ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് കാണാതെ പോയത് ലക്ഷങ്ങള്‍ വിലയുള്ള നിവേദ്യ ഉരുളിയല്ല, മറിച്ച് തളിച്ചട്ടിയാണെന്ന് സ്ഥിരീകരണം. ഇതിന് ആയിരം രൂപയില്‍ താഴെയെ വിലയുള്ളു. സംഭവത്തില്‍ പിടിയിലായ പഞ്ചാബ് സ്വദേശിയായ ഡോക്ടറേയും കുടുംബത്തേയും കസ്റ്റഡിയിലെടുത്തപ്പോഴാണ് ക്ഷേത്രത്തിൽ തളിക്കാനുപയോഗിക്കുന്ന ചെമ്പ് പാത്രം(തളിച്ചട്ടി) അബദ്ധത്തിലാണ് ഇവരുടെ കയ്യിലെത്തിയതെന്ന് മനസിലായത്. ക്ഷേത്രത്തിൽ നിന്ന് നിവേദ്യത്തോടൊപ്പം ലഭിച്ച പാത്രം ഭാഗ്യമായി കണ്ടതിനാലാണ്, തിരികെ നൽകാതിരുന്നതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇതേതുടര്‍ന്ന് ഇവര്‍ക്കെതിരെ മോഷണക്കുറ്റം ഒഴിവാക്കി മനഃപൂർവമല്ലാത്ത സ്വത്തിന്റെ ദുരുപയോഗം എന്ന വകുപ്പ് ചുമത്തി കേസെടുത്തു. ഇവര്‍ക്ക് ജാമ്യവും നല്‍കി. വൻ വിലയുള്ള നിവേദ്യ ഉരുളിയാണ് മോഷണം പോയതെന്നായിരുന്നു ആദ്യദിവസത്തെ റിപ്പോര്‍ട്ട്.
വിജയദശമി ദിനത്തിലാണ് ഓസ്ട്രേലിയൻ പൗരത്വമുള്ള പഞ്ചാബ് സ്വദേശി ഗണേഷ് ഝായും കുടുംബവും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെത്തിയത്. ശ്രീകോവിലിന് മുന്നിലെ ഒറ്റക്കൽ മണ്ഡപത്തിന് താഴെ പൂജാദ്രവ്യങ്ങളുമായി ദർശനത്തിനായി നിൽക്കുമ്പോൾ തിരക്കിൽപ്പെട്ട് ഗണേഷ് നിലത്തുവീണു. സമീപത്തുണ്ടായിരുന്നവർ എഴുന്നേൽപ്പിച്ച ശേഷം ഗണേഷിന്റെ കൈയിലുണ്ടായിരുന്ന പൂജാദ്രവ്യങ്ങള്‍ എടുത്തുനല്‍കി. വിഷ്വക്‌സേന വിഗ്രഹത്തിന് മു ന്നിൽ നിരത്തിവച്ചിരുന്ന പാത്രങ്ങളിലൊരെണ്ണത്തില്‍ കൂടി പൂജാദ്രവ്യങ്ങൾ അവര്‍ നിറച്ചുനൽകിയെന്നാണ് ഗണേഷ് പൊലീസിനോട് പറഞ്ഞത്. അബദ്ധത്തിൽ ലഭിച്ച പാത്രം ഇവർക്ക് ക്ഷേത്രത്തിൽ നിന്ന് പൂജ ചെയ്ത് തിരികെ നൽകി. ശ്രീകോവിൽ പരിസരത്തിന് നിന്ന് മാറി പാത്രത്തിലെ പൂജാസാധനങ്ങൾ മാറ്റുന്നതിനിടെ ഇത് തങ്ങളുടേതല്ലെന്ന് മനസിലാക്കി. എന്നാൽ ക്ഷേ ത്രത്തിൽ നിന്ന് ലഭിച്ച പാത്രം ഭാഗ്യമായി കണ്ട് തിരികെ നൽകാൻ തോന്നിയില്ലെന്നും ഇവര്‍ പൊലീസിനോട് പറഞ്ഞു. അതേസമയം, ക്ഷേത്ര ജീവനക്കാരാണോ പാത്രം എടുത്തു നൽകിയതെന്ന് ഉറപ്പില്ലെന്നും ഗണേഷ് പറഞ്ഞു.
തളിക്കാനുള്ള പാത്രം കാണാതായതോടെ, ക്ഷേത്ര അധികൃതർ സിസിടിവി പരിശോധിച്ചപ്പോഴാണ് ഒരു കുടുംബം പാത്രം കൊണ്ടുപോകുന്നത് കണ്ടെത്തിയത്. തുടർന്ന് വ്യാഴാഴ്ച പൊലീസിൽ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇവർ സ്റ്റാച്യുവിലെ ഹോട്ടലിൽ താമസിച്ചതായി കണ്ടെത്തി. റൂമെടുക്കാൻ നൽകിയ പാസ്പോർട്ടിന്റെ പകർപ്പും ഫോൺ നമ്പരുമടക്കം ലഭിച്ചു. ഫോണിന്റെ ലൊക്കേഷൻ നിരീക്ഷിച്ചപ്പോഴാണ് ഇവർ ഹരിയാനയിലുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് ഹരിയാന പൊലീസിന് വിവരം കൈമാറി. ഗുഡ്ഗാവിൽ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രിയോടെ കേരള പൊലീസ് സംഘം ഹരിയാനയിലെത്തി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.