രീയമായും സംയോജിപ്പിക്കുക എന്ന മോഹവും ചേര്‍ന്നതാണ്.
2002 ജൂലൈയിൽ ആംസ്റ്റർഡാമിൽ സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കെ പത്മനാഭയ്യ എൻഎസ്‌സിഎൻ(ഐഎം) നേതൃത്വവുമായി കൂടീക്കാഴ്ച നടത്തുകയും നാഗാ ജനതയുടെ അതുല്യമായ ചരിത്രം അംഗീകരിക്കുകയും സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു. ചർച്ചകൾ അനുകൂലവും ശാശ്വതവും മാന്യവുമായ പരിഹാരം കണ്ടെത്തുന്നതിനുള്ള ഭാവിയെ ലാക്കാക്കി തുടരണമെന്ന് അന്ന് യോഗത്തിനുശേഷം പുറത്തിറക്കിയ ഒരു സംയുക്ത പ്രസ്താവനയിൽ വിശദീകരിച്ചിരുന്നു. ദീർഘകാലമായി നിലനിൽക്കുന്ന ഇന്തോ-നാഗ പ്രശ്നത്തിന് മാന്യമായ ഒരു പരിഹാരം കണ്ടെത്തുന്നതിനായി സ്വീകരിച്ച ആദ്യത്തെ യാഥാർത്ഥ്യബോധമുള്ള നടപടിയാണിതെന്ന് എൻഎസ് സിഎൻ ജനറൽ സെക്രട്ടറി തുയിംഗലെങ് മുയ്വ വിശേഷിപ്പിച്ചു. അന്ന് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ കീഴിലുള്ള ഇന്ത്യൻ നേതൃത്വത്തെ “ശരിയായ നടപടിക്ക്” മുയ്വ പ്രശംസിക്കുകയും ചെയ്തു. 10 വർഷത്തിലേറെ നീണ്ട ചർച്ചകൾക്ക് ശേഷം, 2015ൽ, മോഡി സർക്കാരിന്റെ ആദ്യ കാലയളവിൽ ഒപ്പുവച്ച ചട്ടക്കൂട് കരാർ നാഗാ ജനതയുടെ പരമാധികാരം അംഗീകരിച്ചതായും അന്തിമ കരാറിൽ പരമാധികാരം നിർവചിക്കപ്പെടുമെന്നും നാഗാ ഗ്രൂപ്പ് അവകാശപ്പെട്ടു.
സർക്കാരും എൻഎസ്‌സിഎൻ(ഐഎം)ഉം തമ്മിൽ ചട്ടക്കൂട് കരാർ ഒപ്പുവച്ചതിനുശേഷവും സർക്കാരും ഏഴ് നാഗാ സംഘടനകളുടെ കൂട്ടായ്മയായ നാഗ നാഷണൽ പൊളിറ്റിക്കൽ ഗ്രൂപ്പുകളും (എൻഎൻപിജി) തമ്മിൽ നിരവധി റൗണ്ട് ചർച്ചകൾ തുടര്‍ന്നു. 2017ല്‍ പരസ്പര സ്വീകാര്യമായ വ്യവസ്ഥകളിലൂന്നിയുള്ള സമ്മതപത്രത്തില്‍ ഒപ്പുവയ്ക്കുകയും ചെയ്തു. ഒരു അന്തിമ കരാറിന്റെ രൂപരേഖകളെക്കുറിച്ച് എൻഎൻപിജിയുമായി ചർച്ച തുടരുകയുമാണ്. എന്നാൽ നാഗാ ജനതയുടെ പോരാട്ടത്തെയും തങ്ങളുടെ അധികാരത്തെയും ദുർബലപ്പെടുത്താനുമുള്ള ശ്രമമായാണ് എൻഎസ് സിഎൻ(ഐഎം) ഇതിനെ കാണുന്നത്. ഇന്ത്യൻ ഭരണഘടനയുടെ ചട്ടക്കൂടിന് പുറത്ത് ചർച്ചകൾ നടത്താനോ നാഗാ ജനതയ്ക്ക് ഒരു പ്രത്യേക പ്രദേശമോ രാഷ്ട്രീയ സ്വത്വമോ വേണമെന്ന് എൻഎൻപിജി ശഠിക്കുന്നില്ല. മറുവശത്ത്, എൻഎസ്‌സിഎൻ(ഐഎം) ഒരു പ്രത്യേക പതാക ആവശ്യപ്പെടുന്നു. മണിപ്പൂർ, അരുണാചൽ പ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലെ നാഗാ ജനവാസ പ്രദേശങ്ങൾ നാഗാലാൻഡുമായി ചേർത്ത് രൂപീകരിക്കേണ്ട ഗ്രേറ്റർ നാഗാലിം എന്ന ആശയം നിലനിര്‍ത്തുകയും ചെയ്യുന്നു. നാഗാ ജനവാസ മേഖലകൾക്ക് കൂടുതൽ സ്വയംഭരണാവകാശം എന്ന ആശയത്തോട് സർക്കാർ അനുകൂല നിലപാട് സ്വീകരിക്കുമ്പോഴും ഇന്ത്യൻ ഭരണഘടനയുടെ പരമാധികാരത്തിന് വിധേയമായി, പ്രത്യേക പതാകയോ ഭരണഘടനയോ അല്ലെങ്കിൽ വിശാല നാഗാലിം എന്ന ആശയമോ പ്രായോഗികമോ ഉചിതമോ അല്ലെന്ന് ഇന്ത്യ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
കലാപങ്ങളില്‍ നിന്ന് സാധാരണ ജനത അകന്നുനില്‍ക്കുന്നതും ശാശ്വത സമാധാനത്തിനായുള്ള ജനതയുടെ മുറവിളിയും കണക്കിലെടുത്ത്, എൻഎസ്‌സിഎൻ(ഐഎം) ഉം കേന്ദ്രസർക്കാരും അതിവേഗം അന്തിമകരാറില്‍ എത്തണമെന്നാണ് നാഗാ ജനത ആഗ്രഹിക്കുന്നത്. “കഴിഞ്ഞ കുറെ വർഷങ്ങളായി നാഗാലാൻഡിൽ കലാപങ്ങളും ബന്ധപ്പെട്ട ആക്രമ സംഭവങ്ങളിലും കുറവുണ്ടായിട്ടുണ്ട്. അക്രമത്തെ നിരസിക്കുകയും സമാധാനത്തിനും വികസനത്തിനും വേണ്ടി കാത്തിരിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ജനങ്ങളുടെ മനസിൽ മാറ്റം പ്രകടമാണ്,” നാഗാ തീവ്രവാദികളുമായുള്ള വെടിനിർത്തലിന് മേൽനോട്ടം വഹിക്കാൻ 2001ൽ രൂപീകരിച്ച നിരീക്ഷണ ഗ്രൂപ്പിന്റെ മുൻ ചെയർമാനായിരുന്ന ഡി കെ പതക് മാധ്യമങ്ങളോട് പറഞ്ഞു. സമാധാന നേട്ടങ്ങൾ തുടരുന്നതിന് വെടിനിർത്തൽ പൂര്‍ണതയില്‍ നടപ്പിലാക്കാന്‍ അവസരമുണ്ടാകണം
എന്നാല്‍ മണിപ്പൂരിലടക്കം വര്‍ധിച്ചുവരുന്ന വംശീയ അക്രമങ്ങള്‍ സുരക്ഷാ ഏജൻസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. മണിപ്പൂരില്‍ നാഗാ ജനതയുടെ വാസസ്ഥലമായ കുന്നിൻപ്രദേശങ്ങളിലെ എൻഎസ്‌സിഎൻ(ഐഎം)ന്റെ പ്രവർത്തനങ്ങൾ പ്രകടമാണ്. മണിപ്പൂരുമായി അതിർത്തിപങ്കിടുന്ന മ്യാൻമറിലെ പ്രശ്നബാധിത പ്രദേശങ്ങളിലും എൻഎസ്‌സിഎൻ(ഐഎം) ഇടപെടല്‍ സജീവമാണ്. അവിടെ അവർ താവളങ്ങൾ സ്ഥാപിക്കുകയും ആയുധങ്ങൾ കടത്തുന്നതും കൊള്ളയടിക്കുന്നതും തുടരുന്നുവെന്ന് ഇന്റലിജൻസ് ഏജൻസികൾ ചൂണ്ടിക്കാട്ടുന്നു.
സമാധാനശ്രമങ്ങളിലെ ആത്മാര്‍ത്ഥത ബോധ്യപ്പെടുത്താന്‍ നാഗാ വിമത ഗ്രൂപ്പുകളുമായി നിലവിലുള്ള വെടിനിർത്തൽ തുടരണം. നാഗാലാൻഡിൽ മാത്രമല്ല, മണിപ്പൂർ, അസം, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലും അതിനപ്പുറവും ശാശ്വത സമാധാനത്തിന് ഉതകുന്ന ചർച്ചകളും ശ്രമങ്ങളും ആരംഭിക്കുന്നതിലായിരിക്കണം ഭരണകൂടത്തിന്റെ ഊന്നല്‍, സുരക്ഷാ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.