24 December 2024, Tuesday
KSFE Galaxy Chits Banner 2

‘തങ്കം‘ത്തെ പത്തരമാറ്റ് തങ്കമായി ഏറ്റെടുത്ത് പ്രേക്ഷകർ

Janayugom Webdesk
മഹേഷ് കോട്ടയ്ക്കൽ
January 27, 2023 6:47 pm

ശ്യാം പുഷ്കരന്റെ എഴുത്തിൽ ഇതുവരെ കാണാത്ത ട്വിസ്റ്റുകൾ നിറഞ്ഞ ഒരു സിനിമ, അതാണ് തങ്കം. അഭിനയിക്കുന്ന ഒരോരുത്തരും ഒരോ രംഗങ്ങളിലും ജീവിക്കുന്നതായി തോന്നി പോകും. പ്രകൃതി മഹോരമായ സ്ഥലങ്ങളും, ഏറെ മുഷിപ്പിക്കാതെ അതിതീവ്രമായ ശബ്ദ കോലാഹലങ്ങളില്ലാത്ത ബിജിബാലിന്റെ പശ്ചാത്തല സംഗീതം കൂടിയായപ്പോൾ ഒരോരോ ചോദ്യങ്ങൾക്കുമുള്ള ഉത്തരങ്ങൾ തേടി പ്രേക്ഷകരും നടന്നുകയറി തങ്കത്തിലേക്ക്. ഭാവന സ്റ്റുഡിയോയും ഫഹദ് ഫാസിലും ചേർന്ന് നിർമിച്ച ചിത്രത്തെ പൂർണ്ണമായും ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താം. ചിത്രം കാണുമ്പോൾ സ്വർണ്ണത്തെ കുറിച്ചും മറ്റ് അനുബന്ധ കാര്യങ്ങളെ കുറിച്ചും ചോദ്യം ഉയർന്നേക്കാം പ്രേക്ഷകർക്ക്. മഹേഷിന്റെ പ്രതികാരം, കുമ്പളങ്ങി നൈറ്റ്സ് എന്നീ ചിത്രങ്ങളിൽ കണ്ടു ശീലിച്ച ഒന്നും ഈ ചിത്രത്തിൽ ഇല്ലെന്ന് തന്നെ പറയാം. തൃശൂർ– കോയമ്പത്തൂർ കേന്ദ്രീകരിച്ച് നടക്കുന്ന സ്വർണ്ണ വ്യാപാരം, തൃശൂർ നഗരത്തിലെ സ്വർണ്ണ ഏജന്റും സുഹൃത്തുക്കളുമായ കണ്ണന്റെയും മുത്തുവിന്റെയും കഥയിലൂടെയാണ് ആദ്യപാതിയുടെ ഒഴുക്ക്. പ്രേക്ഷകർ കഥയുടെ ഒഴുക്ക് ഇങ്ങനെയായിരിക്കും എന്ന് കരുതുമ്പോഴേക്കും ആരും ചിന്തിക്കാൻ കഴിയാത്ത വിധത്തിലേക്ക് കഥയുടെ റൂട്ട് മാറും. ആകാംക്ഷയിലാഴ്ത്തി ആദ്യപകുതി അവസാനിക്കുമ്പോൾ ഇനിയെന്തെന്ന ചോദ്യവും പ്രേക്ഷകരില്‍ നിന്ന് ഉയരുന്നു.

തങ്ക വ്യാപാരത്തിനായി തൃശൂരിൽ നിന്നും കോയമ്പത്തൂർ വഴി മുംബൈക്ക് പോകുന്നതോടെയാണ് കഥയുടെ ഗതി തന്നെ മാറി മറിയുന്നത്. 145 മിനിറ്റുകൊണ്ട് പ്രേക്ഷകരെ തൃശൂരിൽ തുടങ്ങി കോയമ്പത്തൂർ മുത്തുപ്പേട്ടൈ വഴി മുംബൈ വരെയുള്ള എത്തിക്കുന്ന കഥ. കഥയുടെ ഒഴുക്ക്, ദൃശ്യഭംഗി, മികച്ച കഥാപാത്രങ്ങൾ എന്നിവ കൃത്യമായി കൂട്ടിയിണക്കിയതിൽ സംവിധായകൻ സഹീദ് അറാഫത്ത് വിജയിച്ചു. സഹീദിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണ് തങ്കം. കുറ്റാന്വേഷണത്തിന്റെ ഫീൽ അതുപൊലെ രംഗങ്ങളിൽ എത്തിക്കുന്നതിൽ വിജയിച്ച ഗിരീഷ് കുൽകർണിയെ പ്രേക്ഷകർ നെഞ്ചോട് ചേർത്ത് വയ്ക്കും. മുത്തുവായി ബിജു മേനോനും, കണ്ണനായി വിനീത് ശ്രീനിവാസനും സ്ക്രീനിൽ നിറഞ്ഞു നിന്നു. മലയാളികളെ ഒരുപാട് ചിരിപ്പിച്ച ഈയിടെ വിട പറഞ്ഞ കൊച്ചുപ്രേമനെ തിരശ്ശീലയിൽ കാണാൻ സാധിച്ചതും തങ്കത്തിന്റെ സവിശേഷതയാണ്. നായികയായെത്തുന്ന അപർണ്ണ ബാലമുരളിക്ക് കൂടതൽ സ്ക്രീൻ സ്പെയ്സ് ഇല്ലെങ്കിലും ക്ലൈമാക്സ് രംഗം മുന്നേറുക നായികയിലൂടെയാണ്. ഒരു പക്ഷെ നമ്മൾക്കിടയിലും ഇത്തരം സംഭവങ്ങൾ നടന്നിട്ടുണ്ടാകാം. ജീവിതം കെട്ടിപടുക്കുന്നതിൽ തങ്കം എന്ന ചിത്രം പറയുന്ന സാഹചര്യങ്ങൾ അനുഭവിച്ചവരുണ്ടാകാം.

പ്രേക്ഷകരെ അകറ്റി നിർത്താതെ ചിത്രത്തിന്റെ ഒഴുക്കിനനുസരിച്ച് ഒരോരുത്തരേയും മുന്നോട്ട് കൊണ്ടുപോകുന്നതിൽ തങ്കം ടീം വിജയിച്ചു എന്നതിൽ തർക്കമില്ല. തീയേറ്ററിൽ നിന്ന് ഇറങ്ങിയാലും തീർത്തും നിഷ്ളങ്കനായ കണ്ണൻ കൂടെയുണ്ടാകും. കണ്ണൻ എന്ന കഥാപാത്രം അത്രമാത്രം പ്രേക്ഷകരിലേക്ക് ആഴ്ന്നിറങ്ങുണ്ട്. ഒപ്പം നർമ്മം ചോരിയുന്ന മറ്റു കഥാപാത്രങ്ങളും ചിത്രത്തിന് കൂടുതൽ ആസ്വാദനമേകും. 

You may also like this video

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.