നരേന്ദ്ര മോഡി സര്‍ക്കാരിനെ വീണ്ടും പ്രശംസിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ശശി തരൂര്‍. കോവിഡ് സമയത്ത് സഹായ ഹസ്തം നീട്ടിയതിലൂടെ ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്ന് ദി വീക്കില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ തരൂര്‍ പറഞ്ഞു.
കോവിഡ് 19 കാലത്ത് വാക്‌സീന്‍ നയം ലോക നേതൃപദവിയിലേക്ക് ഇന്ത്യയെ ഉയര്‍ത്തി. നിര്‍ണായക സമയത്ത് മറ്റ് ലോകരാഷ്ട്രങ്ങള്‍ ചെയ്യാത്ത നിലയില്‍ 100 ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സീന്‍ നല്‍കി. സഹായഹസ്തം നീട്ടിയതിലൂടെ ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ വിശ്വസ്ത സുഹൃത്തായി മാറിയെന്നും ശശി തരൂര്‍ പറയുന്നു. അമേരിക്കന്‍ സന്ദര്‍ശനത്തിലെ മോഡിയുടെ മികവ്, റഷ്യ ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ മോഡി സ്വീകരിച്ച നിലപാട് എന്നിവയെ പുകഴ്ത്തിയതിനു പിന്നാലെയാണ് തരൂര്‍ കേന്ദ്രസര്‍ക്കാരിന്റെ വാക്‌സീന്‍ നയത്തെയും പ്രകീര്‍ത്തിച്ചിരിക്കുന്നത്.
തരൂരിന്റെ നിലപാട് സ്വാഗതം ചെയ്ത് ബിജെപി രംഗത്ത് വന്നു. ഈ അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ശശി തരൂരിനെ കോണ്‍ഗ്രസ് പുറത്താക്കില്ലെന്ന് കരുതാമെന്ന് ബിജെപി വക്താവ് ഷെഹ്‌സാദ് പുനെവാലെ പ്രതികരിച്ചു. ശശി തരൂരിന്റെ കേന്ദ്രസർക്കാർ പ്രശംസയിൽ മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി. തരൂരിനും പല കോൺഗ്രസ് നേതാക്കൾക്കും മനം മാറ്റം ഉണ്ടായെന്ന് രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേര്‍ത്തു.
തരൂരിന്റെ ഇടക്കിടെയുള്ള മോഡി സ്തുതികള്‍ കോണ്‍ഗ്രസിന് വലിയ തലവേദന സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന സർക്കാരിനെ പുകഴ്ത്തിയുള്ള ലേഖനവും കോണ്‍ഗ്രസില്‍ വലിയ വിവാദം സൃഷ്ടിച്ചിരുന്നു. വിവിധ വിഷയങ്ങളില്‍ പാർട്ടിയെ വെട്ടിലാക്കുന്ന ശശി തരൂരിനെതിരെ സംസ്ഥാന നേതൃത്വത്തിന് വലിയ അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. പ്രവർത്തകരുടെ വികാരത്തെ പോലും മാനിക്കാത്ത രീതിയിലാണ് തരൂരിന്റെ പ്രവര്‍ത്തനമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പരാതി.
രാഹുല്‍ ഗാന്ധിയുമായി ശശി തരൂരിനുള്ള ബന്ധം കാലങ്ങളായി മോശം അവസ്ഥയിലാണ്. പാര്‍ട്ടിയില്‍ ഒറ്റയാള്‍ കലാപം ഉയര്‍ത്തിയതിന് പിന്നാലെ അടുത്തിടെ ചർച്ചകൾ നടന്നെങ്കിലും എഐസിസി ശശി തരൂരിന്റെ ആശങ്കകൾ പരിഹരിച്ചിട്ടില്ല. പകരം പോകുന്നുവെങ്കില്‍ പോകട്ടെ എന്ന നിലപാടിലേക്ക് മാറിയിരുന്നു. തരൂർ അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ് എന്നായിരുന്നു വിലയിരുത്തല്‍. ഇതിന് പിന്നാലെ ബിജെപി നേതാക്കളോടൊപ്പമുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തും മറ്റും ബിജെപിയുമായി ബന്ധമുണ്ടെന്ന ധാരണ സജീവമായി നിലനിര്‍ത്താന്‍ തരൂര്‍ ശ്രമിച്ചിരുന്നു. മോഡി സ്തുതിയിലൂടെയും ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹം ശക്തമായി നിലനിര്‍ത്തിയും പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശശി തരൂര്‍ ശ്രമിക്കുന്നതെന്നാണ് രാഷ്ടീയ വിലയിരുത്തല്‍.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.