മതന്യൂനപക്ഷ മേഖലകളില്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശിതരൂരിന് കനത്ത തിരിച്ചടി. കഴിഞ്ഞ തവണ തന്നെ തുണച്ച ക്രൈസ്തവ‑മുസ്ലിം ന്യൂനപക്ഷ മേഖലകളിലെ പര്യടനത്തിനിടെ തരൂര്‍ നേരിടുന്ന പ്രഹരം സ്വയം കൃതാര്‍ത്ഥമാണെന്ന് കോണ്‍ഗ്രസ് നേതൃത്വം തന്നെ വിലയിരുത്തുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉത്സവാന്തരീക്ഷത്തോടെ സ്വീകരിച്ചാനയിച്ച തരൂരിനെ ഇന്നലെ ബാലരാമപുരത്ത് പ്രചാരണ വാഹനത്തില്‍ നിന്നു താഴെയിറക്കാതെ നൂറുകണക്കിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ കൂകിവിളിച്ചും പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കിയും തിരിച്ചോടിച്ചത് കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന വ്യക്തമായ സൂചനയായി.
ന്യൂനപക്ഷ വോട്ടുകള്‍ തട്ടാനുള്ള കുതന്ത്രത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ മത്സരം താനും രാജീവ് ചന്ദ്രശേഖറും തമ്മിലാണെന്ന തരൂരിന്റെ പ്രഖ്യാപനമാണ് ഇപ്പോള്‍ തിരിഞ്ഞു കൊത്തിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതൃത്വം തന്നെ വിലയിരുത്തുന്നു. സംസ്ഥാനത്തൊട്ടാകെ മത്സരം എല്‍ഡിഎഫും യുഡിഎഫും തമ്മിലാണെന്ന് കെപിസിസി ആക്ടിങ് ആധ്യക്ഷന്‍ എം എം ഹസന്‍, പ്രചാരണ സമിതി സംസ്ഥാന അധ്യക്ഷന്‍ രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളെല്ലാം പരസ്യമായി പ്രഖ്യാപിച്ചിട്ടും തരൂരിനു മാത്രം മത്സരം ബിജെപിയുമായാണെന്ന പ്രഖ്യാപനം നേതൃത്വത്തെയാകെ കടുത്ത അതൃപ്തിയിലാക്കി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍ പ്രചാരണരംഗത്ത് ബഹുദൂരം മുന്നേറിയ അങ്കലാപ്പില്‍ തരൂര്‍ പുറത്തെടുത്ത തന്ത്രം വന്‍വിനയായി എന്നാണ് വിലയിരുത്തല്‍.
മോഡിയുടെ ഇസ്രയേല്‍ അനുകൂല നിലപാടിനെ പിന്തുണച്ച ശശിതരൂരിന്റെ കുപ്രസിദ്ധമായ കോഴിക്കോടന്‍ പ്രസംഗം റാലി സംഘടിപ്പിച്ച മുസ്ലിംലീഗിനെയും കോണ്‍ഗ്രസിനെയുമാണ് വെട്ടിലാക്കിയത്. പൊരുതുന്ന പലസ്തീന്‍ ജനതയ്ക്കും ഹമാസിനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംഘടിപ്പിച്ച റാലിയില്‍ ഹമാസിനെ ഭീകരരായി വക്രീകരിച്ച തരൂരിന്റെ ഇസ്രയേലി അനുകൂല പ്രസംഗം ജനം മറന്നിട്ടുണ്ടാകുമെന്ന് കരുതിയ തരൂരിന് തെറ്റിയെന്നാണ് പല പ്രദേശങ്ങളിലെയും രോഷപ്രകടനങ്ങള്‍ വ്യക്തമാക്കുന്നത്.
പടിഞ്ഞാറന്‍ മേഖലയിലെ ക്രൈസ്തവ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കാനാവുന്നത് ശുഷ്കമായ സ്വീകരണങ്ങള്‍. മിക്ക സ്വീകരണ കേന്ദ്രങ്ങളിലും ജനങ്ങള്‍ പ്രതിഷേധിക്കുന്നതും വ്യാപകമായി. വിഴിഞ്ഞം തുറമുഖം മൂലമുണ്ടാകുന്ന തീരശോഷണം, തൊഴില്‍ നഷ്ടം, കുടിയൊഴിപ്പിക്കല്‍ എന്നീ പ്രശ്നങ്ങളില്‍ മത്സ്യത്തൊഴിലാളികളായ ക്രൈസ്തവ സമൂഹം അഡാനിക്കെതിരെ ജീവന്മരണ പോരാട്ടം നടത്തുമ്പോള്‍ അഡാനിയെ അനുകൂലിച്ച് പ്രസ്താവനയിറക്കിയയാളായിരുന്നു തരൂര്‍. വികസനത്തിനുവേണ്ടി മത്സ്യത്തൊഴിലാളികള്‍ പല നഷ്ടങ്ങളും സഹിക്കേണ്ടിവരുമെന്ന തരൂരിന്റെ ഉപദേശം ദരിദ്ര മീന്‍പിടിത്തക്കാരായ തീരദേശങ്ങളിലെ ക്രൈസ്തവ വോട്ടര്‍മാര്‍ മറക്കാതെ മനസില്‍ സൂക്ഷിക്കുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യനും യുഡിഎഫിന്റെ തരൂരും തമ്മിലുള്ള മത്സരത്തെ ബിജെപിയുടെ ആലയില്‍ കൊണ്ടു കെട്ടിയ തരൂരിന്റെ തന്ത്രവൈകല്യവും നിലപാടുകളും മൂലം രണ്ടാം സ്ഥാനത്തിനുവേണ്ടിയുള്ള മത്സരം തരൂരും രാജീവ് ചന്ദ്രശേഖറും തമ്മിലാക്കി മാറ്റിയിരിക്കുന്നുവെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്.
English Summary: Tharoor’s setback in minority areas
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.