മഴക്കാല വെള്ളക്കെട്ടിനും വേലിയേറ്റത്തിനും പരിഹാരവുമായിതൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്. ഗ്രാമപഞ്ചായത്തുകളും വിവിധ ഡിപ്പാർട്ടുമെന്റുകളുമായി ചേർന്ന് നടപ്പാക്കുന്ന ആർക്ക് ‑എഫ് എന്ന പദ്ധതിക്കാണ് ആരംഭം കുറിക്കുന്നത്. അഞ്ചുഘട്ടങ്ങളിലായി പദ്ധതി പൂർത്തീകരിക്കുവാൻ ലക്ഷ്യമിടുന്നത്. ആദ്യഘട്ടം പഞ്ചായത്തുകളിലെ കായലുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടുകൾ ആഴം കൂട്ടി ജല നിർഗമ്മനം സുഗമാക്കും.
രണ്ടാം ഘട്ടം തീരമേഖലയിൽ വെള്ളക്കെട്ടു പ്രശ്നം നേരിടുന്ന മേഖലകൾ കണ്ടെത്തി മേജർ — മൈനർ ഇറിഗേഷൻ വകുപ്പിന്റേയും എം എൽഎയുടെയും സഹായത്തോടെ തീരപ്രദേശത്തെ ഏക്കൽ കോരിയെടുത്ത് നിശ്ചിത ഉയരത്തിൽ തടയിണ തീർത്ത് കായൽ തീരത്തെ വെള്ളകെട്ട് പരിഹരിക്കും. മൂന്നാംഘട്ടം തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോരിവെച്ച തടയിണകൾ ബലപ്പെടുത്തും. നാലാം ഘട്ടത്തിൽ കായൽസൈഡുകൾ കണ്ടൽചെടികൾ വെച്ച് പിടിപ്പിച്ച് ഇക്കോ ടൂറിസം പദ്ധതിക്കായുള്ള ശ്രമം ഏറ്റെടുക്കും. അവസാന ഘട്ടത്തിൽ പദ്ധതി പ്രദേശങ്ങൾ തീരദേശ റോഡുകൾക്കായുള്ള പദ്ധതി ഏറ്റെടുക്കും.
ഇത്തരത്തിൽ വിവിധ മേഖലകൾക്ക് പ്രാധാന്യം നൽകുന്ന പദ്ധതിക്ക് പിന്തുണയായി മുൻമന്ത്രി ഡോ. തോമസ് ഐസക്കും, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനും തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ എത്തി ജനപ്രതിനിധികളുമായി ചർച്ച നടത്തിയിരുന്നു. ആദ്യഘട്ട പദ്ധതിയുടെ ഭാഗമായി പാണാവള്ളി പഞ്ചായത്തുമായി ചേർന്ന് ഒന്നു മുതൽ അഞ്ചു വരെയുള്ള വാർഡുകളിലെ തോടുകൾ ആഴം കൂട്ടും. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എം പ്രമോദിന്റെ നേതൃത്വത്തിൽ പുതിയ പാലം തോടിന്റെ എസ്റ്റിമേറ്റ് എടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ധന്യാസന്തോഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രാജേഷ് വിവേകാനന്ദ, സി പി വിനോദ് കുമാർ, വാർഡ് മെമ്പർ ലക്ഷ്മിഷാജി, ബ്ലോക്ക് ഡെവലമെൻ്റൊഫീസർ പി വി സിസിലി, ഉദ്യോഗസ്ഥരായ ദിനിൽ, വിദ്യ എന്നിവരും ഒപ്പം ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.