
പ്രതിപക്ഷ പ്രതിഷേധത്താല്‍ പ്രക്ഷുബ്ധമായ സമ്മേളനത്തിൽ, ലോക്‌സഭ വികസിത് ഭാരത് ഗ്യാരന്റി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ (ഗ്രാമീൺ) (വിബി ജി ആര്‍എഎംജി) ബിൽ, 2025 പാസാക്കി. സർക്കാർ രാഷ്ട്രപിതാവിനെ അപമാനിക്കുകയും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ (എംജിഎൻആർഇജിഎ) വ്യവസ്ഥകളില്‍ വെള്ളം ചേര്‍ക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പ്രതിപക്ഷ എംപിമാർ ശക്തമായ പ്രതിഷേധത്തിന് തുടക്കമിട്ടു. ഇന്ന് സഭയില്‍ നടന്നത് നാടകീയ രംഗങ്ങള്‍. പ്രതിഷേധിച്ച പ്രതിപക്ഷം ബില്‍ കോപ്പികള്‍ കീറിയെറിഞ്ഞു.ചോദ്യവേളയ്ക്കും സഭയുടെ മേശപ്പുറത്ത് വയ്ക്കാനുള്ള രേഖകളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ക്കും ഒടുവിലാണ് ബില്ലില്‍ മറുപടിക്കായി കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിങ് ചൗഹാനെ സ്പീക്കര്‍ ക്ഷണിച്ചത്. ഇതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി.
തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ ഒഴിവാക്കിയ നടപടിക്കെതിരെയാണ് പ്രതിപക്ഷം പ്രതിരോധം തീര്‍ത്തത്. തങ്ങളുടെ എതിര്‍പ്പ് മറികടന്ന് ബില്ല് പാസാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സമാനതകളില്ലാത്ത പ്രതിഷേധമാണ് പ്രതിപക്ഷം തീര്‍ത്തത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍, ബില്‍ ചര്‍ച്ചകള്‍ക്ക് സഭയിലെ സീറ്റുകളുടെ മുന്‍ നിരയിലേക്ക് എത്തേണ്ടിരുന്ന മന്ത്രി പിന്‍ബഞ്ചില്‍ നിന്നാണ് മറുപടി നല്‍കിയത്. ശബ്ദവോട്ടോടെ ലോക്‌സഭ ബില്‍ പാസാക്കിയ ശേഷം നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണുണ്ടായത്. ഈ വിഷയത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെതിരെ പ്രതിപക്ഷം ജനകീയ പ്രക്ഷോഭങ്ങള്‍ ലക്ഷ്യമിടുന്നു. ബില്ലിനെതിരെ പാര്‍ലമെന്റിന് പുറത്തും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. പദ്ധതി ഇല്ലാതാക്കാനുള്ള ആദ്യ ചുവടാണ് കേന്ദ്രം നടത്തുന്നതെന്നും ഇതിനെതിരെ ജനം രംഗത്തെത്തുമെന്നും പ്രതിപക്ഷ നേതാക്കള്‍ പറഞ്ഞു.
ശൈത്യകാല സമ്മേളനം നാളെ അവസാനിക്കാനിരിക്കെ രാജ്യത്തെ ആണവോര്‍ജ മേഖല അന്താരാഷ്ട്ര കുത്തകകള്‍ക്കും സ്വകാര്യ മേഖലയ്ക്കും തീറെഴുതാന്‍ ലക്ഷ്യമിടുന്ന ശാന്തി ബില്ലിന്റെ ചര്‍ച്ചകളാണ് രാജ്യസഭയില്‍ പുരോഗമിച്ചത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പും ഭേദഗതികളും ശബ്ദവോട്ടിന് തള്ളി രാജ്യസഭ ഈ ബില്ലിനും അനുമതി നല്‍കി. ഇതിനു ശേഷംശക്തമായ എതിര്‍പ്പിനിടയിലും വിബി ജി ആര്‍എഎംജി ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.